ശ്രീലങ്കക്കാരായ 11 പേര്‍കൂടി കൊല്ലത്തു പിടിയില്‍. ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇന്നലെ പിടിയിലായ 11 ശ്രീലങ്കക്കാര്‍ക്കെതിരേ മനുഷ്യക്കടത്തിനു കേസെടുത്തു. കൊളംബോ സ്വദേശിയായ ലക്ഷ്മണന്‍ ആണ് മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍.

സ്പീക്കര്‍ പദവി രാജിവച്ച എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേഷിനു തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകളാണു നല്‍കിയത്.

തിരുവനന്തപുരം പെരുമാതുറയില്‍ മത്സ്യബന്ധത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേര്‍ക്ക് വേണ്ടി കടല്‍മാര്‍ഗവും ആകാശമാര്‍ഗവും തെരച്ചില്‍. ഹെലികോപ്റ്ററില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കടലിലേക്കിറങ്ങി തെരച്ചില്‍ നടത്തി. മോശം കാലാവസ്ഥ തെരച്ചില്‍ ദുഷ്‌കരമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവം ആരോപിച്ചു പെരുമാതുറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

കേരള എന്‍ജിനീയറിംഗ് പ്രവേശന റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. 58,570 പേര്‍ പ്രവേശനത്തിനു യോഗ്യത നേടി. ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരത്തെ തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലത്തെ നവജോത് കൃഷ്ണനും നേടി. നാലാം റാങ്ക് തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിനി ആന്‍ മരിയക്കാണ്. 77,005 പേരാണ് പരീക്ഷ എഴുതിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാക്കളായ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്.

മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആസാദ് കാഷ്മീര്‍ പരാമര്‍ശത്തില്‍ കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂവെന്ന് ഡല്‍ഹി പോലീസ്. കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് പോലീസ് ഇങ്ങനെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 12 ന് വാദം തുടരും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെ കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതു ചര്‍ച്ചചെയ്യാന്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഇന്നു മൂന്നരയ്ക്ക് ക്ലസ്റ്റര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സിംഗിള്‍ ഡ്യൂട്ടിയെ എതിര്‍ത്തിരുന്ന സിഐടിയു അടക്കമുള്ള യൂണിയനുകള്‍ മുഖ്യമന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്കുശേഷം നിശബ്ദരാണ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ജോസഫ് സ്‌കറിയക്കു കാലിക്കറ്റ് യൂണിവേഴ്സിറ്റി നിയമനം തടഞ്ഞു. പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് ഒന്നാം റാങ്കു നേടിയെങ്കിലും സിന്‍ഡിക്കറ്റിലെ ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നിയമന നടപടികള്‍ നിര്‍ത്തിവച്ചത്.

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. നാല് അക്കൗണ്ടുകളില്‍ നിന്നായി പണം തട്ടിയ കേസിലാണ് നൈജീരിയന്‍ സ്വദേശികളായ ഇക്കെന്ന കോസ്മോസ് എന്ന യുവാവും ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയും പിടിയിലായത്.

മുക്കുപണ്ടം നല്‍കി അടിമാലിയിലെ സ്വര്‍ണ വ്യാപാരിയില്‍നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സിനിമാ നടന്‍ പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശി സനീഷ് ഗോവയിലെ ആഡംബര കപ്പലില്‍ പിടിയിലായി. ആഡംബര കപ്പലില്‍ ചൂതുകളിക്കിടെയാണ് സനീഷ് പിടിയിലായത്. പ്രേമം, സ്റ്റാന്റപ്പ് കോമഡി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

നാളെ ഉത്രാടം. ഉത്രാടപ്പാച്ചില്‍ ഇന്നേ ആരംഭിച്ചു. ഓണത്തോടനുബന്ധിച്ചു പച്ചക്കറിക്കു വിലകൂടി. നാടന്‍ പയറിനു നൂറു മുതല്‍ 140 വരെ രൂപയാണു വില. ബീന്‍സിനു 120 രൂപ. കിലോയ്ക്ക് 20 രൂപയ്ക്കു കിട്ടിയിരുന്ന മിക്കയിനങ്ങള്‍ക്കും 60 രൂപയാണു വില. മുരിങ്ങക്കായുടെ വിലയും നൂറു രൂപ കടന്നു. നേന്ത്രക്കായക്ക് 80 മുതലാണു വില. വെണ്ട 80, തക്കാളി 60, കാരറ്റ് 80, പടവലം 60 എന്നിങ്ങനെയാണു വില.

തമിഴ്നാട് നടപ്പാക്കുന്ന ഒട്ടന്‍ഛത്രം പദ്ധതി വരുന്നതോടെ കേരളത്തിനുള്ള ജലവിഹിതം കുറയുമെന്ന് കോണ്‍ഗ്രസ്. ആളിയാര്‍ ഡാമില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഒട്ടന്‍ഛത്രത്തിലേക്കു വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് പദ്ധതി. എന്നാല്‍, ആളിയാറിനും ഒട്ടന്‍ ഛത്രത്തിനുമിടയില്‍ തമിഴ്നാടിനു തിരുമൂര്‍ത്തി, അമരാവതി ഡാമുകളുണ്ട്. ഇവയില്‍ നിന്ന് വെള്ളമെടുക്കാതെയാണ് തമിഴ്നാട് ആളിയാറിനെ ആശ്രയിക്കുന്നത്. ചിറ്റൂരിലെ കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.

ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. പത്താം തീയതി നടയടയ്ക്കും. ഉത്രാടം മുതല്‍ ചതയദിനംവരെ ഭക്തര്‍ക്ക് ഓണസദ്യയുണ്ട്. ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുണ്ട്. മഴയും നീരൊഴുക്കും ശക്തമായതിനാലാണ് പമ്പയില്‍ ഇറങ്ങുന്നതു നിരോധിച്ചത്.

വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ ലഹരി വേട്ട. ബാംഗ്ലൂരില്‍നിന്നു കൊണ്ടുവരികയായിരുന്ന 69 ഗ്രാം എംഡിഎംഎയുമായി എറണാകുളം കുന്നത്തുനാട് സ്വദേശി ലിയൊ ലിജോയെ പിടികൂടി. വിപണിയില്‍ രണ്ടു കോടിയിലേറെ രൂപ വിലവരുമെന്ന് എക്സൈസ്.

ഹാഥ്റാസ് കലാപ കേസില്‍ ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് യുപി സര്‍ക്കാര്‍. സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായും കാമ്പസ് ഫ്രണ്ടുമായും അടുത്ത ബന്ധമെന്ന് യുപി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

കുപ്രസിദ്ധ മോഷ്ടാവ് നൗഷാദിനെ മോഷണ ശ്രമത്തിനിടെ കാഞ്ഞങ്ങാട്ടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കാഞ്ഞങ്ങാട്ടെ പടിഞ്ഞാറ് ഇട്ടമ്മല്‍ ബദര്‍ മസ്ജിദിനു സമീപം താമസിക്കുന്ന ജലാല്‍ മൊയ്തീന്റെ വീട്ടില്‍ കയറി മോഷ്ടിക്കുന്നതിനിടെയാണ് നാല്‍പതുകാരനായ നൗഷാദ് പിടിയിലായത്. പാലക്കാട് ജില്ലയില്‍ ഇയാള്‍ക്ക് ഒന്നരക്കോടി വില വരുന്ന രണ്ട് വീടുകളുണ്ടെന്നാണ് വിവരം.

കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തു. രാഗേഷിന്റെ 24 കാരിയായ ഭാര്യ സൂര്യയാണ് ജീവനൊടുക്കിയത്. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. എട്ടു മാസം പ്രായമുള്ള മകനുണ്ട്. ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

എറണാകുളം പാലിക്കരയില്‍ മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഒഡീഷക്കാരനായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജി (41) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷുക്രു ജീവനൊടുക്കി.

സംശയരോഗംമൂലം വര്‍ക്കലയില്‍ നവവധുവിനെ തലയ്ക്കടിച്ചു കൊന്ന ഭര്‍ത്താവ് അറസ്റ്റിലായി. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (35) വര്‍ക്കല പൊലീസ് പിടികൂടി. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

പാലാ തിടനാട് ടൗണിനു സമീപം കാര്‍ നിയന്ത്രണംവിട്ട് തോട്ടില്‍ വീണ് യുവാവ് മരിച്ചു. തിടനാട് സ്വദേശി കിഴക്കേല്‍ സിറില്‍ (32) ആണ് മരിച്ചത്. പാക്കേംതോട്ടില്‍ രാത്രിയാണ് അപകടം ഉണ്ടായത്.

ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ശീലം വിദ്യാര്‍ത്ഥികളില്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ധ്യാപകരോട് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അധ്യാപക ദിനത്തില്‍ 45 അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡുകള്‍ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ജെയ്‌നസ് ജേക്കബും പുരസ്‌കാരം ഏറ്റുവാങ്ങി.

കനത്ത മഴമൂലം വെള്ളക്കെട്ട് ഒഴിയാതെ ബെംഗളൂരു. പലയിടത്തും വൈദ്യുതി, കുടിവെള്ളം എന്നിവ മുടങ്ങി. ഐടി പ്രൊഫഷണലുകള്‍ അടക്കമുള്ളവര്‍ ട്രാക്ടറിലാണു യാത്ര ചെയ്യുന്നത്.

എയര്‍ ഇന്ത്യയുടെ വികസനത്തിന് നാനൂറു കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സ് ലിമിറ്റഡ് ആണ് എയര്‍ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കുന്നത്.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ സര്‍ക്കാരില്‍നിന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരവും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ആവശ്യപ്പെട്ട് എല്‍എല്‍എം വിദ്യാര്‍ഥി ശിവം പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വായുമലിനീകരണം ശ്വാസകോശത്തെ ബാധിക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചെങ്കിലും ഹര്‍ജിക്കാരനെ ബാധിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ബയോഡാറ്റ മെച്ചപ്പെടുത്താന്‍ കോടതിയില്‍ കേസുമായി വരരുതെന്ന താക്കീതോടെയാണ് ഹര്‍ജി തള്ളിയത്.

കാനഡയിലെ സസ്‌കാച്വാന്‍ പ്രവിശ്യയില്‍ പത്തു പേരെ കുത്തിക്കൊന്ന ആക്രമികളില്‍ ഒരാളായ ഡാമിയന്‍ സാന്‍ഡേഴ്സണ്‍ കൊല്ലപ്പെട്ട നിലയില്‍. ശരീരത്തില്‍ മുറിവുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. രണ്ടാമനായ മൈല്‍സ് സാന്‍ഡേഴ്സണുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുന്നുണ്ട്.

ഏഴാം മാസത്തിലേക്കു കടന്ന യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യത്തില്‍നിന്ന് ഒരു ഭൂപ്രദേശം വീണ്ടെടുത്ത് യുക്രെയിന്‍. ഖെര്‍സണ്‍ നഗരത്തില്‍നിന്ന് റഷ്യന്‍ സൈന്യത്തെ തുരത്തി യുക്രൈന്‍ സൈന്യം പതാകയുയര്‍ത്തി.

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യം. സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്താനോട് തോറ്റതോടെയാണ് ഇന്ത്യക്ക് ഈ കളി നിര്‍ണായകമായത്. വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് 120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉയര്‍ന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ശനിയാഴ്ചയും സ്വര്‍ണവില വില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് അന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4690 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഇന്ന് 10 രൂപയാണ് ഉയര്‍ന്നത്. ഇന്നലെയും 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3875 രൂപയാണ്.

സെര്‍ച്ച് എന്‍ജിനായ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ നിര്‍ദേശം. വൈറസ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. സിവിഇ- 2022-3075 എന്ന പേരിലാണ് ഭീഷണി നിലനില്‍ക്കുന്നത്. വൈറസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ ക്രമീകരണത്തിന് രൂപം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ സുരക്ഷാക്രമീകരണം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നി ഓപ്പറേറ്റിങ് പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കായാണ് സുരക്ഷാ ക്രമീകരണം. ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുന്നത് വരെ വൈറസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ല. ഈ വര്‍ഷം ആറാമത്തെ തവണയാണ് ക്രോം സുരക്ഷാ ഭീഷണി നേരിടുന്നത്. ഉടന്‍ തന്നെ ക്രോം അപ്‌ഡേറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.

നിവിന്‍ പോളി നായകനാകുന്ന പുതിയ സിനിമയാണ് ‘സാറ്റര്‍ഡേ നൈറ്റ്’. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രം. തിയറ്ററില്‍ ആരവമാകുന്ന ഒരു ചിത്രമായിരിക്കും ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന് സൂചന നല്‍കി ഇതാ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. വിനായക അജിത്ത് ആണ് നിര്‍മാണം. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വിത്സണ്‍ എന്നിവരും നിവിന്‍ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ടീച്ചര്‍’. ഒരിടവേളയ്ക്ക് ശേഷം അമലാ പോള്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ടീച്ചര്‍’ എന്ന ചിത്രത്തിന്ളെ ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ പുറത്തുവിട്ടു. ഫഹദ് നായകനായ ‘അതിരന്‍’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍’. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്.

ഉത്സവ സീസണിന്റെ ആവേശം വര്‍ധിപ്പിക്കാന്‍ വാഹനങ്ങളുടെ പ്രത്യേക പതിപ്പുമാണ് റെനോ ഇന്ത്യ. കൈഗര്‍, ക്വിഡ്, ട്രൈബര്‍ എന്നിവയുടെ പ്രത്യേക പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്. കൈഗര്‍, ട്രൈബര്‍ എന്നിവയുടെ ആര്‍എക്സ്ഇസഡ് പതിപ്പിലും ക്വിഡിന്റെ ക്ലൈമ്പറിലുമാണ് പ്രത്യേക പതിപ്പ്. വെള്ള നിറത്തിന്റെയും മിസ്റ്ററി ബ്ലാക്ക് റൂഫിന്റെയും ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനില്‍ വാഹനം ലഭിക്കും. ട്രൈബറില്‍ റെഡ് ആക്‌സന്റുകളോട് കൂടിയ പുതിയ വര്‍ണ യോജിപ്പ് കൂടാതെ പിയാനോ ബ്ലാക്ക് വീല്‍ കവറുകളും ഡോര്‍ ഹാന്‍ഡിലുകളും ട്രൈബര്‍ എല്‍ഇ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. റെനോ ക്വിഡ് ലിമിറ്റഡ് എഡിഷനില്‍ മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകളില്‍ ചുവന്ന ഹൈലൈറ്റുകള്‍, റൂഫ് റെയിലുകള്‍ എന്നിവയ്‌ക്കൊപ്പം സി-പില്ലറില്‍ ചുവപ്പ് നിറത്തിലുള്ള ഗ്രാഫിക്സ് എന്നിവയുണ്ട്. കൂടാതെ വീല്‍ കവറിലും ഒആര്‍വിഎമ്മിലും പിയാനോ ബ്ലാക്ക് കളര്‍ ചേര്‍ത്തിരിക്കുന്നു. ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷന്‍, നിലവിലുള്ള കൈഗര്‍ ആര്‍എക്സ്ഇസെഡ്, ട്രൈബെര്‍ ആര്‍എക്സ്ഇസെഡ്, ക്വിഡ് ക്ലൈംബര്‍ എന്നിവയുടെ അതേ വിലയില്‍ തന്നെ ലഭിക്കും.

മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ. അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്. സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു. ഈ ആത്മകഥയിലൂടെ ദൈവത്തിന്റെ ഭാഷ സംഗീതമാണെന്നു നാമറിയും. കല, കലാകാരന്റേതല്ല ഈ സമൂഹത്തിന്റേതാണെന്നും. ‘രാഗം ഭൈരവി’. ഡിസി ബുക്സ്. വില 313 രൂപ.

മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് മസ്തിഷ്‌കാഘാതം. ഹൃദ്രോഗം മൂലമുണ്ടാകുന്ന ആറില്‍ ഒരു മരണത്തിന് പിന്നില്‍ സ്‌ട്രോക്ക് ആയിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ലോകത്തെ മരണകാരണങ്ങളില്‍ രണ്ടാമതാണ് മസ്‌കിഷ്‌കാഘാതം. സൈലന്റ് ബ്രെയിന്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്തോക്കെയാണെന്ന് അറിഞ്ഞിരിക്കാം. പെട്ടെന്ന് കഠിനമായ തലവേദന ഉണ്ടാകുന്നതും രാത്രികാലങ്ങളില്‍ ഇത് രൂക്ഷമാകുന്നതും ബ്രെയിന്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, ബോധം ഇടയ്ക്കിടെ നഷ്ടപ്പെടുക, കൈയിലോ മുഖത്തോ കാലിലോ പെട്ടെന്ന് മരവിപ്പോ ബലഹീനതയോ അനുഭവപ്പെടുക, സംസാരം അവ്യക്തമാകുകയോ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത്, കാഴ്ചക്കുറവ്, ശരീരത്തിന്റെ താളം നഷ്ടപ്പെടുകയോ ശരീരം നിയന്ത്രിക്കാന്‍ കഴിയാതാകുകയോ ചെയ്യുക തുടങ്ങിയവയൊക്കെ മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, പ്രായം, കുടുംബ പശ്ചാത്തലം, ലിംഗം തുടങ്ങിയ ഘടകങ്ങളെല്ലാം ബ്രെയിന്‍ സ്‌ട്രോക്ക് ഉണ്ടാകാന്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.88, പൗണ്ട് – 92.66, യൂറോ – 79.75, സ്വിസ് ഫ്രാങ്ക് – 81.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.26, ബഹറിന്‍ ദിനാര്‍ – 211.91, കുവൈത്ത് ദിനാര്‍ -258.82, ഒമാനി റിയാല്‍ – 207.44, സൗദി റിയാല്‍ – 21.25, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 60.95.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *