ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കി ചൈനീസ് ബ്രാന്‍ഡായ വിവോ. കൗണ്ടര്‍പോയിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ സാംസങ്ങിനെ പിന്തള്ളിയാണ് വിപണിയില്‍ വിവോ വന്‍ തിരിച്ചുവരവ് നടത്തിയത്. കൊറിയന്‍ ടെക് ഭീമനായ സാംസങ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സാംസങ് 17.5 ശതമാനം വിപണി വിഹിതം നേടിയപ്പോള്‍ വിവോ 19 ശതമാനം വിപണി വിഹിതമാണ് നേടിയത്. ചൈനയുടെ തന്നെ ഷഓമിയാണ് 18.8 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്ത്. 10.1 ശതമാനവുമായി ഒപ്പോയാണ് നാലാമത്. അതേസമയം, വിറ്റുപോയ ഫോണുകളുടെ മൂല്യത്തില്‍ സാംസങ്ങാണ് പട്ടികയില്‍ ഒന്നാമത്. ആപ്പിളും ഇന്ത്യയില്‍ ഈ പാദത്തില്‍ വന്‍ നേട്ടമാണുണ്ടാക്കിയത്. ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസ്, പ്രത്യേകിച്ച് ഓഫ്ലൈന്‍ ചാനലുകളില്‍ വലിയ വില്‍പനയാണ് നേടിയത്. പ്രീമിയം സെഗ്മെന്റ് വിപണിയില്‍ ആപ്പിളാണ് മുന്നിട്ട് നില്‍ക്കുന്നത്. കുറച്ചുകാലമായി ഇന്ത്യയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കാതിരുന്ന ഷഓമി ഓഫ്‌ലൈന്‍ വിപണിയില്‍ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ വന്‍ തിരിച്ചുവരവാണ് നടത്തിയത്.