ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും കേരളത്തില്‍ നടന്നത് റെക്കോഡ് മദ്യവില്‍പ്പന. ഡിസംബര്‍ 24, 25 തീയതികളില്‍ മലയാളികള്‍ 152.06 കോടി രൂപയുടെ മദ്യമാണ് കുടിച്ചു തീര്‍ത്തത്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും 122.14 കോടി രൂപയുടെ മദ്യവില്പന ആയിരുന്നു നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ മദ്യവില്‍പ്പനയില്‍ 24.50 ശതമാനം (29.92 കോടി രൂപ) വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മദ്യത്തിന്റെ വിലയിലുണ്ടായ വര്‍ധന, ഉപയോക്താക്കളുടെ പണം ചെലവഴിക്കുന്നതിനുളള പ്രവണതയിലുളള വര്‍ധന തുടങ്ങിയവയാണ് മദ്യവില്പന കൂടാനുളള കാരണങ്ങള്‍. ബെവ്കോ ഔട്ട്ലെറ്റുകള് 54.64 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 25 ന് വിറ്റത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിവസം 51.14 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.84 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ക്രിസ്മസ് തലേന്ന് 97.42 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബെവ്കോ ഔട്ട്ലെറ്റുകളില് നിന്ന് 71.40 കോടി രൂപയുടെയും വെയര്‍ഹൗസുകളില്‍ നിന്ന് 26.02 കോടി രൂപയുടെയും മദ്യ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം 71 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. 37.21 ശതമാനം വര്‍ധനവാണ് ക്രിസ്മസ് തലേന്ന് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.