തന്റെ കത്തിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം വ്യക്തമാകുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. .മാധ്യമങ്ങളുടെ മുമ്പിൽ മുഖ്യമന്ത്രിയുടെ കത്ത് പരസ്യമായി വായിച്ചായിരുന്നു ഗവർണറുടെ വിമർശനം.മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരാൻ കൂട്ടാക്കുന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ വരാൻ അനുവദിക്കുന്നുമില്ല. കാരണം അദ്ദേഹത്തിന് എന്തോ ഒളിക്കാനുണ്ട്.ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്നത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണറെ ഉപയോഗിച്ച് കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദൻ. പ്രധാനമന്ത്രി കേരളം സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നൽകിയില്ല. കേരളം കേന്ദ്രത്തെ പൂർണമായും അവഗണിക്കുകയാണെന്നും കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ കാഴ്ചപ്പാടുകളോ കീഴ്വഴക്കങ്ങളോ അറിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്. .ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ പ്രസിഡന്റിന് അയച്ച് സംശയനിവാരണം നടത്തുകയാണ് ചെയ്യേണ്ടതെന്നും ടി.പി വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പി.ആര്.ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടായെന്ന പത്രത്തിന്റെ വാദം അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. എന്നാല്‍ മുഖ്യമന്ത്രിയുടെ പേരില്‍ തെറ്റായ പരാമര്‍ശം ചേര്‍ത്തതില്‍ ഖേദം പ്രകടിപ്പിച്ച ഹിന്ദുവിന്റെ നടപടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് ബാബുവിനും വി എസ് സുനിൽ കുമാറിനുമെതിരെ വിമർശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയിൽ പല സെക്രട്ടറിമാര്‍ വേണ്ടെന്ന് ഓർമ്മിപ്പിച്ചാണ് വിമര്‍ശനം. പാർട്ടിയിൽ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കിൽ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കിൽ അയാൾ മതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ശബരിമലയിലെ മുഴുവന്‍ അശാസ്ത്രീയ പരിഷ്കാരങ്ങളും പിന്‍വലിക്കണമെന്നും ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു നിയോഗിക്കേണ്ടതിന്റെ ആവശ്യകതയെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്‍ഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം. ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍ ഇല്ലാതായത് ഓര്‍ക്കുന്നില്ലേ എന്ന് രീതിയിലാണ് ഡി വൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.സംഘര്‍ഷത്തിൽ ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.
നിയമസഭയിൽ മാത്യു കുഴൽനാടൻ എം എൽ എ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡി വൈ എഫ് ഐ.കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്നും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നുo ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപ്പണികൾക്കായി ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. പാലത്തിന്റെ പണി പുരോഗമിക്കുന്നതിനാലാണ് ഒരു മാസത്തേക്ക് അടച്ചിടുന്നത്.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ നിബന്ധനകൾ പാലിക്കാതെ ചില വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അത്തരത്തിലുള്ള ഒരു സ്കൂളാണ് മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളെന്നും മന്ത്രി പറഞ്ഞു. മട്ടാഞ്ചേരി സ്മാർട്ട് കിസ്ഡ് പ്ലേ സ്കൂളിൽ മൂന്നര വയസ്സുകാരന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ആചാര സംരക്ഷ സമിതി. ശബരിമലയിൽ ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി മാത്രം പ്രവേശനം അനുവദിക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ആചാര സംരക്ഷണ സമിതി സെക്രട്ടറി പറഞ്ഞു.പുതിയ തീരുമാനത്തിനെതിരെ എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്ത് പ്രതിഷേധം ഉയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. മേല്‍ശാന്തിയാകാനുള്ള പ്രവൃത്തിപരിചയം സംബന്ധിച്ച തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നറുക്കെടുപ്പിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താവു എന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ. വി .എ. അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതകൾ ഇല്ലെന്ന് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ. അരുൺകുമാറിന്റെ നിയമനം ചോദ്യം ചെയ്തുളള ഹർജിയിലാണ് എഐസിടിഇ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്.ഹർജി ഈ മാസം 23 ന് ഹൈക്കോടതി പരിഗണിക്കും.
മലപ്പുറം കൊളത്തൂരിൽ ബലാത്സംഗ കേസിൽ യൂട്യൂബര്‍ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
പാറശാല ഷാരോൺ രാജ് വധക്കേസിൻെറ വിചാരണ ചൊവ്വാഴ്ച ആരംഭിക്കും. ഷാരോണ്‍ കൊല്ലപ്പെട്ട് രണ്ടു വർഷമാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇടുക്കി അടിമാലി പോലീസ് അറസ്റ്റു ചെയ്തു. വിയറ്റ്നാമിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കമ്പോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചു എന്നാണ് കേസ്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷ് എന്നിവരെ ചുമതലയിൽ നിന്ന് മാറ്റി. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ മാസം 19 ന് വീണ്ടും ചേരും. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ചകൾ തുടരാനാണ് തീരുമാനം.തെരഞ്ഞെടുപ്പ് പ്രഖ്യാപനം നേരത്തെ ഉണ്ടായാൽ അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്ന് തീരുമാനമെടുക്കും. രണ്ടുദിവസത്തിനകം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സിപിഎം കണക്കാക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതിജീവിത നല്കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക. നിലവിലെ റിപ്പോർട്ട് റദ്ദാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വിഷയം അന്വേഷിക്കണമെന്നാണ് ആവശ്യം.
കേരള -ലക്ഷദ്വീപ് തീരങ്ങളിൽ 14 -ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറുന്നുവെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഒക്ടോബർ 13 ന് രാവിലെയോടെ ന്യൂന മർദ്ദം മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട് . ഈ സാഹചര്യത്തിൽ കേരളത്തിൽ അതിശക്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്ര നാസിക്കില്‍ പരിശീലനത്തിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച് ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
സമാധാനത്തിനുള്ള നൊബേൽ ജപ്പാനിലെ നിഹോൻ ഹിഡാൻക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡോൻക്യോ. ആണവായുധങ്ങൾക്ക് എതിരെ ബോധവത്ക്കരണം നടത്തുന്ന സംഘടനയാണിത്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
ടാറ്റ ട്രസ്റ്റ് ചെയർമാനായി ചുമതലയേൽക്കാൻ നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പിന്തുടര്ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.
കരസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിന്റെ ആദ്യഘട്ടം സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ സമാപിച്ചു. യോഗത്തെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് അഭിസംബോധന ചെയ്തു. ഇതാദ്യമായാണ് ദില്ലിക്ക് പുറത്ത് ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ് ചേരുന്നത് .
ജമ്മു കശ്മീരിൽ മന്ത്രിസഭ രൂപീകരണ ചർച്ചയിലേക്ക് കടന്ന് നാഷണൽ കോൺഫറൻസ്. ഇന്ന് കൂടിയ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ നാഷണൽ കോൺഫറസിന് പിന്തുണ നൽകാൻ തീരുമാനമായി. പാർട്ടിയുടെ നിയമസഭാ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പിസിസി അധ്യക്ഷൻ വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് നാളെ ലെഫ്. ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് കായിക വികസന പദ്ധതികള്‍ക്കായുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റുകളില്‍ ഇന്ത്യക്കുള്ള വിഹിതം തടഞ്ഞുവയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.ഒക്ടോബര്‍ എട്ടിന് ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി.ഉഷയെ കത്തിലൂടെ അറിയിച്ചു.
രാഹുലിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം കൂടുതല്‍ പേര് പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യ സഖ്യത്തില്‍ ചര്‍ച്ച നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ രാഹുലിനാകുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അത്തരത്തിലൊരു തീരുമാനവുമായി ഇന്ത്യ സഖ്യം മുന്നോട്ട് പോകണമെന്ന് ബിജെപി എംപി ബാംസുരി സ്വരാജ് പറഞ്ഞു.