ഫോള്‍ഡബിള്‍ ഫോണുകളുണ്ടോ എന്ന് കളിയാക്കിയവര്‍ക്ക് മറുപടിയുമായി ആപ്പിള്‍. ട്രൈ-ഫോള്‍ഡ് ഡിസൈനിലുള്ള ഫോള്‍ഡബിള്‍ ഫോണ്‍ തയ്യാറാക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. പേറ്റന്റ് വിവരങ്ങള്‍ പുറത്തുവന്നു. ‘ഇലക്ട്രോണിക് ഡിവൈസസ് വിത്ത് ഡിസ്പ്ലെ ആന്‍ഡ് ടച്ച് സെന്‍സര്‍ സ്‌ട്രെക്ച്ചര്‍’ എന്ന തലക്കെട്ടില്‍ ഒരു പേറ്റന്റ് യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ ആപ്പിള്‍ കമ്പനി അപ്ഡേറ്റ് ചെയ്തു. പുതുക്കിയിരിക്കുന്ന പേറ്റന്റില്‍ ഒരു ഔട്ടര്‍ ഡിസ്പ്ലെ അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇതിനൊപ്പമൊരു ഇന്നര്‍ ഡിസ്പ്ലെയും മൂന്നാം ഡിസ്പ്ലെയും ചേരുന്നതോടെ രൂപഘടനയില്‍ ‘വാവെയ് മേറ്റ് എക്സ്ടി’യുടെ അതേ രൂപത്തില്‍ വരുന്ന ട്രൈ-ഫോള്‍ഡബിളാകും. ഐഫോണ്‍ 16 സിരീസ് ഇറങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് ഫോള്‍ഡബിള്‍ ഫോണുണ്ടോ എന്ന് സാംസങ് ട്രോളിയിരുന്നു. അതേ ദിനം ചൈനീസ് ബ്രാന്‍ഡായ വാവെയ് ടെക് ചരിത്രത്തിലെ തന്നെ ആദ്യ ട്രൈ-ഫോള്‍ഡബിള്‍ അവതരിപ്പിച്ച് ഞെട്ടിക്കുകയും ചെയ്തു.