ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോർട്ടിൽ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്.

 

 

സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ഉണ്ടാക്കാൻ സാംസ്കാരിക വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് കൺസൾട്ടൻസി. ഈ മാസം അഞ്ചിനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷൻ എംഡി മന്ത്രി സജി ചെറിയാൻ ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുക അനുവദിക്കുകയായിരുന്നു.

 

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി സജി ചെറിയാൻ. കമ്മറ്റി റിപ്പോർട്ടിൽ ഉള്ളത് 24 നിർദേശങ്ങളാണ്. അത് സർക്കാർ പരിശോധിച്ച് വരികയാണ്. എല്ലാ സംഘടനകളുമായും സംസാരിച്ചു. അതിന്‍റെ തുടർച്ചയാണ് നവംബറിൽ നടക്കുന്ന കോൺക്ലെവ്. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.

 

 

 

ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

 

 

 

 

 

 

ഹേമാ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതിൽ തടസങ്ങളുണ്ടെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ അറിയിച്ചു. ആകാശത്ത് നിന്ന് എഫ് ഐ ആർ ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ബാലൻ വെളിപ്പെടുത്തി. പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലൻ വിശദീകരിച്ചു.

 

 

 

സാംസ്കാരിക വകുപ്പും സര്‍ക്കാരും ഹേമ കമ്മീഷൻ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും കെബി ഗണേഷ് കുമാര്‍. സിനിമ നടൻ കൂടിയായ മന്ത്രി ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളിൽ കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

 

കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണെന്നും സാറാ ജോസഫ് പറഞ്ഞു.

 

 

 

 

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

സ്ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ സ്ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മനസിലായിയെന്ന് കെ മുരളീധരൻ. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകുമെന്നും, തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വിടാതിരിക്കാൻ സർക്കാരിന് എന്താണ് ഇത്ര താത്പര്യമെന്നും അദ്ദേഹം ചോദിച്ചു.

 

 

 

 

 

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ലഘൂകരിച്ച് കാണരുതെന്ന് സംവിധായകന്‍ വിനയന്‍. ഈ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ എടുത്തില്ലെങ്കില്‍ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്ന് വിനയന്‍ പ്രതികരിച്ചു. മലയാള സിനിമയിൽ ഈ റിപ്പോർട്ട് കൊണ്ട് അതിക്രമങ്ങൾ കാണിക്കുന്നവരുടെ ബലം കുറയും എന്ന് വിനയന്‍ പറഞ്ഞു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരമെന്നും വിനയൻ കൂട്ടിച്ചേർത്തു.

 

 

 

ഒരു നടനെയും താൻ ഒതുക്കിയിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെയെന്നും ആത്മയുടെ പ്രസിഡൻ്റ് ഞാനാണ്. ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും സിനിമയിൽ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് അറിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചിലർ പുരയ്ക്ക് തീ പിടിച്ചപ്പോൾ വാഴ വെട്ടാൻ നടക്കുകയാണ്. തന്നെയും പല സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പത്തനാപുരത്ത് പറഞ്ഞു.

 

 

 

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

 

 

 

കോടികളുടെ കുടിശ്ശിക വന്നതോടെ മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി ഡിറ്റ്. എംവിഡി 9 മാസത്തെ കുടിശ്ശിക തന്നുതീർക്കാനുണ്ടെന്നാണ് സി-ഡിറ്റ് വിശദീകരണം. ഈ മാസം 17 മുതലാണ് താൽക്കാലിക ജീവനക്കാരെ പിൻവലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്.

 

 

 

 

2018ൽ ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങൾക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽവെച്ച് കണ്ടെന്ന് ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്‍റെ കൂടുതൽ വിവരങ്ങൾ തേടി തിരുവനന്തപുരത്തുനിന്നുളള സിബിഐ ഉദ്യോഗസ്ഥർ മുണ്ടക്കയത്തെത്തും. ലോഡ്ജിൽ കണ്ടത് ജെസ്നയെത്തന്നെയാണോ, ജസ്നയുടെ തിരോധാനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.

 

 

 

 

മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്‍പി എത്താൻ വൈകിയതില്‍ പ്രകോപിതനായി പിവി അന്‍വര്‍ എംഎല്‍എ. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ വിമര്‍ശനം നടത്തിയത്. തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാരല്ല ഇത്. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചു. തന്‍റെ പാർക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി. എട്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, തെളിവ് സഹിതം നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

 

 

 

 

മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീൽ എയ്ഡഡ് സ്കൂളിന്‍റെ മാനേജരാണ്.

 

 

അത്തോളി കൂമുള്ളിയിൽ ജനവാസ മേഖലയിൽ കണ്ടത് കടുവയെ ആണെന്ന് സംശയം. ഇന്നലെ രാത്രിയാണ് വന്യജീവിയെ വിദ്യാർത്ഥി കണ്ടത്. വനപാലകരടക്കം തെരച്ചിൽ നടത്തിയെങ്കിലും കടുവയുടേതെന്ന് കരുതുന്ന അടയാളങ്ങൾ കണ്ടെത്താനായില്ല. വിദ്യാർത്ഥി എടുത്ത ഫോട്ടോ പരിശോധിച്ചതിൽ നിന്നും കടുവ അല്ലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വനപാലകർ.

 

 

 

തൃശൂര്‍ കുട്ടനെല്ലൂർ സഹകരണ തട്ടിപ്പ് കേസിൽ നടപടിയുമായി സിപിഎം. ഒല്ലൂർ ഏരിയാ സെക്രട്ടറി കെപി പോൾ, ഡിവൈഎഫ്ഐ നേതാവ് റിക്സൺ പ്രിൻസ് എന്നിവരോട് സിപിഎം വിശദീകരണം തേടി. വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകും. 32 കോടി രൂപയുടെ തട്ടിപ്പിൽ കുട്ടനെല്ലൂർ ബാങ്കിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു.

 

 

 

 

മുതലപ്പൊഴി പെരുമാതുറയിൽ വീണ്ടും വള്ളം മറിഞ്ഞു. വലിയ തിരയിൽപ്പെട്ട് വള്ളം രണ്ടായി പിളരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ രണ്ട് വള്ളങ്ങൾ മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെയാണ് മൂന്നാമത് വീണ്ടും അപകടം സംഭവിച്ചത്. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

 

 

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഗിരീഷ് – മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് മരിച്ചത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

 

 

 

കോഴിക്കോട് കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ ഇന്നലെ വൈകീട്ട് കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂലയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ് പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന്‍ നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്‍റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകന്‍ പ്രണവാണ് മരിച്ചത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

 

 

 

 

കൊല്‍ക്കത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് സുപ്രീംകോടതി രൂപം നല്‍കി. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സുരക്ഷ വീഴ്ച തടയാനാവുന്നിലെന്നും കോടതി നിരീക്ഷിച്ചു. കൊല്‍ക്കത്ത സംഭവത്തില്‍ വ്യാഴ്ചാഴ്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.

 

 

 

കൊല്‍ക്കത്തയിലെ അര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി നിർദ്ദേശിച്ചു.

 

 

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന നടത്താൻ സിബിഐ നീക്കം. നേരത്തെ, പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയിരുന്നു. കേസിലെ പ്രതിയുടെ പങ്കാളിത്തം എത്രത്തോളമെന്ന് വ്യക്തമാകാൻ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് സിബിഐ കരുതുന്നത്.

 

 

 

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തന്‍റെ എക്സിലെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഗാംഗുലി ഐക്യദാര്‍ഢ്യം അറിയിച്ചു.

 

 

 

ലക്ഷദ്വീപ് സമൂഹങ്ങളില്‍പ്പെട്ട കവരത്തി, ആന്ത്രോത്ത്, കല്‍പേനി എന്നിവിടങ്ങളിലേക്കുള്ള അഗ്നിരക്ഷാ സേനയുടെ പുതിയ വാഹനങ്ങള്‍ ബേപ്പൂരില്‍ എത്തിച്ചു. ലക്ഷദ്വീപിലെ അഗ്‌നി സുരക്ഷാ സേനക്കുള്ള പുതിയ വാഹനങ്ങള്‍ ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ ഹരിയാനയില്‍ നിന്നും റോഡ് മാര്‍ഗമാണ് ഇവിടെ എത്തിച്ചത്.

 

 

 

 

മേഘാലയയിൽ മൂന്ന് എംഎൽഎമാരെ കൂടി കോൺഗ്രസിന് നഷ്ടമായി. നിലവിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസിലെ മൂന്ന് എംഎൽഎമാരാണ് തിങ്കളാഴ്ച നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നത്. ഇതോടെ നിയമസഭയിൽ കോൺഗ്രസ് എംഎൽഎ ഒരാൾ മാത്രമായി. ഇതോടെ 60 അംഗ നിയമസഭയിൽ നാഷണൽ പീപ്പിൾസ് പാർട്ടി അംഗങ്ങളുടെ എണ്ണം 31ആയി.

 

 

 

തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ കുപ്രസിദ്ധ ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ എസ് പോർക്കൊടി അറസ്റ്റിൽ. ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിനായുള്ള ക്വട്ടേഷൻ പണം പോർക്കൊടിയുടെ അക്കൗണ്ടിലൂടെയായിരുന്നു കൈകാര്യം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്.

 

 

 

ബ്രിട്ടനിലെ ബില്‍ ഗേറ്റ്‌സ് എന്നറിയപ്പെടുന്ന ടെക് വ്യവസായ പ്രമുഖന്‍ മൈക്ക് ലിഞ്ചിനെ ഉല്ലാസ ബോട്ട് മറിഞ്ഞ് കാണാതായി. ലിഞ്ചിന്‍റെ 18 വയസുകാരിയായ മകളും ഉല്ലാസ ബോട്ട് ഷെഫുമടക്കം ആറ് പേരെയാണ് കാണാതായിരിക്കുന്നത്. ഇറ്റാലിയന്‍ ദ്വീപായ സിസിലി തീരത്ത് വച്ചാണ് ദാരുണമായ അപകടമുണ്ടായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *