പി സരിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സി പി എം നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി  കെ സുധാകരൻ. പി സരിനെ സ്ഥാനാര്‍ഥിയാക്കുന്ന സി പി എമ്മിനോട് ലജ്ജ തോന്നുന്നു. ഇന്നലെവരെ സി പി എമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്‍റേത്. ആ നാവെടുത്ത് വായിൽ വയ്ക്കാൻ സി പി എമ്മിന് സാധിക്കുമെങ്കിൽ സി പി എമ്മിന് എന്ത് വൃത്തികേടും കാണിക്കാൻ സാധിക്കും എന്നാണ് അര്‍ഥമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് 2019 ൽ കിട്ടിയ വോട്ടിനേക്കാളും കൂടുതൽ വോട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും  അത് അഞ്ച് ലക്ഷം വരെയാകാമെന്നും കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള രാജ്മോഹൻ ഉണ്ണിത്താൻ എംപി. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

നോമിനേഷന്‍ കൊടുക്കേണ്ട ദിവസം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പ്രിയങ്കാ ഗാന്ധിക്ക് പ്രചാരണം നടത്തേണ്ടതായുണ്ട്. എങ്കിലും പരമാവധി സമയം വയനാട്ടില്‍ ചിലവഴിക്കും എന്നും അദ്ദേഹം പറഞ്ഞു.

 

വയനാട്ടിൽ പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്ന്  എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മോകേരി .    ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും സത്യൻ മോകേരി പറഞ്ഞു .  വയനാട്ടിൽ മുൻപ് മത്സരിച്ചുളള അനുഭവങ്ങൾ ശക്തമാണ്. ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചതായാണ് വിവരം.

പാർട്ടിക്കകത്ത് കോലാഹലം ഉണ്ടായിട്ടില്ലെന്നും പ്രസ്ഥാനങ്ങൾ തമ്മിലാണ്, വ്യക്തികൾ തമ്മിൽ അല്ല മത്സരമെന്നും രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നു ഒരു വാർത്താ സമ്മേളനവും കണ്ടിട്ടില്ല. ഞാൻ എനിക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ വലിയ അല്പത്തം വേറെ ഇല്ല. പാർട്ടി എല്ലാത്തിനും മറുപടി നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

 

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട പി.സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍ എംപി. വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി.

 

പുതുപ്പളളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറിൽ പ്രാർത്ഥ നടത്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മുതിർന്ന കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, തുടങ്ങി പ്രവർത്തകരുടെ വൻ നിരതന്നെ പുതുപ്പളളിയിൽ രാഹുലിനെ സ്വീകരിച്ചു. കൂടാതെ താൻ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തുന്നതിനെ ചാണ്ടി ഉമ്മൻ എതിർത്തെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നും  ഇരുവരെയും അത് വേദനിപ്പിച്ചെന്നും രാഹുൽ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പ് . തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ റോഡ് ഷോയും നടന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പം എംപി ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ടായിരുന്നു. പി. സരിൻ ഉയർത്തിയ ആരോപണങ്ങളിൽ നിന്നുണ്ടായ ക്ഷീണം മറികടക്കാൻ വലിയ തോതിൽ പ്രവർത്തകരെ കോൺഗ്രസ്  രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തിച്ചു.

ഡോ. പി സരിനെതിരെ കോൺഗ്രസ് നേതാവ് കെഎസ് ശബീനാഥൻ. ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന ശബരീനാഥൻ വിമർശിച്ചു

 

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. നാലു മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ കളക്ട്രേറ്റിൽ ഉണ്ടായിരുന്നു.

 

വിജിലൻസിന്  എഡിഎം നവീൻ ബാബുവിനെതിരെ  പരാതി ലഭിച്ചത് അദ്ദേഹത്തിന്റെ മരണശേഷമെന്ന് റിപ്പോർട്ട്. വിവി പ്രശാന്തൻ നൽകിയ പരാതിയിൽ  അന്വേഷണത്തിന്  വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ടിവി പ്രശാന്തനെതിരെയും വിജിലൻസ് അന്വേഷണം ഉണ്ടാകും.അതേസമയം പെട്രോൾ പമ്പിൻ്റെ അനുമതിയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി.

സിപിഐ അഭിഭാഷക സംഘടനാ നേതാവ് എസ്എസ് ബാലു പിവി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ പത്ര സമ്മേളനത്തിലാണ് അൻവർ സിപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീംലീഗിന് വില്‍പ്പന നടത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം.അൻവർ ആരോപണം തിരുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.

 

എഡിഎമ്മിൻ്റെ മരണത്തിൽ സിപിഎം വേട്ടപ്പട്ടിക്കൊപ്പമെന്ന് കെ മുരളീധരൻ. എഡിഎം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കൊപ്പമാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എന്നാൽ പത്തനംതിട്ടയിൽ സിപിഎം എഡിഎം നവീൻ്റെ കുടുംബത്തിനൊപ്പമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം. ദിവ്യയെ ഒരു നിമിഷം പോലും വൈകാതെ രാജിവെപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

എഡിഎം നവീൻ ബാബുവിന്റെ വിയോഗം നാട്ടുകാരുടെ നഷ്ടമെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ പി.ബി നൂഹ്. വെളളപ്പൊക്കത്തിന്റെയും കൊവിഡിന്റെയും കാലത്തും ശബരിമല മണ്ഡല വിളക്ക് കാലത്തും നവീൻ ബാബുവിനൊപ്പം ജോലി ചെയ്തിരുന്നു.ജോലികൾ 100 ശതമാനം വിശ്വസിച്ച് ഏൽപ്പിക്കാവുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ഒരു പണിയേൽപ്പിച്ചാൽ പണി ചെയ്ത് തീർത്തിട്ടാണ് വരിക. അതിലൊരു ചോദ്യവും പറച്ചിലുമില്ല. പരാതികളും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും പി.ബി നൂഹ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് എഡിഎം നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു. പിപി ദിവ്യക്കെതിരെ നടപടി വേണമെന്നും പ്രവീൺ ബാബു പറഞ്ഞു. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനുമെതിരെ നവീന്‍റെ കുടുംബം പരാതി നല്‍കിയിരുന്നു. ആ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് കുടുംബം അറിയിക്കുന്നത്.

എ ഡി എം നവീൻ ബാബുവിന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ചും അദ്ദേഹം നേരിട്ട ക്രൂരമായ മാനസിക പീഠനത്തെക്കുറിച്ച് പരാമർശിച്ചും മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരൻ . ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാകാതെയാണ് നവീൻ ബാബു ഈ ലോകത്തോട് വിടപറഞ്ഞതെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.

 

തൃശൂർ പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിൻ്റെ കീഴിലാണ് പ്രത്യേക സംഘം. ലോക്കൽ പൊലീസിലെയും സൈബർ ഡിവിഷനിലും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.

 

കുട്ടികളുടെ മുന്നിൽ വെച്ച് നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികൾ പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമായ പ്രവൃത്തികളാണിതെന്ന് കോടതി വ്യക്തമാക്കി. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.

 

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന ചികിത്സാരീതി വിജയം.കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട കൊല്ലം ചാരുംമൂട് സ്വദേശിയായ 54 വയസുള്ള നിര്‍ധന രോഗിയ്ക്കാണ് സൗജന്യമായി അത്യാധുനിക ചികിത്സ ലഭ്യമാക്കിയത്. സങ്കീര്‍ണമായ സര്‍ജറി ഒഴിവാക്കി നൂതന ചികിത്സാ മാര്‍ഗമായ ഓര്‍ബിറ്റല്‍ അതരക്ടമി ചികിത്സയിലൂടെയാണ് സുഖപ്പെടുത്തിയത്. മികച്ച ചികിത്സ നല്‍കിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

 

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള സ്വദേശി നിഷ്മിത ഷെട്ടിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

 

വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി.  നോട്ടീസ് ലഭിച്ച സ്ഥാപന ഉടമകള്‍ ഒരാഴ്ച്ചക്കുള്ളില്‍ മതിയായ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലെത്തണം എന്നും നിർദ്ദേശമുണ്ട്.

ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ആറ് പള്ളികൾ കളക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹർജികൾ തള്ളി. സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ശരിവെച്ച് കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജികൾ തള്ളിയത്. യാക്കോബായ വിഭാഗവും സർക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

 

ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന പരാതി. പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ യുവതിയാണ് പരാതിക്കാരി. പാർട്ടി ഓഫീസിൽ വച്ച് കയറിപ്പിടിച്ചുവെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

എട്ടാം ക്ലാസിൽ ഈ വർഷവും അടുത്ത വർഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വർഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ശിക്ഷക് സദന്റെ നവീകരണം പൂർത്തീകരണത്തിന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തീരദേശ ആന്ധ്രയ്ക്കും വടക്കൻ തീരദേശ തമിഴ്നാടിനും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തീരപ്രദേശങ്ങളിൽ നില നിൽക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികളടക്കം തീരദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

 

ബിഹാറിൽ വ്യാജമദ്യം കഴിച്ച് 20 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സിവാൻ, സരൻ ജില്ലകളിലുള്ളവരാണ് മരിച്ചത്. പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. എട്ട് മദ്യ വിൽപ്പനക്കാർക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം പിടിച്ചെടുത്തു.

റെയിൽവേ മുൻകൂട്ടി ടിക്കറ്റെടുക്കാനുള്ള നിയമത്തിൽ മാറ്റം വരുത്തി . ഇനി 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ . ദീർഘ ദൂര ട്രെയിനുകളിൽ യാത്രയ്ക്ക്  120 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിച്ചിരുന്ന നിയമമാണ് മാറ്റുന്നത്. നവംബർ ഒന്നിന് പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ്, പ്രിൻസിപ്പൽ ചീഫ് കോമേഴ്സ്യൽ മാനേജർമാർക്ക് കത്തയച്ചു.

 

ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്.

 

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ, പ്രമുഖ ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നായബിന്റെ സത്യപ്രതിജ്ഞ. പാഞ്ച്കുളയിലെ വാത്മീകി ക്ഷേത്രത്തില്‍ പൂജ നടത്തിയതിനുശേഷമാണ് നായബ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

 

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പന്‍വേലിലെ ഫാംഹൗസില്‍ വെച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ കരാറെന്ന് നവി മുംബൈ പോലീസ്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ള അഞ്ച് പേര്‍ക്കെതിരെയുള്ള ചാര്‍ജ് ഷീറ്റിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാര്‍ എടുത്തതെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *