പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 182.59 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലെ 245.63 കോടി രൂപയില്‍ നിന്ന് 25.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വരുമാനം ഇക്കാലയളവില്‍ 19.1 ശതമാനം വര്‍ധിച്ച് 3,276.35 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 2,749.77 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 12,011 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തെ 10,253 കോടിയേക്കാള്‍ 17 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ലാഭം തൊട്ടു മുന്‍വര്‍ഷത്തെ 601 കോടി രൂപയില്‍ നിന്ന് 475 കോടി രൂപയായി കുറഞ്ഞു. 21 ശതമാനമാണ് കുറവ്. നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 32 ആശുപത്രികളും 127 ക്ലിനിക്കുകളും 521 ഫാര്‍മസികളുമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിനുള്ളത്. അതേസമയം ഗള്‍ഫ് ബിസിനസിസ് വില്‍ക്കാനൊരുങ്ങുന്നതായി നാലാം പാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ സൂചന നല്‍കി. ഗള്‍ഫ് ബിസിനസ് പൂര്‍ണമായും വിറ്റഴിക്കുമോ അതോ ഓഹരി വില്‍പ്പന മാത്രമാണോ എന്നത് വ്യക്തമല്ല. 2022 സാമ്പത്തിക വര്‍ഷത്തില്‍ 8,950 കോടി രൂപയാണ് ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള ആസ്റ്ററിന്റെ വരുമാനം. മൊത്തം വരുമാനത്തിന്റെ 75 ശതമാനം വരുമിത്. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭത്തിന്റെ 71 ശതമാനവും ഗള്‍ഫ് ബിസിനസില്‍ നിന്നാണ്.