കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നേരിട്ട് കണ്ടിട്ടുണ്ടാവുമല്ലോ…??? ഇനി അഥവാ കണ്ടിട്ടില്ലെങ്കിൽ തന്നെ ഇന്നത്തെ അറിയാക്കഥകളിലൂടെ ഈ വിമാനത്താവളത്തെ കുറിച്ച് കൂടുതൽ അറിയാം….!!!
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം ആണ് . എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
1999 മേയ് 25ന് ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.
അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവും എന്ന നിലയിലും വിമാനത്താവളം എത്തി.1991-ൽ കൊച്ചി നാവിക താവളത്തിലെ വിമാനത്താവളം നവീകരിക്കാനായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തിൽ, അത്തരം പദ്ധതികളോട് നാവിക സേന അനുകൂലമായി പ്രതികരികാതിരുന്നപ്പോൾ കൊച്ചിയിൽ പുതിയ വിമാനതാവളം എന്ന ആശയം ഉടലെടുത്തു.
അന്നത്തെ എറണാകുളം ജില്ലാ കളക്റ്റർ വി.ജെ. കുര്യൻ സർക്കാരിന് മുൻപിൽ സമർപ്പിച്ച പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അനുകൂലമായി പ്രതികരിച്ചതോടെ പുതിയ എയർപോർട്ടിന് തുടക്കമായി. 1993-ൽ ഒരു സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനം തുടങ്ങി. ആദ്യം ചേർത്തലക്ക് സമീപം ആയിരുന്നു സ്ഥലം കണ്ടെത്തിയത്. പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും സ്ഥലമെടുപ്പിൽ കാലത്താമാസം വന്നതോടെ ആലുവക്ക് അടുത്ത് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു.
1994 മാർച്ച് 30-ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്” എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്ത് അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.സർക്കാർ 1,300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്തു.
സ്ഥലം ഇല്ലാത്തവർക്ക് ആറ് സെന്റ് വീതം സ്ഥലവും നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കായി കുറെ ജോലികളും എയർപോർട്ട് ടാക്സി പെർമിറ്റും നൽകയും ചെയ്തു.2015-ൽ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളമായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് വലിയ അന്താരാഷ്ട്ര അംഗീകാരം നേടി. 2017-ൽ, സോളാർ കാർപോർട്ട്, റൂഫ്‌ടോപ്പ് സോളാർ പാനലുകളുള്ള പാർക്കിംഗ് ബേ നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം കൂടിയാണിത്.
എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ 2016-ൽ ഈ വിമാനത്താവളത്തെ “ഇന്ത്യയിലെ ഏറ്റവും മികച്ച നോൺ-മെട്രോ എയർപോർട്ട്” ആയി തിരഞ്ഞെടുത്തു. ഊർജ സംരക്ഷണം, ഉൽപ്പാദനക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി വിമാനത്താവളം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2018 ജൂലൈയിൽ, ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ പരമോന്നത പാരിസ്ഥിതിക ബഹുമതിയായ ചാമ്പ്യൻ ഓഫ് ദ എർത്ത് അവാർഡിനായി വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു . കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എല്ലാംകൊണ്ടും മുൻപന്തിയിൽ തന്നെയാണ്. യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ ഇങ്ങോട്ടേക്ക് എത്തിച്ചേരാനും കഴിയും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ കുറിച്ച് ഒരു ധാരണ ആയല്ലോ. അറിയാക്കഥകളുടെ അടുത്ത ഭാഗത്തിലൂടെ പുതിയൊരു അദ്ധ്യായവുമായി എത്താം.