പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 2.17 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 182.59 കോടി രൂപയുടെ ലാഭത്തില്‍ നിന്നാണ് ആസ്റ്റര്‍ കഴിഞ്ഞ പാദത്തില്‍ നഷ്ടത്തിലേക്ക് വീണത്. ഡിസംബര്‍ പാദത്തില്‍ ലാഭം 209.22 കോടി രൂപയായിരുന്നു. നികുതി ചെലവുകള്‍ ഉയര്‍ന്നതും ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തലിനു ശേഷം പ്രവര്‍ത്തനം നിറുത്തിയത് വഴിയുണ്ടായ നഷ്ടവുമാണ് ലാഭത്തെ ബാധിച്ചത്. ഏപ്രില്‍ മൂന്നിനാണ് ആസ്റ്റര്‍ ഗള്‍ഫ് ബിസിനസിനെ വേര്‍പെടുത്തിയത്. വേര്‍പെടുത്തലിനു ശേഷം ഗള്‍ഫ് ബിസിനസ് പ്രവര്‍ത്തനം നിറുത്തിയതായാണ് കണക്കാക്കുന്നത്. നാലാം പാദത്തില്‍ വരുമാനം 18.9 ശതമാനം വര്‍ധിച്ച് 977.67 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 822.23 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 963.87 രൂപയുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 3,723.75 കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ 3,030.95 കോടി രൂപയേക്കാള്‍ 22 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ലാഭം തൊട്ട് മുന്‍ വര്‍ഷത്തെ 475.49 കോടി രൂപയില്‍ നിന്ന് 211.56 കോടി രൂപയായി കുറഞ്ഞു. 55.5 ശതമാനമാണ് ഇടിവ്. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരിയൊന്നിന് രണ്ട് രൂപ വീതം അന്തിമ ലാഭവിഹിതത്തിനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വിഭാഗം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വരുമാന വളര്‍ച്ചയോടെ 3,699 കോടി രൂപയായതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും സ്ഥാപകനുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.