night news hd

 

ഇലക്ട്രല്‍ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീംകോടതി. ഭരണകക്ഷിക്ക് എന്തുകൊണ്ടാണ് കൂടുതല്‍ സംഭാവന കിട്ടുന്നത്? എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാത്തത് എന്തുകൊണ്ടാണ്? ഭരണകക്ഷിക്ക് ആരൊക്കെ സംഭാവന നല്കുന്നെന്ന് പ്രതിപക്ഷത്തിന് അറിയില്ല. എന്നാല്‍ പ്രതിപക്ഷത്തിന് സംഭാവന നല്കുന്നത് ആരെന്ന് സര്‍ക്കാരിനും അതുവഴി ഭരണകക്ഷിക്കും അറിയാനാകും. കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം വരുന്നതു തടയാനാണ് പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ബാങ്കുകള്‍ വഴി വാങ്ങുന്ന ബോണ്ടുകള്‍ കള്ളപ്പണം തടയും. പദ്ധതിക്ക് രഹസ്യസ്വഭാവം വേണമെന്നും എന്നാല്‍ സുതാര്യതയുണ്ടെന്നും കേന്ദ്രം വാദിച്ചു.

വന്‍ സമ്പത്തിക പ്രതിസന്ധിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളാ ട്രാന്‍സ്‌പോര്‍ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാട് 90 കോടി രൂപയുടേതാണെന്ന് എന്റഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം. സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിനാക്ഷന്‍ കേസില്‍ പതിനാലാം പ്രതിയാണ്. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലില്‍ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി.
അറസ്റ്റു നടന്ന് രണ്ടു മാസത്തിനകമാണ് പ്രതികള്‍ക്കു ജാമ്യം ലഭിക്കാതിരിക്കാന്‍ ഇഡി ആദ്യഘട്ടകുറ്റപത്രം സമര്‍പ്പിച്ചത്. 12,000 പേജുള്ള പ്രാഥമിക കുറ്റപത്രത്തില്‍ 50 പ്രതികളും അഞ്ചു കമ്പനികളുമാണ് പ്രതികള്‍.

സപ്ലൈകോയ്ക്കു ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തതിനു ലഭിക്കാനുള്ള 650 കോടിയിലേറെ രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിതരണക്കാര്‍ കേരളപ്പിറവി ദിനത്തില്‍ സപ്ലൈകോ ആസ്ഥാനത്ത് സൂചനാ സമരം നടത്തി. പണം ഉടന്‍ നല്‍കണമെന്നും തങ്ങളെ ബാങ്ക് ജപ്തിയില്‍നിന്ന് ഒഴിവാക്കണമെന്നും ആാവശ്യപ്പെട്ടാണ് കൊച്ചി ഗാന്ധിനഗര്‍ സപ്ലൈകോയുടെ ഹെഡ് ഓഫീസിനു മുന്നില്‍ സമരം നടത്തിയത്.

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ് കെ വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമായ എസ് കെ വസന്തന്‍, ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ കോട്ടകള്‍ തകര്‍ത്ത് കെഎസ്യുവിന് അട്ടിമറി വിജയം. പാലക്കാട് വിക്ടോറിയ കോളേജില്‍ 23 വര്‍ഷത്തിനു ശേഷം കെ എസ് യു യൂണിയന്‍ പിടിച്ചെടുത്തു. പട്ടാമ്പി ഗവ. കോളേജില്‍ 42 വര്‍ഷത്തിനു ശേഷമാണു കെഎസ്യു യൂണിയന്‍ പിടിച്ചത്. നെന്മാറ എന്‍എസ്എസ് കോളജ്, ഒറ്റപ്പാലം എന്‍എസ്എസ് കോളജ്, തൃത്താല ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളിലും കെഎസ്യു ആധിപത്യം നേടി.

കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ വീതം പിഴയടയ്ക്കണമെന്ന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍. തിരുവനന്തപുരം കോര്‍പറേഷനിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍ സിന്ധു ശശി വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ടെന്നാണു പരാതി.

‘തൊടരുത്, മാറിനില്‍ക്കൂ’വെന്ന് മാധ്യമപ്രവര്‍ത്തകരോടെ സുരേഷ് ഗോപി. കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് എത്തിയപ്പോഴാണ് അരികിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ജഡ്ജിക്കും അഭിഭാഷകര്‍ക്കും പനിയും ശരീരവേദനയുംമൂലം തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികള്‍ രണ്ടു ദിവസത്തേക്ക് അടച്ചിടും. അന്‍പതോളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്റെ പണിസ്ഥലത്തുനിന്നുളള പൊടിപടലങ്ങള്‍ കാരണമാണോയെന്നു സംശയമുണ്ട്.

മയക്കുമരുന്നു വിപത്തിനെ തടയാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അധ്യാപക പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരിന്റെ കേരളീയം പരിപാടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെന്‍ഷനുകളും മുടങ്ങി. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുപോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരള പൊലീസില്‍ പുതിയതായി നിയമനം ലഭിച്ച 1,272 പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജില്‍ ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആപ്പിള്‍ കമ്പനി അധികൃതരെ വിളിച്ച് വരുത്താന്‍ പാര്‍ലമെന്റ് ഐടി കമ്മിറ്റി തീരുമാനിച്ചു. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് വിളിച്ചുവരുത്തുന്നത്.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹര്‍ജിക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.

ഹര്‍ജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ വിധിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ച പരാതിക്കാരന് ആറു മാസം തടവുശിക്ഷ. പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശി നരേഷ് ശര്‍മയെയാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ചത്. 2000 രൂപ പിഴയും അടയ്ക്കണം. ഡല്‍ഹി പൊലീസ്, മുംബൈ പൊലീസ്, ബെംഗളൂരു പൊലീസ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, യൂണിയന്‍ ഓഫ് ഇന്ത്യ എന്നിവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ ജഡ്ജിക്കു വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചിരുന്നത്.

ആറു മാസത്തിനിടെ മുംബൈയിലെ ജെംസ് കമ്പനി സ്റ്റോറില്‍നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങള്‍ മോഷണം പോയ സംഭവത്തില്‍ സ്ഥാപനത്തിലെ രണ്ടു ജീവനക്കാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ ഭാരത് ഡയമണ്ട് ബോഴ്സിലെ ജെബി ആന്‍ഡ് ബ്രദേഴ്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വജ്രം മോഷണം പോയത്.

ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ. അയല്‍രാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *