മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. മുമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായും മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വി അബ്ദുറഹിമാൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് നിര്‍ണായക തീരുമാനം മന്ത്രിമാര്‍ അറിയിച്ചത്.ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും മുനമ്പം സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ മുനമ്പത്ത് സമരക്കാര്‍ പ്രതിഷേധിച്ചു. ഉന്നതതല യോഗത്തിൽ എല്ലാവശവും പരിശോധിച്ചുവെന്നും കൈവശാവകാശമുള്ള ആരെയും ഒഴിപ്പിക്കില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.
മുനമ്പത്ത് കൈവശാവകാശമുള്ള ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി പി. രാജീവ്. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയത്. സങ്കീര്‍ണമായ വിഷയമായതിനാല്‍ സര്‍ക്കാരിന് ഒറ്റക്ക് പരിഹാരം കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പി. രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുനമ്പത്തെ പാവങ്ങൾക്ക് സർക്കാർ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും വിഡി സതീശൻ . പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന നിർദ്ദേശവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ . നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി.
മുനമ്പം ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി വിൽപ്പന നടത്താൻ അനുവാദമില്ല. നിയമ വിരുദ്ധമായി ഭൂമി വിൽപ്പന നടത്തിയതിൽ ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ മറുപടി പറയണമെന്നും സംരക്ഷണ സമിതി ഭാരവാഹി അൽത്താഫ് ഇന്ന് കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലക്കാട് 12000 വോട്ടുകൾക്ക് വരെ ജയിക്കാമെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ . യുഡിഎഫിന്റെയും എൻഡിഎയുടെയും അടിത്തറ ഇളകുമെന്നും സരിൻ പറഞ്ഞു. എൽഡിഎഫിന് അമ്പതിനായിരം വോട്ട് വരെ കിട്ടാമെന്നും സരിൻ പ്രതീക്ഷ പങ്കുവെച്ചു. യുഡിഎഫ് മൂന്നാമതാകുമെന്നും സരിൻ പറഞ്ഞു.
വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ പൊലീസിന് കോടചി നല്‍കിയിരുന്ന നിര്‍ദേശം. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു എന്നായിരുന്നു പൊലീസ് അറിയിച്ചത്.
പത്തനംതിട്ടയിലെ അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.അമ്മുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും.
എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോർഡിന് ആണെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ശബരിമലയിലെ റോപ്‍ വേക്ക് തറക്കല്ലിട്ടാൽ 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന്കരാർ കമ്പനി. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ് വേ നിർമ്മാണം തുടങ്ങാനാകും. 14 വർഷം പഴക്കമുള്ള പദ്ധതിയാണ് യാഥാർത്ഥ്യമാകാനായി കാത്തിരിപ്പ് തുടരുന്നത്.
ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 മുതൽ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദർശനത്തിന് വരുന്നില്ലെങ്കിൽ ബുക്കിംഗ് ക്യാൻസൽ ചെയ്യണമെന്നുള്ള നിര്‍ദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നൽകണമെന്നും ഹൈക്കോടതി നിര്‍ദശിച്ചു.
കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അജിത് പവാറുമായുള്ള സഖ്യ നീക്കങ്ങൾ തള്ളാതെ രമേശ് ചെന്നിത്തല. ഫലം വന്നതിന് ശേഷം ആവശ്യമെങ്കിൽ ചർച്ച നടത്തുo. ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവസാന വിലയിരുത്തൽ. ഫലം അറിഞ്ഞശേഷം കോൺഗ്രസ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചു. കിഴക്കൻ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 13 പേരുണ്ടായിരുന്ന മാർത്തോമ എന്ന മത്സ്യബന്ധന ബോട്ടും ഇന്ത്യൻ നാവിക സേനയുടെ സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുമാണ് കൂട്ടിയിടിച്ചത്.തെരച്ചിലിൽ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്തി രക്ഷിക്കാനായി. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവരെ നിരീക്ഷിക്കാനായി എഐ ക്യാമറകൾ സജ്ജീകരിക്കാൻ യുപി സർക്കാർ. കുംഭമേളയ്ക്ക് എത്തിയവരിൽ ആരെയെങ്കിലും കാണാതായാൽ അവരെ കണ്ടെത്തുന്നതിന് എഐ ക്യാമറകളുടെയും ഒപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, എക്സ് എന്നിവയുടെയും സേവനം ഉറപ്പാക്കും.മഹാ കുംഭമേളയിൽ ഇത്തവണ 45 കോടി ആളുകൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ റിസർവ് ഗാർഡും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സുമാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുന്നത് .
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ വക്കീല്‍ നോട്ടീസ്. വോട്ട് ചെയ്യാന്‍ വിനോദ് താവ്‌ഡെ ജനങ്ങള്‍ക്ക് പണം നല്‍കി എന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിലാണ് നോട്ടീസ് . രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കാണ് വിനോദ് താവ്‌ഡെ നോട്ടീസ് അയച്ചിരിക്കുന്നത്.