എകെജി സെൻറർ ആക്രമണം നടന്ന് രണ്ടു മാസം പിന്നിട്ടുമ്പോഴാണ്, ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം യൂത്ത് കോൺഗ്രസിൽ എത്തിനിൽക്കുന്നതെന്ന വിശദീകരണം. തലസ്ഥാനത്തെ ചില പ്രവർത്തകരിലേക്കാണ് അന്വേഷണം പോകുന്നതെന്ന് വ്യക്തമാക്കുമ്പോഴും, ഇവരുടെ പങ്ക് തെളിയിക്കുന്ന സുപ്രധാന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടത്തുള്ള ഒരു യൂത്ത് കോണ്‍ഗ്രസുകാരനാണ് മുഖ്യ സൂത്രധാരനെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. എന്നാൽ ചോദ്യം ചെയ്യലിൽ മേനംകുളം സ്വദേശിയായ ചെറുപ്പക്കാരൻ എല്ലാം നിഷേധിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാക്കി ശശി തരൂർ ഉൾപ്പടെ അഞ്ച് എംപിമാർ നേതൃത്വത്തിന് സംയുക്തമായി കത്ത് നല്കി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പത്രിക നല്‍കാനുള്ള നടപടി ഈ മാസം 22ന് തുടങ്ങാനിരിക്കെ, വോട്ടർമാർ ആരൊക്കെയാണെന്ന് ഇപ്പോഴും അറിയില്ലെന്നാണ് വരണാധികാരിയായ മധുസൂദൻ മിസ്ത്രിക്ക് അവർ നൽകിയ കത്തിൽ പറയുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പത്രിക പ്രസിദ്ധീകരിക്കണംഎന്നാണ് ആവശ്യം. എല്ലാ സംസ്ഥാനങ്ങളിലും എത്തി വോട്ടർ പട്ടിക പരിശോധിക്കുന്നത് പ്രായോഗികമല്ല. വോട്ടർ പട്ടികയാണ് ആവശ്യപ്പെടുന്നത്, പാർട്ടിയുടെ രഹസ്യരേഖ പുറത്തുവിടണമെന്നല്ല എന്നും അവർ പറയുന്നു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പരിഹാസപൂര്‍വ്വം ഉപദേശം നല്കിയ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. കോണ്‍ഗ്രസ് ഈ യാത്രയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതാണ് നല്ലത് എന്നായിരുന്നു ട്വീറ്റ്. . ഉദാഹരണത്തിന്, തെലങ്കാനയും ജമ്മു കശ്മീരും തമ്മിൽ ലിറ്ററിന് 14.5 രൂപ എന്ന വ്യത്യാസമുണ്ട്, ആദ്യ ട്വീറ്റില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയായ ഹർദീപ് സിംഗ് പുരി പറയുന്നു.
അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ സെപ്റ്റംബര്‍ 11 ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല.അതേ സമയം, എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ദു:ഖാചരണം പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലായ തൃശ്ശൂരിലെ പുലിക്കളി നാളെ തന്നെ നടത്താൻ തീരുമാനിച്ചു. ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല.
വീണ്ടും തെരുവുനായയുടെ കടിയേറ്റ് യാത്രക്കാർ. കൊല്ലംശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബം ചികിത്സ തേടി.പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയിൽ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തിനഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലി ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നെടുത്ത മുപ്പതിനായിരം രൂപ വായ്പയുടെ പലിശ മൂന്ന് മാസങ്ങള്‍ കൊണ്ട് ഇരട്ടിയായി. വായ്പാ തിരിച്ചടവ് തുകയും ഇരട്ടിച്ചു. 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ലോൺ ആപ്പുകളിൽ നിന്നും ലഭിച്ചു. ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ ഫോണിലേക്ക് ചിത്രങ്ങൾ അയക്കുകയും ചെയ്തു. തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തത്.