60 വയസ് കഴിഞ്ഞവര്‍ക്ക് ആകര്‍ഷകമായ റിട്ടേണ്‍ ലഭിക്കുന്ന സ്‌കീം പരിചയപ്പെടുത്തി പോസ്റ്റ് ഓഫീസ്. സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമായ ഇതിന് 8.20 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷമാണ് ഇതിന്റെ കാലാവധി. 55 വയസ്സ് കഴിഞ്ഞ് സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും 50 വയസ് കഴിഞ്ഞ് സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കും ഇതില്‍ ചേരാവുന്നതാണ്. ഒറ്റത്തവണയായി നിക്ഷേപിക്കാവുന്ന ഈ സ്‌കീമിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. അടിയന്തര ഘട്ടത്തില്‍ നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5% കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം 1% കിഴിവോടെയും തുക പിന്‍വലിക്കാം. കുറഞ്ഞത് ആയിരവും പരമാവധി 30 ലക്ഷം രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്. പ്രതിവര്‍ഷം ഒന്നരലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. മൂന്ന് മാസം കൂടുമ്പോള്‍ പലിശവരുമാനം ലഭിക്കുന്ന തരത്തിലാണ് സ്‌കീം. ഒരാള്‍ ഈ പദ്ധതിയില്‍ പത്തുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ പലിശവരുമാനമായി 20,500 രൂപ വീതം ലഭിക്കും. വര്‍ഷംതോറും 82,000 രൂപ. കാലാവധി കഴിയുമ്പോള്‍ നിക്ഷേപിച്ച തുക പൂര്‍ണമായി മടക്കി നല്‍കും. 30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപയാണ് ലഭിക്കുക.