എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കും. നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം.സുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികളാണ് സുപ്രീം കോടതി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു കേസുകൾ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പി എം ജി കെ അവസാനിപ്പിക്കരുതെന്ന് സംസ്ഥാനങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGK) ഈ മാസം അവസാനിക്കാനിരിക്കെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. രാജ്യത്താകെ 71 ലക്ഷം കുടുംബങ്ങളാണ് പിഎംജികെ പദ്ധതിയുടെ ഗുണഭോക്താക്കൾ. 2020ൽ 3 മാസത്തേക്ക് തുടങ്ങിയ പദ്ധതിഇതിനോടകം പലതവണ നീട്ടിയിരുന്നു.കഴിഞ്ഞ നവംബറിലാണ് പദ്ധതി അവസാനമായി നീട്ടിയത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടി. രാജ്യത്ത് പ്രവർത്തിക്കുന്ന ലോൺ ആപ്പുകളിൽ നിയമാനുസൃതവും നിയമവിരുദ്ധവുമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തരാം തിരിച്ച് തയ്യാറാക്കാനാണ് ആദ്യ നീക്കം. പട്ടിക തയ്യാറാക്കാൻ ആർബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന് ശേഷം , ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാൻ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്. സർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് പ്രഖ്യാപിച്ച് ആവിഷ്കരിച്ച കെ ഫോൺ നടത്തിപ്പിനായി ടെണ്ടര്‍ ഉറപ്പിച്ചതിലും വൻ ക്രമക്കേട് എന്ന് റിപ്പോർട്ട്. 500 കോടി രൂപയുടെ അധിക ചെലവാണ് മാനദണ്ഡങ്ങൾ മറികടന്ന് നൽകിയ കരാർ കൊണ്ട് സർക്കാരിനുണ്ടായത്.കരാറുകാർക്ക് ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുൻപ് തന്നെ പണി തുടങ്ങാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കർ എഴുതിയ കത്തിന്റെ പകർപ്പും പുറത്തു വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനവും മൺസൂണും മൂലം അഭിമാന പദ്ധതിയുടെ പണി വൈകിക്കൂടാ എന്നെഴുതിയ ആ കത്തിന്റെ മേലുള്ള നടപടിയായായാണ് സർക്കാർ ഉത്തരവിന് മുൻപ് കരാർ നൽകിയത്.
ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കാനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകും. കോവിഡിന്റെ അടച്ചിടലിന് ശേഷം വന്ന ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മിന്നൽ പരിശോധനകൾ കൊണ്ട് സർക്കാരിന് നേട്ടമുണ്ടായി. അത്തരം നടപടികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. മിന്നൽ പരിശോധനകൾ പോലുള്ള മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ് .എന്നാൽ അത്തരം എതിർപ്പുകൾ കാര്യമാക്കുന്നില്ല എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഓണക്കാലത്ത് മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം. സെപ്തംബര്‍ 4 മുതല്‍ 7 വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന് വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാലിന്റെ വില്‍പ്പനയില്‍ 11 ശതമാനവും തൈര് വില്‍പ്പനയില്‍ 15 ശതമാനവും വര്‍ധനവുണ്ടായി.