എ.ഡി.എം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അരമണിക്കൂറോളം സമയം ഗവര്‍ണര്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ ചിലവഴിച്ചു.
എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നതിന് കൂടുതൽ തെളിവുകള്‍ പുറത്ത്. പരാതി വ്യാജമാണെന്നത് ശരിവെക്കുന്ന തെളിവ് ആണ്പുറത്തുവന്നത്. പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്നാണ് കണ്ടെത്തൽ.നേരത്തെ പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്‍റെ ഒപ്പ് വ്യത്യസ്തമാണെന്ന വാര്‍ത്തയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിയിൽ പ്രതിഷേധിച്ച് ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്. പ്രതീകാത്മകമായി പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന്‍റെ പോസ്റ്റര്‍ ഇറക്കിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരിൽ പ്രതിഷേധിച്ചത്.പിപി ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റര്‍ സ്ഥാപിച്ചു.
എഡിഎമ്മിനെതിരെ കൊടുത്ത പരാതി വ്യാജമെന്ന് തെളിയിരുന്ന വാർത്തയിൽ പ്രതികരിച്ച് മന്ത്രി കെ.രാജൻ. സമഗ്രമായ അന്വേഷണം പല തലത്തിൽ നടക്കുന്നുണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും പറഞ്ഞ മന്ത്രി, റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കുമെന്നും പറഞ്ഞു. നവീൻ കാശ് വാങ്ങില്ലെന്ന് ആവർത്തിച്ച ബന്ധുവും സിഐടിയു നേതാവുമായ മലയാലപ്പുഴ മോഹനൻ, നവീൻ്റെ പേര് പറഞ്ഞ് മറ്റാരെങ്കിലും പണം വാങ്ങിയോ എന്ന് അന്വേഷിക്കണമെന്ന് പറഞ്ഞു.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തെ മരം പോലെത്തെ മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റി നീക്കിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ കെ.സുധാകരന്‍. യു.ഡി.എഫ് പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എ.ഡി.എമ്മിന്റേത് മരണമല്ല, കൊലപാതകമാണ് എന്നും അദ്ദേഹം വിമർശിച്ചു.
വയനാട്ടുകാര്‍ക്ക് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ഥി പ്രിയങ്കയാണെന്ന് രാഹുല്‍ ഗാന്ധി. തന്റെ സഹോദരിയേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥിയെ വയനാട്ടിലേക്ക് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രിയങ്കാഗാന്ധി വയനാട്ടില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് രാഹുലിന്റെ എക്‌സ് പോസ്റ്റ്.
പാലക്കാട് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ല. വോട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടോ എന്ന് എല്‍ഡിഎഫാണ് പറയേണ്ടത്. പാലക്കട്ടെ ഒരു വിമത ശല്യവും കോൺഗ്രസ് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിവി അൻവര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പരിഹാസത്തിന് മറുപടിയുമായി പിവി അൻവര്‍. എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കേണ്ടതുണ്ടെന്ന് പിവി അൻവര്‍ തൃശൂര്‍ നടന്ന പരിപാടിക്കിടെ പറഞ്ഞു. കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും പിവി അൻവര്‍ പറഞ്ഞു.
സര്‍ക്കാര്‍ ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് രമേശ് ചെന്നിത്തല . ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിൽ ഇടിമിന്നലേറ്റാണ് വൈദ്യുതി ബന്ധം നിലച്ചതെന്നും സംഭവം നടന്ന് 45 മിനുട്ടിനുള്ളിൽ പ്രശ്നം പരിഹരിച്ചിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. വെര്‍ച്വല്‍ ക്യൂ വഴിയും അതില്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോട്ട് ബുക്കിംഗ് പരാതിയും ഇപ്പോള്‍ പരിഹരിച്ചുവെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
പള്ളിത്തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നല്‍കി. യാക്കോബായ ഓർത്തഡോക്സ് പള്ളി തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയാണ് അപ്പീൽ. ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലിൽ വ്യക്തമാക്കി.
സർക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ തൃശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ്.ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തിൽ, ആറ് പള്ളികൾ ഏറ്റെടുക്കുന്നതിൽ സാവകാശം തേടി സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ പോയതാണ് പ്രകോപനമായത്.ക്രമസമാധാന പ്രശ്നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4 മുതൽ 11 വരെ നടക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.എറണാകുളം ജില്ലയിലെ 17 വേദികളിലായിട്ടാണ് സ്കൂൾ കായികമേള നടക്കുന്നത്.24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഈ മാസം 30ന് വിധി പറയും. തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ പുരോഗതിയിൽ കോടതി തൃപ്തി രേഖപ്പെടുത്തി. അതേസമയം, യദുവിന്‍റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയെന്ന് പ്രോസിക്യൂഷൻ വിമര്‍ശിച്ചു.
മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി ഉള്‍പ്പെട്ട പ്ലസ് ടു കോഴക്കേസിലെ മൊഴികളും, മാറ്റി പറഞ്ഞ മൊഴികളും തങ്ങള്‍ക്ക് കാണണം എന്ന് സുപ്രീം കോടതി. കേസില്‍ ഇത് വരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ മൊഴികളും ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നവംബര്‍ 26-ന് മുമ്പ് മൊഴികള്‍ ഹാജരാക്കാന്‍ ആണ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
തിരുവനന്തപുരം ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്‍റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്‍റീൻ അടപ്പിച്ചു.
കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജ് ഓഫീസിൽ 2015 കാലയളവിൽ വില്ലേജ് ഓഫീസറായിരുന്ന സജിത്ത് എസ് നായരെയാണ് കൈക്കൂലി കേസിൽ നാല് വർഷം തടവിന് ശിക്ഷിച്ചത്. 20000 രൂപ പിഴയും തിരുവനന്തപുരം വിജിലൻസ് കോടതി ചുമത്തിയിട്ടുണ്ട്.
ദേശീയ ജല അവാർഡ് പുരസ്കാരം തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, സെക്രട്ടറി പി. സുനിൽ എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും സ്വീകരിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരമാണ് സ്വീകരിച്ചത്. നീരുറവ്, മികവ്, സജലം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിലെ വിവിധ ജലസ്രോതസുകൾ പുനരുജ്ജീവിപ്പിച്ചതാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്.
തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും വിജകരമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി.ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രോഗിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് നടത്തിയ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് പുതിയ മുഖം. കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാക്കി. ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ടെലിംകോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. ഏഴ് പുതിയ സേവനങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ , ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 22 – 23 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. സ്ത്രീകളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല അവർക്ക് വീടുവിട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു ഭർത്താവ് മരിച്ചാൽ അവരും മരിക്കേണ്ടി വന്നു. ഇതിനെതിരെയാണ് പെരിയാർ സംസാരിച്ചത്. പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞതാണ് താനും ആവർത്തിച്ചതെന്ന് ഉദയനിധി പറഞ്ഞു. മാപ്പ് പറയില്ല, എല്ലാ കേസുകളും നേരിടുമെന്നും ഉദയനിധി വ്യക്തമാക്കി.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ ഒരുവിഭാഗം നിര്‍വാഹക സമിതി അംഗങ്ങള്‍. റിലയന്‍സിന് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണമെന്ന് വെള്ളിയാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെടും. സമിതി അംഗങ്ങളെ കേള്‍ക്കാതെ ഉഷ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന പരാതി.
മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം. പത്തിലധിരം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഖമറിയയിലെ സെൻട്രൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡ്നൻസ് ഫാക്ടറിയിൽ ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ഛത്തീസ്ഗഢിലെ ആറ് ജില്ലകളിലെ കുഴൽക്കിണർ ജലത്തിൽ യുറേനിയത്തിന്റെ അളവ് വളരെക്കൂടുതലെന്ന് വിദഗ്ധ സംഘത്തിന്‍റെ പഠനം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ലിറ്ററിൽ 15 മൈക്രോഗ്രാം പരിധിയുടെ മൂന്നോ നാലോ ഇരട്ടിയാണ് ഛത്തീസ്ഗഢിലെ കിണറുകളിൽ കണ്ടെത്തിയത്.കുടിവെള്ളത്തിൽ യുറേനിയത്തിന്റെ അളവ് വർധിക്കുന്നത് കാൻസർ, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങൾക്ക് കാരണമാകുമെന്നും പറയുന്നു.
വഖഫ് ബില്ലിലെ സംയുക്ത പാർലമെന്ററി യോഗത്തിൽ ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിക്ക് പരിക്കേറ്റു. ചർച്ചയ്ക്കിടെ കല്യാൺ ബാനർജി ചില്ലുകുപ്പി എടുത്ത് മേശയിൽ എറിഞ്ഞുടച്ചു . ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെ ബാനർജിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ എന്നും കോടതി ആരാഞ്ഞു.ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി, പുതിനെ അറിയിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുതിന്‍ പറഞ്ഞു.
ഇന്ത്യയുമായി കൈകോര്‍ത്ത് പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള അത്യാധുനിക എ.ഐ. ചിപ്പുകള്‍ രാജ്യത്തിനായി വികസിപ്പിക്കാന്‍ അമേരിക്കന്‍ ടെക് ഭീമനായ എന്‍വിഡിയ. ഈ വര്‍ഷം ആദ്യം എന്‍വിഡിയ സി.ഇ.ഒ. ജെന്‍സെന്‍ ഹുവാങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
മുസ്ലീം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. തന്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
കാലാവസ്ഥാ വ്യതിയാനംമൂലം യമുനാ നദിയില്‍ വെളുത്ത നിറത്തില്‍ ഉയര്‍ന്ന വിഷപ്പതയെ നേരിടാന്‍ സര്‍ക്കാരിന്റെ കഠിന ശ്രമം. ഇത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിനെതിരെ കെമിക്കല്‍ സ്‌പ്രേ അടിക്കുകയാണ് ജലവിഭവ വകുപ്പ് അധികൃതര്‍.