പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയില്‍ പ്രത്യേക സാന്നിധ്യമായി മാറാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ഇലക്ട്രിക് കാര്‍ ശ്രേണി പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാര്‍ വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും, കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറും കരാറില്‍ ഒപ്പുവച്ചു. ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റായ അവിന്യയിലാണ് ജാഗ്വാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഇതിനോടൊപ്പം ജാഗ്വാറിന്റെ ഇലക്ട്രിക് മോട്ടോറുകളും, ബാറ്ററി പാക്കുകളും ഇവയില്‍ ഉള്‍പ്പെടുത്തും. ജാഗ്വാറിന്റെ ഇലക്ട്രിഫൈഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് അവിന്യ പുറത്തിറക്കാന്‍ സാധ്യത. 2024 ആദ്യ കാര്‍ വിപണിയില്‍ എത്തിക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനം. ടാറ്റയുടെ ഏറ്റവും പുതിയ ലോഗോ ആലേഖനം ചെയ്ത് എത്തുന്ന ആദ്യ വാഹനം എന്ന സവിശേഷതയും അവന്യയ്ക്ക് സ്വന്തമാകും. ടാറ്റയുടെ ജനറേഷന്‍ 3 പ്ലാറ്റ്‌ഫോമിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.