മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ സംഭവത്തില്‍ റിവ്യു ഹര്‍ജി പരിഗണിക്കുന്നതിനിടെ ലോകായുക്ത ന്യായാധിപന്മാര്‍ പരാതിക്കാരനെതിരെ രൂക്ഷമായി വിമര്‍ശിച്ചു. പരാതിക്കാരനായ ശശികുമാറിന് തങ്ങളെ വിശ്വാസമില്ലെങ്കില്‍ എന്തിനാണു കേസുമായി വന്നതെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയും ആള്‍ക്കൂട്ട അധിഷേപം നടത്തുകയുമാണ്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. ലോകായുക്ത വിമര്‍ശിച്ചു.
കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് സഹിക്കാനാകാതെ 2001 ല്‍ മുസ്ലീംലീഗ് യുഡിഎഫ് വിടാന്‍ തീരുമാനിച്ചിരുന്നെന്നു വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എല്‍ഡിഎഫിലേക്ക് പോകാനായിരുന്നു നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ് യുഡിഎഫില്‍ ഉറച്ചുനിന്നതെന്ന് ഗുലാംനബി ആസാദ് അവകാശപ്പെട്ടു.
ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച പിണറായി വിജയന് പശ്ചാത്താപമുണ്ടൊയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചു. പാലാ, തിരുവനന്തപുരം ബിഷപ്പുമാര്‍ക്കെതിരേ കേസെടുത്തതില്‍ പശ്ചാത്താപമുണ്ടൊ ? മുഖ്യമന്ത്രിയും റിയാസും സിപിഎമ്മിനെ മുസ്ലീം വത്കരിക്കാനുള്ള ശ്രമത്തിലാണെന്നും മുരളീധരന്‍ ആരോപിച്ചു. ബിജെപി നടത്തുന്ന ഗൃഹ സമ്പര്‍ക്കങ്ങളില്‍ സിപിഎമ്മിനും യുഡിഎഫിനും ആശങ്കയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.
സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എംഎന്‍ സ്മാരകം പൊളിച്ചു പുതിയ മന്ദിരം പണിയും. പത്തു കോടി ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിക്കുക. ഒന്നരക്കൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
തൃശൂരിലെ 24 സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. രോഗികള്‍ വലഞ്ഞു. പ്രതിദിന വേതനം 1500 ആക്കണമെന്നാണ് ആവശ്യം. ശമ്പളം വര്‍ധിപ്പിക്കാന്‍ ധാരണയായ അമല, ജൂബിലി മിഷന്‍ മെഡിക്കല്‍ കോള്ജ ആശുപത്രികള്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍ എന്നീ ആശുപത്രികളില്‍ സമരമില്ല.
വര്‍ക്കല അയിരൂരില്‍ പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനിയും ഗുണ്ടകളും നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ യുവതി പിടിയില്‍. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഇവരടക്കം ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വാഴച്ചാലില്‍ അരിക്കൊമ്പന്‍ ദൗത്യത്തിനായി വനംവകുപ്പു ട്രയല്‍ റണ്‍ നടത്തുകയായിരുന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. വാഴച്ചാല്‍ ചെക്ക് പോസ്റ്റിന് സമീപത്താണ് റോഡ് ഉപരോധിച്ചത്. ആനയെ ഇടുക്കിയില്‍നിന്ന് പറമ്പിക്കുളത്തേക്ക് കൊണ്ടുപോകന്നത് വാഴച്ചാല്‍ വഴിയാണ്. ആനയെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ഇടുക്കിയില്‍ വീണ്ടും അരി കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ ലീലയുടെ വീട് തകര്‍ത്തു. ലീലയും മകളും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. മൂവരും ഓടി രക്ഷപ്പെട്ടു.
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ കേന്ദ്ര റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സവാര്‍ ധനാനിയ സന്ദര്‍ശിച്ചു. റബറിന്റെ താങ്ങു വില വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബിഷപ്പ് പാംപ്ലാനിക്ക് ഉറപ്പു നല്‍കി.
ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാല് യൂത്ത് കോണ്‍ഗ്രസുകാരാണ് കരുതല്‍ തടങ്കലിലായത്. സജില്‍ ഷെരീഫ്, അബ്ദുല്‍ റഹീം, നൂറുദ്ദീന്‍ കോയ, അന്‍സില്‍ ജലീല്‍ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
ശബരിമലയിലെ കുത്തകകരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവ്. കരാറുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം നടത്തേണ്ടത്. പാര്‍ക്കിംഗ്, ലേലം, നാളികേര കരാര്‍ എന്നിവ പരിശോധിക്കും.
ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹന അപകട കേസില്‍ ആരെയും രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലന്ന് കോട്ടയം എസ് പി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ത സാമ്പിള്‍ പരിശോധിക്കാതിരുന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് എസ്പി കെ കാര്‍ത്തിക് പറഞ്ഞു.
അയിരൂരിലെ കാമുകി ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ മര്‍ദനമേറ്റ യുവാവിനു 15 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം. കേസായതോടെയാണ് പ്രതികള്‍ പണം വാഗ്ദാനം ചെയ്തതെന്ന് യുവാവിന്റെ അച്ഛന്‍ പറഞ്ഞു. മകനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തു. സിഗരറ്റ് കൊണ്ട് കുത്തി ശരീരം പൊള്ളിച്ചെന്നും അച്ഛന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും വധ ശ്രമത്തിനാണ് കേസ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ബസിടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാല്‍നട യാത്രക്കാരി മരിച്ചു. ബാലുശേരി എരമംഗലം കണ്ണങ്കോട് ചെട്ടിയാംകണ്ടി സ്വദേശി ഷൈനി (47)യാണ് മരിച്ചത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരേ സത്യഗ്രഹ സമരം ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട്. കേന്ദ്രനേതാക്കളെ ഗലോട്ട് നിലപാട് അറിയിച്ചു.
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് റെയ്ഡുകള്‍ നടത്താനോ വസ്തുക്കള്‍ പിടിച്ചെടുക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. റിട്ടേണിംഗ് ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പരിശോധനയ്ക്ക് അധികാരമുണ്ടെന്നും കോടതി.
നോയിഡയില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തി ബാഗില്‍ ഒളിപ്പിച്ച് അയല്‍വാസിയായ യുവാവ്. മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. രാഘവേന്ദ്ര എന്നയാള്‍ ഒളിവിലാണ്.
മാതാപിതാക്കളില്‍നിന്നും വേര്‍പിരിയാന്‍ ഭര്‍ത്താവിനെ ഭാര്യ നിര്‍ബന്ധിച്ചാല്‍ വിവാഹമോചനം അനുവദിക്കാനുള്ള കാരണമാകാമെന്നു കല്‍ക്കത്താ ഹൈകോയതി. നിയമാനുസൃതമായ കാരണങ്ങളില്ലാതെ മാതാപിതാക്കളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനായാല്‍ അത് അയാളെ മാനസികമായി പീഡിപ്പിക്കുന്നതായി കണക്കാക്കാമെന്നാണ് കോടതി നിരീക്ഷിച്ചത്.
വാഹനത്തിന്റെ നമ്പര്‍ പ്‌ളേറ്റ് വിറ്റത് 122 കോടി രൂപയ്ക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് വില്‍പന നടന്നത് യുഎഇയിലാണ്. ‘മോസ്റ്റ് നോബല്‍ നമ്പേഴ്സ്’ ചാരിറ്റി ലേലത്തിലാണ് പി 7 എന്ന വിഐപി കാര്‍ നമ്പര്‍ പ്ലേറ്റ് വിറ്റുപോയത്. ഈ ലേലം ലോക ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടി. എന്നാല്‍ ഈ നമ്പര്‍ ആരാണ് വാങ്ങിയതെന്നു പുറത്തുവിട്ടിട്ടില്ല.