മൂന്നാo മോദി സര്ക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി .കസേര സംരക്ഷണ ബജറ്റാണിതെന്ന് സമൂഹമാധ്യമത്തില്‍ അദ്ദേഹം കുറിച്ചു.കോൺഗ്രസിന്‍റെ പ്രകടനപത്രിക കോപ്പിയടിച്ചതാണിത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും, മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലനില്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളമുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആരോപിച്ചു.കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ബജറ്റിൽ കേരളത്തിനോട് അവഗണന ഇല്ലെന്ന് സുരേഷ് ഗോപി. കേരളത്തിലെ യുവാക്കൾക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ല. കോഴിക്കോട് സംസ്ഥാന സർക്കാർ നൽകിയ150 ഏക്കർ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റിനെ ഇന്ത്യയെ മറന്ന ബജറ്റെന്ന് വിശേഷിപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത് . ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ തൽക്കാലം താങ്ങി നിർത്താനുള്ള ബജറ്റാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്ന് എംപിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്നും ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നതെന്നും വിമർശിച്ചു.
ബജറ്റിൽ കേരളത്തോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്തത്ര അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ല. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന രാജ്യത്തിന് അങ്ങേയറ്റം നിരാശയാണുണ്ടാക്കിയത്. മോദി സർക്കാരിന്റെ ജീവന് വേണ്ടിയുള്ള രാഷ്ട്രീയ വ്യായാമം മാത്രമാണ് ബജറ്റിൽ കണ്ടതെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റിയെന്ന് വിഡി സതീശൻ. മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കാഴ്ച്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സതീശൻ വാാർത്താകുറിപ്പിലൂടെ അറിയിച്ചു.
മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് കെ.സുരേന്ദ്രൻ .ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ല. കഴിഞ്ഞ 10 വർഷമായിട്ട് ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ബജറ്റിന് പിന്നാലെ കെ സുരേന്ദ്രനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വാക് പോര്. കേന്ദ്ര ബജറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ സുരേന്ദ്രൻ, കേരളത്തെ അവഗണിച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. കേരളം വേറൊരു രാജ്യമായി കാണാൻ ആഗ്രഹിക്കുന്ന ആളാണ് മുഹമ്മദ് റിയാസ് എന്നായിരുന്നു വാർത്താ സമ്മേളനത്തിനിടെ സുരേന്ദ്രൻ പറഞ്ഞത്. മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം. സുരേന്ദ്രന്‍റേത് നിലവാരം കുറഞ്ഞ മറുപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഷിരൂർ മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ തള്ളി കാർവാർ എസ്പി നാരായണ. സ്ഫോടനം ഉണ്ടായിട്ടില്ല, വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.നിലവിൽ രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക് കയറിയത്.
അർജുന് വേണ്ടിയുള്ള തെരച്ചിലിനായി നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തിയതായി അധികൃതർ അറിയിച്ചു. നദിയിലെ തെരച്ചിലിൽ ഇന്നും ഒന്നും കണ്ടെത്താനായില്ല.
അർജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരു സര്‍ക്കാരുകളോടും നാളേക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ കർണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ തൃപ്തരാണെന്ന് അർജുന്റെ സഹോദരി. നല്ല രീതിയിൽ തെരെച്ചിൽ നടക്കുന്നുവെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു . ഇവിടുന്നു പോയ സന്നദ്ധ പ്രവർത്തകരോട് നന്ദിയുണ്ട്. ഇപ്പോളത്തെ രീതിയിൽ തന്നെ തെരച്ചിൽ തുടരണമെന്നും അർജുന്റെ സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധ്യമായ എല്ലാ യന്ത്രങ്ങളും തെരെച്ചിലിനു ഉപയോഗിക്കണമെന്നും രക്ഷാപ്രവർത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കേരളത്തിൽ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനത്തിലാണ് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25 ആം തിയതിയാണ് ഓറഞ്ച് അലർട്ട് . കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് 25 ന് അതിശക്ത മഴ സാധ്യതയുള്ളത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13 ന് തിരുവനന്തപുരത്ത് തുടക്കമാവും.ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19 ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗത്തിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്.
കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്.
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉൾപ്പെടുന്നവരാണ്. ഫലങ്ങള്‍ നെഗറ്റിവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.
ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് .പരാജയപ്പെട്ട ബജറ്റാണിത്.ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റ്. സർക്കാരിന് തകർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
വികസിത ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ബജറ്റാണ് ധനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതെന്ന് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഉയർന്ന വളർച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യം കുറയ്ക്കൽ, നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കൽ തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുകൾക്ക് ഈ ബജറ്റിൽ തുടർച്ചയുണ്ട്. കഴിഞ്ഞ പത്തുവർഷത്തെ അത്തരം മികച്ച പ്രവർത്തനങ്ങളുടെ പിന്തുടർച്ചയെന്ന നിലക്ക് ശ്രദ്ധേയമായ ബജറ്റ് ആണിത് എന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്ന് പരിഗണിച്ച് വിധി പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വിധി പ്രസ്താവനയ്ക്കിടയിലാണ് നീറ്റ് പുനഃപരീക്ഷ നടത്തേണ്ടെന്ന് വ്യക്തമാക്കിയത്.