കോടതി വ്യവഹാരങ്ങളുടെ അകത്തളങ്ങളിലേക്ക് വായനാലോകത്തെ പരിചയപ്പെടുത്തുന്ന അപൂര്‍വ കൃതിയാണ് തീക്കടിഞ്ഞാണ്‍. സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് വിശുദ്ധഗ്രന്ഥങ്ങളെ സാക്ഷിയാക്കി സാക്ഷികള്‍ പറയുമ്പോഴും നുണകള്‍ മാത്രം പറയാന്‍ പഠിപ്പിക്കുന്ന കലഹോപജീവികള്‍ പാര്‍ക്കുമിടമാണത്. അവിടെയാണ് സുഖ്ദേവ് എന്ന വക്കീല്‍ തന്റെ സത്യസന്ധതകൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും കരുക്കള്‍ നീക്കി വിജയപീഠം കയറുന്നത് ഉള്ളിലെ ചിരി കെടുത്താന്‍ ദൈവം എപ്പോഴും മുകളിലുണ്ടെന്ന വാക്യം ഈ നോവലിന്റെ അന്തസ്സത്തയാണ്. തോല്‍ക്കാതെ പോരാടാനുള്ള ഇച്ഛാശക്തിയാണ് കോടതിമുറികളിലെ വ്യാഖ്യാന-അതിവ്യാഖ്യാനങ്ങളില്‍ നിന്ന് ലഭ്യമാകന്നത്. അമ്മയുടെ തണലും അച്ഛന്റെ ജീവിതപാതകളും സുഖ്ദേവിന് കൂട്ടുണ്ട്. സ്വാതന്ത്ര്യസമരചരിത്രവും ഗാന്ധിയന്‍ ചിന്തകളും ആദര്‍ശാത്മകജീവിതത്തിന്റെ നെടുംതൂണുകളാകുന്ന ബൃഹദാഖ്യാനം. ഒരു വക്കീല്‍ജീവിതത്തിന്റെ ആത്മാന്വേഷണമായ നോവല്‍. ‘തീക്കടിഞ്ഞാണ്‍’. ഹംസക്കുട്ടി. ഗ്രീന്‍ ബുക്‌സ്. വില 425 രൂപ.