ജനനായകനു കേരളം കണ്ണീരോടെ വിടയേകി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അശ്രുപൂജകളുമായി ജനസാഗരം ഒഴുകിയെത്തിയപ്പോള്‍ പൊതുദര്‍ശനത്തിനും സംസ്‌കാരത്തിനും നിശ്ചയിച്ചിരുന്ന സമയം മണിക്കൂറുകള്‍ വൈകിക്കേണ്ടിവന്നു. പുതുപ്പള്ളിയിലെ തറവാട് വീട്ടിലും പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലും പൊതുദര്‍ശനത്തിനുശേഷമായിരുന്നു സംസ്‌കാര ശുഷ്രൂഷകള്‍. വൈകുന്നേരം മൂന്നരയ്ക്കു തുടങ്ങേണ്ടിയിരുന്ന ചടങ്ങുകള്‍ രാത്രി ഏഴരയ്ക്കാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പുതുപ്പള്ളിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തിലുള്ള സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിയും 20 ബിഷപ്പുമാരും പങ്കെടുത്തു.
കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ്. പബ്ലിക് ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡാണ് ലഭിച്ചത്. ഈ മാസം 27 ന് ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.
വിനായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റിനുനേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിലെത്തിയ സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കു. 19 ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനായിരുന്നതായിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് ലോകായുക്ത ഓഗസ്റ്റ് ഏഴിലേക്കു മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലിന്റെ ഇന്നു ചേരുന്ന യോഗത്തില്‍ ഏക സിവില്‍ കോഡിനെതിരേ പ്രമേയം അവതരിപ്പിക്കാനുള്ള അജണ്ട പിന്‍വലിക്കണമെന്നു ഹൈക്കോടതി. കോര്‍പറേഷന്റെ അധികാര പരിധിയിലില്ലാത്ത കാര്യമെന്നു ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലര്‍ നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
മണിപ്പൂരില്‍നിന്ന് അനാഥയരായി കേരളത്തിലെത്തിയ പിഞ്ചു ബാലികയെ ചേര്‍ത്ത് പിടിച്ച് കേരളം. തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പ്രവേശനം നേടിയ ജേ ജെം എന്ന ബാലികയെ സ്‌കൂളില്‍ സന്ദര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയ്. വീട് അക്രമികള്‍ കത്തിച്ചു. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ പാലായനം ചെയ്തതോടെ കുഞ്ഞ് അനാഥമാകുകയായിരുന്നു.
ആലപ്പുഴ കുത്തിയതോട് പള്ളിത്തോട് ജംഗ്ഷനില്‍ കാറില്‍ കടത്തുകയായിരുന്ന 6450 പായ്ക്കറ്റ് ഹാന്‍സുമായി തോട്ടപ്പള്ളി ഷെമി മന്‍സിലില്‍ ഷെമീര്‍(39), പുറക്കാട് കൈതവളപ്പില്‍ അഷ്‌ക്കര്‍ (39) എന്നിവരെ അറസ്റ്റു ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പാര്‍ലമെന്റിലെത്തിയാണ് അനില്‍ ആന്റണി പ്രധാനമന്ത്രിയെ കണ്ടത്. പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകുമെന്ന് അനില്‍ ആന്റണി പറഞ്ഞു.
മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത എല്ലാവരെയും വേദനിപ്പിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവി ശങ്കര്‍പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി സംഭവത്തെ ശക്തമായി അപലപിച്ചുവെന്നും ശക്തമായ നടപടിക്ക് നിര്‍ദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂര്‍ കലാപത്തിലും കലാപത്തിനിടെ യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷം. 1800 മണിക്കൂറിലധികം പൊറുക്കാനാകാത്ത നിശബ്ദതയ്ക്കു ശേഷം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് 30 സെക്കന്‍ഡ് സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. ഭരണ പരാജയങ്ങളില്‍നിന്നും ദുരന്തങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചാണു പ്രസംഗിച്ചതെന്നും ജയറാം രമേശ്.
മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നതിനെതിരേ ട്വിറ്ററിനു നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയം. ഇനി ഒരു ഭ്രമണപഥ മാറ്റം മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം 25 ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഉയര്‍ത്തല്‍ നടക്കുക. ആഗസ്റ്റ് ഒന്നിനുശേഷം പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലാകും.
നോണ്‍ എസി ദീര്‍ഘദൂര ട്രെയിനുകള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. മികച്ച കോച്ചുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, മികച്ച ഭക്ഷണം എന്നിവ ഏര്‍പ്പെടുത്താനാണ് പദ്ധതി. പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, സൂററ്റ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന നോണ്‍ എസി ദീര്‍ഘദൂര ട്രെയിനുകള്‍ ആരംഭിക്കനാണ് പദ്ധതി.
ലൈംഗിക അതിക്രമ കേസുകളില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനു കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തെ സര്‍ക്കാരോ പോലീസോ എതിര്‍ത്തില്ല.
ബി എസ് സി നഴ്‌സിംഗ് പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് ഗുജറാത്ത് പൊലീസ്. എബിവിപിയുടെ പ്രവര്‍ത്തകനും റാക്കറ്റില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്സിറ്റി കാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ ലോക്കര്‍ റൂമില്‍നിന്ന് നാലാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ 28 ഉത്തരക്കടലാസുകളാണു മോഷണം പോയത്.
ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഷോക്കടിച്ച് മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15 ലെ ജിംനേഷ്യത്തിലാണ് സാക്ഷന്‍ പൃതി എന്ന 24 കാരന്‍ ഷോക്കടിച്ച് മരിച്ചത്.