Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

ലോക്സഭ തെരഞ്ഞെടുപ്പിന്റെ  അ‍ഞ്ചാംഘട്ടത്തിലും  തണുത്ത പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ  കണക്കനുസരിച്ച് ഉച്ചക്ക്  മൂന്ന് വരെ 47.53 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര അഞ്ചാം ഘട്ട വോട്ടെടുപ്പ് അഞ്ചു മണി വരെ ആയപ്പോള്‍ 48.66%, ഏറ്റവും കുറവ് പോളിംഗ് കല്യാണിൽ 41.70% എന്നിങ്ങനെയാണ്. നാലു മണ്ഡലങ്ങളിൽ പോളിംങ് 50 ശതമാനം പിന്നിട്ടു. ഉത്തർപ്രദേശ് 55.80 %, അമേഠിയില്‍ 52.68%, റായ്ബറേലിയില്‍  56.26% പോളിങ്ങും  രേഖപ്പെടുത്തി. റായ്ബറേലിയിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ലഖ്നൗ, റായ്ബറേലിയടക്കം  പലയിടങ്ങളിലും വോട്ടിംഗ് മെഷിനുകൾ പണിമുടക്കിയത് പോളിംഗ് വൈകിപ്പിച്ചു.

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെയും, വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ നാളെ ഒരു ദിവസത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചു . അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ദുഃഖാചരണത്തിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

എൽഡിഎഫ് സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ, ജനകീയ വികസന മാതൃക കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റിയും പുതിയ പദ്ധതികൾ ഏറ്റെടുത്തും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി നമുക്ക് പ്രയത്നിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവയവക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ പിടിയിലായ സബിത്ത് നാസറിന്‍റെ മൊഴിയിൽ നിർണായക വിവരങ്ങൾ പുറത്ത്. അവയവക്കടത്തിനായി പ്രധാനമായും യുവാക്കളെ കണ്ടെത്തുന്നത് ഹൈദരാബാദ്, ബെംഗലൂരു പോലുള്ള നഗരങ്ങളില്‍ നിന്നാണെന്നും, 6 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി നല്‍കുന്നതെന്നും സബിത്ത് പറഞ്ഞു. സബിത്ത് നാസര്‍ വഴി സംഘത്തിലേക്ക് മുഴുവനായി എത്തിപ്പെടാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവര്‍ എ.ടി പ്രബാഷ്, പൂവാര്‍ യൂണിറ്റിലെ ഡ്രൈവറായ ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍പ്രബാഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഷൈനിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

മഴ കനത്തതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായി. കനത്ത മഴയും കാറ്റുമാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്. അതിരപ്പിള്ളി, വാഴച്ചാൽ,വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേയാണ് നിയന്ത്രണം എന്ന്ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു .

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് മണിയാറൻകുടി സ്വദേശി വിജയകുമാർ (24)  മരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണം.  കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്.  . മരണ കാരണം സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് ഇന്നാണ് ലഭിച്ചത്.

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി പി ജയരാജൻ. ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും പി ജയരാജൻസമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ പൊതുദർശനം, തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നടക്കുന്നു. നാല് ഘട്ട ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയായി. രാവിലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നത്. നാളെ രാവിലെ 11 മണിക്ക് സെന്റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് സംസ്കാരം.

കോടതിയലക്ഷ്യ കേസിൽ കെ സുധാകരൻ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമർശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമർശം. ഇനി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ല.

പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമീന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തള്ളി അഭിഭാഷകൻ അഡ്വ. ബിഎ ആളൂര്‍. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അഡ്വ. ബിഎ ആളൂര്‍ പറഞ്ഞു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും,വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്നും ആളൂര്‍ പറഞ്ഞു .

കൊടകര കുഴൽപ്പണ കേസിൽ  അന്വേഷണം വേഗത്തിലാക്കണമെന്ന എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി . സ്വകാര്യ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന്  ഇഡി കോടതിക്ക് മറുപടി നൽകിയിരുന്നു.  കെ സുരേന്ദ്രൻ അടക്കം ആരോപണ വിധേയരായ സംഭവത്തിൽ, എൻഫോഴ്സ്മെന്‍റ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് ആം ആദ്മി പാർട്ടിയാണ് കോടതിയെ സമീപിച്ചത്.കൊടകര ദേശീയ പാതയില്‍ വച്ച്  കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു . തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കി മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.തിരുവനന്തപുരത്ത് അഗ്‌നിരക്ഷാനിലയത്തിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമായ ഘട്ടത്തിൽ 0471-2333101 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത.  49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22  തീയതികളിൽ അതി തീവ്രമായ  മഴക്കും, മെയ്‌ 20 മുതൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ-അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  മെയ്‌ 22-ഓടെ  ന്യുന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്ന പ്രതിയുടെ ആവശ്യവും ഹൈക്കോടതി തള്ളി.വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്. കേസില്‍ ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്.

 

ഡൽഹി കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം. ഫയർഫോഴ്സിന്‍റെ എട്ട്  സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമത ബാനര്‍ജിയുടെ ഇളയ അനിയന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഹൗറ മണ്ഡലത്തില്‍ ഇന്നാണ് ബബുന്‍ ബാനര്‍ജി വോട്ട് ചെയ്യണ്ടിയിരുന്നത്.ബംഗാള്‍ ഒളിംപിക് അസോസിയേഷന്‍റെയും ബംഗാള്‍ ഹോക്കി അസോസിയേഷന്‍റെയും പ്രസിഡന്‍റാണ് ബബുന്‍ ബാനര്‍ജി.

അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മണ്ഡലങ്ങളില്‍ നിന്ന് ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്കുള്ളില്‍ ആയിരത്തിലധികം പരാതികൾ ലഭിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറുകള്‍, പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്‍റുമാരെ വിലക്കിയ സംഭവം, പോളിംഗ് ഏജന്‍റുമാര്‍ക്കെതിരായ ആക്രമണം, എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചിരിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് ദില്ലി മെട്രോയിൽ ചുവരെഴുത്ത്. മെട്രോ പട്ടേൽ ന​ഗർ സ്റ്റേഷനിലും, മെട്രോ കോച്ചിന് അകത്തുമാണ് ചുവരെഴുത്ത്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപിയും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്നും എഎപി കുറ്റപ്പെടുത്തി.

ഗുജറാത്തിലൽ ശ്രീലങ്കൻ സ്വദേശികളായ നാല് ഐ എസ് ഭീകരരെ എടിഎസ് പിടികൂടി. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയിൽ നിന്നും ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുകയാണ്.

 

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ശത്രുരാജ്യങ്ങൾക്കടക്കം പങ്കുണ്ടെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗികമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇസ്രയേലിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന വാർത്തകളുണ്ട്. എന്നാൽ പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ നാലിന് ശേഷം രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടി വരുമെന്ന് അമിത് ഷാ. തിരഞ്ഞെടുപ്പില്‍ 40 സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അമിത് ഷാ പറഞ്ഞു.ഹരിയാണയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി. ഈ ഇനത്തിലെ പുതിയ ലോക റെക്കോഡ് ഇന്ത്യന്‍ താരത്തിനൊപ്പം നില്‍ക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *