ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കി ബജറ്റില്‍ പ്രഖ്യാപനം. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികള്‍ ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിലൂടെ സമാഹരിക്കുന്ന മൂലധനത്തിനാണ് ഏഞ്ചല്‍ ടാക്‌സ് ചുമത്തുന്നത്. ഓഹരി വില കമ്പനിയുടെ ന്യായമായ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍ നിക്ഷേപകനില്‍ നിന്ന് ഈ നികുതി ഈടാക്കും. അധിക മുല്യം വരുമാനമായി കണക്കാക്കുകയും അതനുസരിച്ച് നികുതി ചുമത്തുകയും ചെയ്യുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വ മനോഭാവം വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകര്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചത്. ഫണ്ട് കുറവായ യുവ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, കമ്പനിയുടെ പ്രവര്‍ത്തനച്ചെലവുകള്‍ക്ക് മുകളില്‍ എയ്ഞ്ചല്‍ ടാക്സ് മൂലമുണ്ടാകുന്ന അധിക നികുതി കടുത്ത ഭാരമായി അനുഭവപ്പെടും. അധിക നികുതി ബാധ്യത നിക്ഷേപത്തെ തടയുകയും സര്‍ക്കാര്‍ വ്യവസായ മേഖലയില്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന നവീകരണത്തെയും വളര്‍ച്ചയെയും തടസ്സപ്പെടുത്തുകയും ചെയ്യും. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളില്‍ നിക്ഷേപം നടത്തി മൂല്യം പെരുപ്പിച്ച് കാണിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് 2012 ല്‍ ഇന്ത്യയില്‍ ഈ നികുതി ഏര്‍പ്പെടുത്തിയത്. സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് പ്രാരംഭ ഘട്ട നിക്ഷേപങ്ങള്‍ പലപ്പോഴും നിലവിലെ മൂല്യത്തേക്കാള്‍ ഭാവി സാധ്യതകളെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുക. ഇത് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മൂല്യനിര്‍ണ്ണയത്തെ ന്യായീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അനുകൂലമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് ഏഞ്ചല്‍ ടാക്‌സ് എടുത്തുകളയണമെന്ന് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും വ്യവസായ വിദഗ്ധരും വളരെ കാലമായി ആവശ്യപ്പെടുകയാണ്.