പുകവലി ഉപേക്ഷിച്ചാലും ആ ശീലം ഉണ്ടാക്കിയ ദീര്‍ഘകാല ആഘാതം ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വളരെ വലിയ കാലതാമസമുണ്ടാക്കുമെന്ന് കൊറിയയില്‍ അടുത്തിടെ നടത്തിയ പഠനം പറയുന്നു. ഒരു വ്യക്തി പുകവലി ഉപേക്ഷിച്ചാല്‍ ഹൃദയത്തിന്റെ വീണ്ടെടുക്കല്‍ കാലം മനസിലാക്കുന്നതിന് കൊറിയ യൂണിവേഴ്സിറ്റി അന്‍സാന്‍ ഹോസ്പിറ്റലിലെ ഗവേഷകന്‍ സിയുങ് യോങ് ഷിന്‍ 53 ലക്ഷം ആളുകളില്‍ പഠനം നടത്തി. മിതമായി പുകവലിച്ചു കൊണ്ടിരുന്നവര്‍ പുകവലി ഉപേക്ഷിച്ചപ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം വരെ എടുത്തു. അതേസമയം കഠിനമായി പുകവലിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഏതാണ്ട് 25 വര്‍ഷം വരെ എടുത്തുവെന്നാണ് പഠനത്തില്‍ പറയുന്നത്. ശരാശരി 48 വയസായ 5,391,231 ആളുകളില്‍ നാല് വര്‍ഷമാണ് പഠനം നടത്തിയത്. ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. ഈ കാലയളവില്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയുള്‍പ്പെടെയുള്ള അവരുടെ ആരോഗ്യസ്ഥിതികള്‍ രേഖപ്പെടുത്തുകയും ചെയ്തു. പുകവലി ഹൃദയത്തിന് വിനാശകരമായ ആഘാതം ഉണ്ടാക്കുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഷത്തില്‍ 30 പാക്കറ്റ് സിഗരറ്റ് വരെ വലിച്ചവരില്‍ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു. പുകവലി ഉപേക്ഷിച്ചാല്‍ ഉടനടി ആരോഗ്യം മെച്ചപ്പെടുമെന്ന് പൊതുധാരണയെ ഈ പഠനം വെല്ലുവിളിക്കുന്നു. ഒരു വ്യക്തി പുകവലി ഉപേക്ഷിച്ചാല്‍ സ്വാഭാവികമായും ആരോഗ്യം വീണ്ടെടുക്കുന്നതിന് ശരീരം വളരെ അധികം സമയം എടുക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan