പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യിലെ നേതാക്കളായ എംപിമാര്‍ മണിപ്പൂരിലേക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിപക്ഷ എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തെക്കുറിച്ചു പ്രധാനമന്ത്രി പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണു കേന്ദ്ര സര്‍ക്കാര്‍. മണിപ്പൂര്‍ ചര്‍ച്ചയും അവിശ്വാസ പ്രമേയ ചര്‍ച്ചയും നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ബിജെപിക്കെതിരായ കരുനീക്കമെന്ന നിലയിലാണ് മണിപ്പൂര്‍ സന്ദര്‍ശനം.
ഭൂതകാലത്തെ അഴിമതി മറയ്ക്കാനാണ് യുപിഎ എന്ന പേരു മാറ്റി പുതിയ പേരുമായി പ്രതിപക്ഷ കക്ഷികള്‍ എത്തിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നാണക്കേടുമൂലമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നു പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ സ്ഥാനത്ത് എസ്.കെ മിശ്രയ്ക്കു സുപ്രീം കോടതി കാലാവധി നീട്ടി നല്‍കി. കാലാവധി നീട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. എന്നാല്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് സെപ്റ്റംബര്‍ 15 വരെ കാലാവധി നീട്ടുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി കാലാവധി നീട്ടരുതെന്നും ഉത്തരവില്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് കെ റെയില്‍ അധികൃതര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനമാണ് ആരംഭിച്ചിരുന്നത്. അലൈന്‍മെന്റിന്റെ അതിരടയാളം സ്ഥാപിച്ചത് അതിനായിരുന്നു. ഭൂമി ഏറ്റെടുക്കലും മതില്‍ നിര്‍മിക്കലും അടക്കം 14 ജോലികള്‍ നടത്താന്‍ കേന്ദ്രം അനുമതി തന്നിട്ടുണ്ടെന്നും കെ റെയില്‍ അധികൃതര്‍ അവകാശപ്പെട്ടു.
എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകള്‍ മനസിലാക്കി പിന്മാറിയ വ്യവസായിക്ക് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയ സംഘത്തിന്റെ ഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. ലൈറ്റ് മാസ്റ്റര്‍ ലൈറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജെയിംസ് പാലമുറ്റം പരാതിയുമായി തന്നെ വന്നു കണ്ടിരുന്നു. വിവരം കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
തൃശൂരില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചെന്ന് നഴ്‌സുമാര്‍. തൃശൂര്‍ നൈല്‍ ആശുപത്രി എംഡി ഡോ. വി.ആര്‍ അലോകിനെതിരേയാണ് പരാതി. നാലു നഴ്‌സുമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഏഴ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതു സംബന്ധിച്ച് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടെ മര്‍ദ്ദിച്ചെന്നാണ് ആരോപണം.
ഇടുക്കി അടിമാലിയില്‍ ലോഡ്ജ് ഉടമ അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ഇരട്ട ജീവപര്യന്തം തടവു ശിക്ഷ ഹൈക്കോടതി ശരിവച്ചു. കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരന്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് പ്രതികള്‍ 2015 ല്‍ കൊലപ്പെടുത്തിയത്.
തെങ്ങുകയറുന്നവരുടെ കയ്യിലെയും കാലിലെയും തഴമ്പ് സൗന്ദര്യ ശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാത്തതിനാലാണ് തെങ്ങു കയറാനും കള്ളു ചെത്താനും ആളെ കിട്ടാത്തതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടെ മദ്യനയത്തെ ന്യായീകരിക്കവേയാണ് ജയരാജന്‍ ഇങ്ങനെ പറഞ്ഞത്.
യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കിയ പി ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി ജയരാജനെതിരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് യുവമോര്‍ച്ച പരാതി നല്‍കി.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇരുവരും ആര്യവൈദ്യശാലയില്‍ ചികില്‍സയിലാണ്. രാഹുല്‍ഗാന്ധിക്ക് എം ടി വാസുദേവന്‍ നായര്‍ ഒരു പേന സമ്മാനിച്ചു. ഈ പേന താന്‍ എക്കാലവും കാത്തുസൂക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച് വയോധികന്‍ മരിച്ചു. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോകവേ കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തിലാണ് പതിച്ചത്.
വയനാട് മീനങ്ങാടിയില്‍ പശുവിനു പുല്ലരിയാന്‍ പുഴയോരത്തു പോയി കാണാതായ കീഴാനിക്കല്‍ സുരേന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ഒന്നര കിലോമീറ്റര്‍ അകലെ ചെക്ക് ഡാമിനു സമീപം കണ്ടെത്തിയ മൃതദേഹത്തില്‍ കാര്യമായ മുറിപ്പാടുകളില്ല. ചീങ്കണ്ണി വലിച്ചിഴച്ചു കൊണ്ടുപോയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ഒന്നര വര്‍ഷംമുമ്പ് പത്തനംതിട്ട കലഞ്ഞൂരില്‍ കാണാതായ പാടം സ്വദേശി നൗഷാദ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യ അഫ്‌സാനയെ അറസ്റ്റു ചെയ്തു. അടൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനു സമീപമുള്ള നാലിടങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അഫ്‌സാന പറയുന്നതെന്ന് പോലീസ്.
മണിപ്പൂര്‍ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. കേസിന്റെ വിചാരണ മണിപ്പൂരിനു പുറത്തു നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കാനും മന്ത്രാലയം തീരുമാനിച്ചു.
മണിപ്പൂര്‍ കലാപത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ബിഹാറിലെ ബിജെപിയില്‍ രാജി. ബിജെപി വക്താവായിരുന്ന വിനോദ് ശര്‍മ്മയാണു രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാര്‍ട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി.
ജ്ഞാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി അടുത്ത മാസം മൂന്നു വരെ നീട്ടി. വാദം പൂര്‍ത്തിയാക്കി അടുത്ത മാസം മൂന്നിനു വിധി പറയും. അതുവരെ സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ല. വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വെ നടത്താന്‍ വാരണാസി ജില്ലാ കോടതി ഉത്തരവിട്ടത്. ചോദ്യം ചെയ്ത് പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
ബിജെപി തമിഴ് നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന സംസ്ഥാന പദയാത്രയില്‍ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി പങ്കെടുക്കില്ല. നാളെ രാമേശ്വരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു പളനിസ്വാമിയെ ക്ഷണിച്ചിരുന്നു.
മൂവായിരം കാറുകളുമായി പോകുകയായിരുന്ന ചരക്കുകപ്പലിനു തീ പിടിച്ചു. ഡച്ച് ദ്വീപായ അമേലാന്‍ഡില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്ക് മാറിയാണ് അപകടം. തീപിടിത്തത്തില്‍ ഒരു ജീവനക്കാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മ്മന്‍ തുറമുഖമായ ബ്രെമര്‍ഹാവനില്‍ നിന്ന് ഈജിപ്തിലെ പോര്‍ട്ട് സെയ്ഡിലേക്ക് പോകുകയായിരുന്ന ഫ്രീമാന്റില്‍ എന്ന ചരക്കുകപ്പലിനാണു തീ പിടിച്ചത്.