yt cover 27

വളപട്ടണം ഐഎസ് കേസില്‍ കൊച്ചി എന്‍ഐഎ കോടതി പ്രതികള്‍ക്കു തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി ഹംസയ്ക്കും ഏഴു വര്‍ഷം തടവുശിക്ഷ. ഇരുവരും 50,000 രൂപ വീതം പിഴയടയ്ക്കണം. രണ്ടാം പ്രതി അബ്ദുള്‍ റസാഖിന് ആറു വര്‍ഷം തടവും 30,000 രൂപ പിഴയുമാണു ശിക്ഷ. പിഴ അടച്ചില്ലങ്കില്‍ മൂന്നു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്നാണ് കേസ്.

കൊച്ചി വിമാനത്താവളത്തില്‍ എയര്‍ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് സംവിധാനം തകരാറിലായത് കൊണ്ട് അടിയന്തര ലാന്‍ഡിംഗ് വേണ്ടി വന്നു എന്നാണ് എയര്‍ അറേബ്യ വ്യക്തമാക്കിയത്. 229 പേരുമായി യാത്ര ചെയ്ത വിമാനം യന്ത്രത്തകരാര്‍ ഉണ്ടായിട്ടും അത്ഭുതകരമായാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. പിന്നീട് വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ആറ് വള്ളങ്ങള്‍ തകര്‍ന്നു.

ഗൂഢാലോചന കേസില്‍ തനിക്കെതിരെ മൊഴി നല്‍കാത്തതിനാല്‍ മുന്‍ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് സ്വപ്ന സുരേഷ്. ഡ്രൈവര്‍ പത്തനംതിട്ട സ്വദേശിയായ അനീഷും ആരോപണം ആവര്‍ത്തിച്ചു. പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ പറയാതിരുന്നതിനാലാണ് പ്രതികാര നടപടി. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ അനീഷിനെ ആറാം പ്രതിയാക്കിയെന്ന് സ്വപ്ന ആരോപിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മന്ത്രി വി. ശിവന്‍കുട്ടി കത്തയച്ചു. കേരളത്തിലെ പ്ലസ് വണ്‍ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

വാനരവസൂരി എന്ന മങ്കിപോക്സ് സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണം. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലാണ് വീഴ്ച. രോഗലക്ഷണങ്ങളുള്ള വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. അവര്‍ രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോയത് ടാക്സി വിളിച്ചാണ്. സ്വകാര്യ ആശുപത്രി അധികൃതര്‍ വിവരംതന്നില്ലെന്നാണ് കൊല്ലം ഡിഎംഒ പറയുന്നത്.

വടകര എംഎല്‍എ കെ.കെ രമയെ അധിക്ഷേപിച്ച മുന്‍ മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ നേതാവ് ആനി രാജ. വാദങ്ങളില്‍ ജയിക്കാന്‍ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ആനി രാജ പ്രതികരിച്ചു.

താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വന്‍ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്നു മണിയോടെയാണ് മരം വീണത്. ഒരു മണിക്കൂറിന് ശേഷം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ബമ്പര്‍ ലോട്ടറി അടിച്ചിരുന്നുവെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാമായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തെ ഏറ്റവും വലിയ അഗ്‌നിപര്‍വത കൊടുമുടിയായ കിളിമഞ്ജാരോ കീഴടക്കി മലയാളി യുവതി. കൊല്ലം ശക്തികുളങ്ങര സ്വദേശിനിയും ദുബായിയില്‍ മാനേജുമെന്റ് വിദഗ്ധയുമായ പ്രസില എന്ന ജൂണോയാണ് കൊടുമുടി കയറിയത്. ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള ഈ കൊടുമുടിക്കു സമുദ്രനിരപ്പില്‍നിന്ന് 19,431 അടി ഉയരമുണ്ട്. രാജന്‍ കോശിയുടെ പത്നിയും തിരുവനന്തപുരം ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ ജസിന്ത മോറിസിന്റേയും റിട്ടയേഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ മരിയന്‍ ഹെന്റിയുടേയും മകളുമാണ്.

മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നല്‍കി ആഗോളതലത്തില്‍ തൊഴില്‍ നേടാന്‍ യുവതീ യുവാക്കളെ പ്രാപ്തരാക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി നൈപുണ്യ വികസനത്തിനായുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. പൊതു വിദ്യാഭ്യാസത്തിന്റെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളമെന്നും അദ്ദേഹം അവകാശപ്പെട്ടു.

എല്‍ഡിഎഫ് സ്വതന്ത്രനെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ആലപ്പുഴ ജില്ലയിലെ പാണ്ടനാട് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രന്‍ ജയിന്‍ ജിനു ജേക്കബ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ആശ വി. നായര്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു.

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്നു കേസ് പ്രതി പിടിയില്‍. അണങ്കൂര്‍ സ്വദേശി അഹമ്മദ് കബീറാണ് പിടിയിലായത്. കാസര്‍കോട് കോടതിക്കു മുന്നിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെയാണ് ഈ 26 വയസുകാരന്‍ രക്ഷപ്പെട്ടത്.

വിഴിഞ്ഞം ആഴിമലയില്‍ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തട്ടികൊണ്ടുപോകുകയും പിന്നീടു കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയുംചെയ്ത കേസില്‍ പ്രതിയാക്കപ്പെട്ട മൂന്നു പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെയാണ് പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ആഴിമല കടലില്‍ കാണാതായ കിരണിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കുളച്ചലില്‍നിന്നു കണ്ടെത്തിട്ടുണ്ട്.

കുഴല്‍പ്പണം തട്ടിയെടുക്കാന്‍ പാലക്കാട് ചിറ്റൂരില്‍ തമ്പടിച്ച 13 അംഗ സംഘം പിടിയിലായി. ചിറ്റൂര്‍ കമ്പിളിച്ചുങ്കത്തുവെച്ചാണ് തൃശ്ശൂര്‍, എറണാകുളം സ്വദേശികളായ 13 പേരെ ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു ടെമ്പോ ട്രാവലറും രണ്ട് കാറുകളും ഒരു ബൈക്കും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളെ വിളിച്ചുകൊണ്ടുപോയി ജോലി ഏല്‍പ്പിക്കുകയും ജോലി ആരംഭിക്കുന്ന സമയം അവരുടെ ബാഗും സാധനങ്ങളും മോഷ്ടിച്ച് സ്ഥലംവിടുകയും ചെയ്യുന്ന വിരുതന്‍ ‘മുതലാളി’ തൃശൂരില്‍ പിടിയിലായി. കോഴിക്കോട്, പെരുമണ്ണ സ്വദേശി, കമ്മനം മീത്തല്‍ വീട്ടില്‍ പ്രശാന്ത് (39) ആണ് പിടിയിലായത്.

എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. തോപ്പുംപടി സ്വദേശി സജാര്‍, കിഴക്കമ്പലം സ്വദേശി ഷമീര്‍, ഇടുക്കി സ്വദേശി മണി ഭാസ്‌ക്കര്‍ എന്നിവരാണ് പിടിയിലായത്. ദേശീയ പതാക ഉള്‍പ്പടെ വാഹനത്തില്‍ മാലിന്യം കൊണ്ട് തള്ളിയവരും വാഹനവുമാണ് പിടിയിലായത്. മാലിന്യത്തോടൊപ്പം ദേശീയപതാക കൊടുത്തയച്ചവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. കോസ്റ്റ് ഗാര്‍ഡിന്റെ പതാകയും ദേശീയപതാകയും യൂണിഫോമുകളും ഇരുമ്പനം കടത്തുകടവ് റോഡിലാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് ഒലവക്കോട് പാതിരിനഗറില്‍ വൈദ്യുതി ലൈന്‍ തകരാര്‍ പരിഹരിക്കാന്‍ പോയ കെഎസ്ബിഇ ജീവനക്കാരന്‍ എം പി കണ്ണദാസനെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പരിക്കേറ്റ കണ്ണദാസനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി.

വെള്ളനാട് പഞ്ചായത്ത് അധ്യക്ഷയെ അപമാനിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. വെള്ളനാട് ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനത്തിനിടെ ഉണ്ടായ കയ്യാങ്കളിയെത്തുടര്‍ന്നാണ് പരാതി. പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെങ്കിലും വേദിയിലെത്തിയ ശശി പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മിക്കെതിരേ സംസാരിച്ചു. പഞ്ചായത്ത് ഉപാധ്യക്ഷനും ശശിയുടെ സഹോദരനുമായ വെള്ളനാട് ശ്രീകണ്ഠന്‍ ഇതു ചോദ്യം ചെയ്തു. അതോടെ ഇരുവരും തമ്മില്‍ അടിപിടിയായി. പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മിയുടെ പരാതിയിലാണ് കേസെടുത്തത്.

പോണ്ടിച്ചേരിയില്‍നിന്നു കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍. മലപ്പുറം വാഴയൂര്‍ പുഞ്ചപാടത്ത് കട്ടയാട്ട് വീട്ടില്‍ അനീഷാണ് പിടിയിലായത്.

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി ഡോര്‍ തുറന്ന് വിദ്യാര്‍ത്ഥി റോഡിലേക്കു തെറിച്ചുവീണു. കുന്നത്തുനാട് പള്ളിക്കരയിലാണ് സംഭവം. അപകടത്തില്‍പെട്ട രണ്ടാംക്ലാസുകാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

പാര്‍ലമെന്റ് കാമ്പസില്‍ പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച ഉത്തരവിനെച്ചൊല്ലി കോണ്‍ഗ്രസ്- ബിജെപി വാക്പോര്. പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ സമാനമായ ഉത്തരവ് ബിജെപി പുറത്തുവിട്ടു. വിശ്വഗുരുവിന്റെ അടുത്ത വെടിയെന്നാണു പ്രധാനമന്ത്രിക്കെതിരെ ജയറാം രമേശ് ട്വിറ്ററില്‍ പ്രതികരിച്ചത്. അശോകസ്തംഭം സ്ഥാപിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പൂജ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിഹാസം.

ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങള്‍ അനിവാര്യമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് കുറ്റകരമല്ല. ഹിന്ദു വിശ്വാസികള്‍ സഹിഷ്ണുതയുള്ളവരാണെന്നും കോടതി വ്യക്തമാക്കി. മുഹമ്മദ് സുബൈറിന്, ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യം അനുവദിച്ചു. ഉത്തര്‍പ്രദേശിലെ അഞ്ചു ജില്ലകളിലായുള്ള കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡി നിലനില്‍ക്കുന്നതിനാല്‍ മുഹമ്മദ് സുബൈറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അജ്മീര്‍ പോലീസ് കേസെടുത്ത അജ്മീര്‍ ദര്‍ഗ ഖാദിം ഗോഹര്‍ ചിഷ്തിയെ ഹൈദരാബാദിലെ ബീഗം ബസാറില്‍നിന്ന് അറസ്റ്റ് ചെയ്തു. പുരോഹിതന് അഭയം നല്‍കിയ വള വില്‍പ്പനക്കാരനായ മുനാവറിനെയും കസ്റ്റഡിയിലെടുത്തു.

നവിമുംബൈയില്‍ വന്‍ ലഹരി വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 365 കോടി വിലവരുന്ന 72 കിലോ ഹെറോയിനാണ് പൊലീസ് പിടികൂടിയത്. നവ്കര്‍ ലോജിസ്റ്റിക്സ് എന്ന കമ്പനിയില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിലായിരുന്നു ലഹരിമരുന്ന്.

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലക്നൗവിലെ ലുലു മാളില്‍ സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ച മൂന്നു ഹിന്ദു സമാജ് പാര്‍ട്ടിക്കാരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. മാളില്‍ ചിലര്‍ നിസ്‌ക്കാരം നടത്തുന്ന വീഡിയോ പ്രചരിച്ചതിനു പിറകേയാണ് സുന്ദരകാണ്ഡം ചൊല്ലാനുള്ള ശ്രമമുണ്ടായത്. മാളിനുള്ളില്‍ നിസ്‌കാരം നടത്തിവര്‍ക്കെതിരെ ലുലു മാള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ യുപി പൊലീസ് കേസെടുത്തു.

സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ – സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പതിന്നാലു ഗര്‍ഭഛിദ്രത്തിന് വിധേയമായ യുവതി ഡല്‍ഹിയിലെ അപാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്തു. ലിവിംഗ് ടുഗതര്‍ പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഗര്‍ഭഛിദ്രം നടത്തുന്നതെന്നും വിവാഹത്തിനു സമ്മതിച്ചില്ലെന്നും 33 കാരിയയുവതി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പൊലീസ് കേസെടുത്തു.

ഡല്‍ഹിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് അയല്‍ക്കാരെ അറസ്റ്റു ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. കാറില്‍ ചുറ്റിക്കറങ്ങാമെന്നു ക്ഷണിച്ചുകൊണ്ടുപോയി ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഡല്‍ഹിയിലെ അലിപൂരില്‍ ഗോഡൗണിന്റെ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പരിക്കുകളോടെ ഒമ്പതു പേരെ രക്ഷപ്പെടുത്തി.

രാകേഷ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള പുതിയ എയര്‍ലൈനായ ആകാശ എയര്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകാശ എയര്‍ ട്വിറ്റര്‍ പേജിലാണ് അറിയിപ്പുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാം.

ഭാര്യ താലി അഴിച്ചത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. ഈറോഡിലെ ഒരു മെഡിക്കല്‍ കോളജില്‍ പ്രൊഫസറായ സി. ശിവകുമാറിന് ഇതിന്റെ പേരില്‍ വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വി എം വേലുമണി, എസ് സൗന്തര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിചിത്രമായ വിധി പുറപ്പെടുവിച്ചത്.

ജമ്മു കാഷ്മീരിലെ ടെറിടോറിയല്‍ ആര്‍മി ക്യാമ്പിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകര്‍ക്ക് നേരെ സൈനികനാണു വെടിവച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വെടിവച്ച ശേഷം സൈനികന്‍ സ്വയം വെടിവച്ചെന്ന് പൂഞ്ചിലെ ശൂരന്‍കോട്ട് ടെറിടോറിയല്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രായേലിന്റെ ഹൈഫ തുറമുഖം സ്വന്തമാക്കി അദാനി. അദാനി പോര്‍ട്ട്‌സും കെമിക്കല്‍സ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടും 118 കോടി ഡോളറിനാണ് ലേലത്തിലെടുത്തത്. ഇതില്‍ 70 ശതമാനം ഓഹരി അദാനി പോര്‍ട്ട്സിന്റെയും ബാക്കി ഓഹരി ഗാഡോട്ടിന്റേതുമാണ്.

തുടര്‍ച്ചയായ രണ്ടാം പ്രീ-സീസണ്‍ ഫ്രണ്ട്‌ലി മത്സരത്തിലും വിജയം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഓസ്‌ട്രേലിയന്‍ ക്ലബ്ബ് മെല്‍ബണ്‍ വിക്ടറിയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്.

ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി കഴിഞ്ഞമാസം 23.52 ശതമാനം ഉയര്‍ന്ന് 4,013 കോടി ഡോളറിലെത്തി. ഇറക്കുമതി 57.55 ശതമാനം വര്‍ദ്ധിച്ച് 6,631 കോടി ഡോളറായി. ഇതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2,618 കോടി ഡോളറായി ഉയര്‍ന്നു; ഇത് റെക്കാഡാണ്. 2021 ജൂണില്‍ വ്യാപാരക്കമ്മി 960 കോടി ഡോളറായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ കയറ്റുമതി 24.51 ശതമാനം ഉയര്‍ന്ന് 11,896 കോടി ഡോളറാണ്. ഇറക്കുമതി 49.47 ശതമാനം വര്‍ദ്ധിച്ച് 18,976 കോടി ഡോളര്‍. വ്യാപാരക്കമ്മി 3,142 കോടി ഡോളറില്‍ നിന്ന് 7,080 കോടി ഡോളറായും ഉയര്‍ന്നു. ക്രൂഡോയില്‍ (2,130 കോടി ഡോളര്‍), കല്‍ക്കരി (647 കോടി ഡോളര്‍), ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ (610 കോടി ഡോളര്‍), സ്വര്‍ണം (270 കോടി ഡോളര്‍) എന്നിവയാണ് ജൂണിലെ ടോപ് 4 ഇറക്കുമതി ഉത്പന്നങ്ങള്‍. 182 ശതമാനമാണ് സ്വര്‍ണം ഇറക്കുമതി വളര്‍ച്ച.

കുട്ടികളും കൗമാരക്കാരും യൂട്യൂബില്‍ ചിലവഴിക്കുന്നതിനെക്കാള്‍ സമയം ടിക് ടോക്കില്‍ വീഡിയോകള്‍ കാണുന്നതിനാണ് ചിലവഴിക്കുന്നത് എന്ന് കണക്കുകള്‍. 2021ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2020 ജൂണ്‍ മുതലാണ് യൂട്യൂബും, ടിക്ടോക്കും ഉപയോഗിക്കുന്ന 4 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള ആളുകള്‍ പ്രതിദിന ശരാശരി മിനിറ്റുകളുടെ അടിസ്ഥാനത്തില്‍ ടിക് ടോക്ക് യൂട്യൂബിനെ മറികടക്കാന്‍ തുടങ്ങിയത്. ആ മാസമാണ് ആദ്യമായി ടിക്ടോക്ക് യൂട്യൂബിനെ മറികടന്നത്. ടിക്ടോക്കില്‍ ഈ വയസില്‍ ഉള്ള ഒരു വ്യക്തി പ്രതിദിനം ശരാശരി 82 മിനിറ്റും യൂട്യൂബില്‍ പ്രതിദിനം ശരാശരി 75 മിനിറ്റും ചിലവഴിക്കുന്നു എന്നാണ് കണക്ക്. 2020 ജൂണ്‍ മുതല്‍ ഈ ആധിപത്യം ടിക്ടോക് തുടരുകയാണ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോകള്‍ കാണുന്നുണ്ട് എന്നാണ് കണക്ക്. ആഗോളാടിസ്ഥാനത്തില്‍ യൂട്യൂബ് കാണാന്‍ ചെലവഴിക്കുന്നത് പ്രതിദിനം 56 മിനിറ്റ് മാത്രമാണ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസി’ന്റെ ടീസര്‍ പുറത്തെത്തി. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ളതാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ ആണ്. ചിത്രം ഓഗസ്റ്റ് 5ന് തിയറ്ററുകളില്‍ എത്തും. ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ ‘സീതാ രാമം’. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഗൗതം വാസുദേവ് മേനോന്റെ ലുക്കാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ‘മേജര്‍ സെല്‍വന്‍’ ആയിട്ടാണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. ‘അഫ്രീന്‍’ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും അഭിനയിക്കുന്നു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം, സുസുക്കി അവെനിസ് 125 ഇപ്പോള്‍ യുകെയില്‍ അവതരിപ്പിച്ചു. ഇതോടൊപ്പം, സുസുക്കി യുകെ ഇവിടെ വില്‍ക്കുന്ന ആക്‌സസ് 125-ന് സമാനമായ അഡ്രസ് 125-ഉം പുറത്തിറക്കി. യുകെ-സ്പെക്ക് അവെനിസ് 125 അതിന്റെ ഇന്ത്യന്‍ എതിരാളിയില്‍ നിന്നുള്ള എല്ലാ ഡിസൈനും മെക്കാനിക്കല്‍ ബിറ്റുകളും നിലനിര്‍ത്തുന്നു. സുസുക്കി യുകെ ഇതുവരെ ഈ മോഡലുകളുടെ വിലകള്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ 125 സിസി ഡ്യുവോ ഇന്ത്യന്‍ വിപണിയില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് റീട്ടെയില്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വി എസ് അജിത്തിന്റെ കഥകള്‍ നര്‍മ്മത്തിന്റെയും ശുദ്ധപരിഹാസത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സാഹിത്യ ഭാഷയുടെ അഴിച്ചുപണിയലിന്റെയും ആസ്വാദ്യങ്ങളായ മിശ്രിതങ്ങളാണ്. ആണ്‍പെണ്‍ ബന്ധത്തില്‍ നാം ഒളിക്കാന്‍ ശ്രമിക്കുന്നതെന്താണോ, അവയെയെല്ലാം ആഴത്തിലുള്ള മനഃശാസ്ത്രധാരണയോടെ മറനീക്കി കാണിക്കുകയാണ് കഥാകൃത്ത്. ‘ഇണയില്ലാപ്പൊട്ടന്‍’. ചിന്ത പബ്ളിക്കേഷന്‍സ്. വില 130 രൂപ.

നമ്മുടെ ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൂടുന്ന അവസ്ഥയെയാണ് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന് പറയുന്നത്. സാധാരണയേക്കാള്‍ അമിത ശക്തിയില്‍ ഹൃദയം രക്തം പമ്പ് ചെയ്യുന്നതിനെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന് പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പ്രതിദിനം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രക്തധമനികളിലേക്കുള്ള രക്തയോട്ടത്തെ പ്രതിരോധിക്കാനുള്ള അധിക പ്രയത്നം ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവയവങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇത് തുടര്‍ച്ചയായി ഉണ്ടായാല്‍ ഹൃദയാഘാതം, ഹൃദ്രോഗം, സ്ട്രോക്ക്, ഹൃദയസ്തംഭനം, പെരിഫറല്‍ ആര്‍ട്ടീരിയല്‍ രോഗം, അയോര്‍ട്ടിക് അനൂറിസം, വാസ്‌കുലര്‍ ഡിമെന്‍ഷ്യ, വൃക്കരോഗം എന്നിവയുണ്ടാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഏതൊരാളും ഉപ്പ് നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഇതോടൊപ്പം ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

ശുഭദിനം
കവിത കണ്ണന്‍
അയാളുടെ ആകെയുളള സമ്പാദ്യമായിരുന്നു ആ പെട്ടിക്കട. പക്ഷേ, ആ കടയിലേക്ക് നോക്കുമ്പോള്‍ ആദ്യം കാണുക ബീഡിയും സിഗരറ്റും ഇവിടെ ഇല്ല എന്ന ബോര്‍ഡാണ്. ഇത് കാണുമ്പോഴേക്കും പലരും പാതിവഴിയില്‍ തിരിച്ചുപോകും. ഒരുദിവസം ഒരാള്‍ അയാളോട് ചോദിച്ചു: താങ്കള്‍ ഈ ബീഡിയും സിഗരറ്റും വില്‍ക്കാതിരുന്നാല്‍ നാട്ടുകാര്‍ വലി നിര്‍ത്തുമോ? തൊട്ടടുത്ത കടയിലേക്ക് അവര്‍ പോകും. ലാഭം അവര്‍ക്ക് കിട്ടുകയും ചെയ്യും. അയാള്‍ പറഞ്ഞു: മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാകില്ല. അപ്പുറത്തുള്ള കടക്കാരോട് വില്‍ക്കരുത് എന്ന് പറയാനും ആകില്ല. ഞാന്‍ വഴി ആരും പുകവലിക്കാതെ നോക്കുകമാത്രമാണ് എനിക്ക് ചെയ്യാനാകുക. എനിക്ക് അത്രയേ ചെയ്യാനാകൂ. ഇതു കേട്ടപ്പോള്‍ വഴിപോക്കന്‍ അയാളോട് പറഞ്ഞു: താങ്കള്‍ ആ ബോര്‍ഡ് കുറച്ചുകൂടി വലുതാക്കി എഴുതൂ.. മൂല്യങ്ങള്‍ തികച്ചും വ്യക്തിഗതമാണ്. മറ്റുള്ളവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നുനോക്കി ആര്‍ക്കും സ്വന്തം മൂല്യങ്ങളെ ക്രമീകരിക്കാനാകില്ല. കാലത്തിനൊപ്പം മാറുന്നവരും, കാലം എത്രകഴിഞ്ഞാലും മാറാത്തവരും ഉണ്ട്. ആദ്യത്തെയാളുകള്‍ക്ക് മൂല്യബോധത്തിന് ഒരു സ്ഥായീഭാവവുമുണ്ടാകില്ല. കാലഹരണപ്പെടാത്ത പെരുമാറ്റസംഹിതകളിലൂടെയാണ് ഓരോ സമൂഹവും അതിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നത്. മറ്റുള്ളവരെല്ലാവരും ഉപേക്ഷിച്ചാലും വിട്ടുകളയാത്ത വിശ്വാസപ്രമാണങ്ങള്‍ നമുക്ക് ഉണ്ടായേ തീരൂ. മൂല്യങ്ങളെ മുറുകെപിടിക്കാന്‍ നമുക്ക് ശീലിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *