ബിസിനസുകാര്‍ക്കിടയില്‍ പ്രിയമേറെയുള്ള യു.എ.ഇ ഗോള്‍ഡന്‍ വിസക്ക് അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നു. അറബ് എമിറേറ്റ്സില്‍ സ്ഥിരതാമസത്തിനുള്ള അംഗീകാരം കൂടിയായ ഗോള്‍ഡന്‍ വിസക്ക് ബാങ്കുകള്‍ വഴി സമീപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ധനികര്‍ക്ക് മാത്രം എത്തിപ്പിടിക്കാന്‍ കഴിയുന്ന ഈ വിസ ലഭിക്കാന്‍ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഏറെ പേര് തയ്യാറാകുന്നുണ്ട്. ഗോള്‍ഡന്‍ വിസക്ക് യു.എ.ഇ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോഴാണ് ഒരാള്‍ വിസക്ക് അര്‍ഹത നേടുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ ഇരുപത് ലക്ഷം ദിര്‍ഹം നിക്ഷേപിക്കുകയോ അതിന് തുല്യമായ ഈട് നല്‍കുകയോ ചെയ്യുമ്പോള്‍ ഒരാള്‍ക്ക് ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാനാകും. ബാങ്കുകള്‍ നല്കുന്ന രേഖകളാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിഗണിക്കുക. അബുദാബി കമേഴ്സ്യല്‍ ബാങ്ക്, അജ്മാന് ബാങ്ക്, അല്‍ മരിയ കമ്യൂണിറ്റി ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, ആര്.എ.കെ ബാങ്ക് എന്നിവയിലാണ് കൂടുതല്‍ അപേക്ഷകള്‍ എത്തുന്നത്. ദുബൈയില്‍ മാത്രം ഇതുവരെ 1,58,000 പേര് ഗോള്‍ഡന്‍ വിസ എടുത്തിട്ടുണ്ട്. ഇന്ത്യ, ബ്രിട്ടന്, യൂറോപ്പ് എന്നിവിടങ്ങില്‍ നിന്ന് കൂടുതല്‍ അപേക്ഷകരുണ്ട്. കോവിഡ് കാലത്തിന് ശേഷമാണ് ഈ വിസക്ക് കൂടുതലായി ആവശ്യക്കാര്‍ മുന്നോട്ടു വരുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. ദുബൈയില്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അപേക്ഷകരില്‍ കൂടുതല്‍. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിന് ഇടപാടുകാര്‍ക്ക് ബാങ്കുകള്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വിസ എടുക്കാന്‍ താല്പര്യമുള്ളവര്ക്ക് അതിന്റെ നിയമവശങ്ങള്‍, സാമ്പത്തിക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എന്നിവ നല്കുന്നു.