ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 76.5 ശതമാനം വളര്‍ച്ചയോടെ 174.23 കോടി രൂപ സംയോജിത അറ്റാദായം നേടി പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 98.65 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ തലേ പാദം പരിഗണിച്ചാല്‍ അറ്റാദായത്തില്‍ 32.7 ശതമാനം ഇടിവുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തില്‍ 258 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അറ്റാദായമായി രേഖപ്പെടുത്തിയത്. ആദ്യപാദത്തിലെ സംയോജിത വരുമാനം മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 559.85 കോടി രൂപയില്‍ നിന്നും 855.48 കോടി രൂപയായി ഉയര്‍ന്നു. 52.81 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതില്‍ 526.69 കോടി രൂപയും കപ്പല്‍ നിര്‍മാണത്തില്‍ നിന്നും 244.77 കോടി രൂപ അറ്റകുറ്റപ്പണിയില്‍ നിന്നും ലഭിച്ചു. തൊട്ടുമുന്നത്തെ പാദത്തില്‍ 1,366.17 കോടി രൂപയായിരുന്നു സംയോജിത വരുമാനം. ഇവിടെ 37.38 ശതമാനം കുറവ് രേഖപ്പെടുത്തി. മികച്ച രീതിയില്‍ മുന്നേറുന്ന കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 174 ശതമാനം റിട്ടേണ്‍ നല്‍കിയിരുന്നു. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 62,996 കോടി രൂപയാണ്.