ഓസ്ട്രിയന്‍ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ഹോര്‍വിന്‍ ഗ്ലോബല്‍ സെന്‍മെന്റിഒ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിനെ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലന്‍ ഇഐസിഎംഎ എക്‌സ്‌പോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. പരമാവധി വേഗത 200 കിലോമീറ്റര്‍, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇന്ത്യന്‍ വിപണിയിലുള്ള ഇ വാഹനങ്ങളൊന്നും 300 കിലോമീറ്റര്‍ എന്ന യാത്രാപരിധി വാഗ്ദാനം ചെയ്യുന്നില്ല. 2.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. റഡാര്‍ ഉപയോഗിച്ചുള്ള അപകട സൂചന, വിവിധ റൈഡിങ് മോഡ്, എബിഎസ് ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ ഒട്ടേറെ സന്നാഹങ്ങളും വാഹനത്തിലുണ്ട്. വാഹനം ആദ്യം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പിന്നാലെ ഇന്ത്യയിലേക്കും എത്തുമെന്നാണ് സൂചന. മാക്‌സി സ്‌കൂട്ടര്‍ വിഭാഗത്തിലെ വാഹനമാണിത്. സ്‌കൂട്ടറില്‍ നിന്നു വ്യത്യസ്തമായി പ്രത്യേക ഷാസിയിലാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇസൂപ്പര്‍സ്‌പോര്‍ട് ബൈക്കുകളിലേതിനു സമാനമായ മോട്ടറും ബാറ്ററി സവിശേഷതയും വാഹനത്തിലുണ്ട്. 16.5 കിലോവാട്ട് ബാറ്ററി പാക്ക് മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 400 വാള്‍ട്ട് ഇലക്ട്രിക് ചാര്‍ജിങ് സന്നാഹം 30 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഉപകരിക്കും. വാഹനത്തില്‍ നിന്നു മറ്റ് ഇസ്‌കൂട്ടറുകള്‍ക്ക് ചാര്‍ജ് ചെയ്യാനും സാധിക്കും.