കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്നും ഇതിന്‍റെ പ്രശ്നങ്ങൾ അക്കാദമിക് മേഖലയിലുമുണ്ടെന്നും കാലിക്കറ്റ് സർവകലാശാല വിസി ഡോ.പി രവീന്ദ്രൻ. സെനറ്റ് യോഗം ചിലർ അലങ്കോലപ്പെടുത്തിയെന്നും ഈ നിലയിൽ മുന്നോട്ട് പോകുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഐഎസ്എം പരിപാടിക്കും പോസ്റ്റൽ ഡിപ്പാർട്മെണ്ടിന്റെ പരിപാടിക്കും പോയിട്ടുണ്ട്. സേവാ ഭാരതി ഒരു നിരോധിത സംഘടന അല്ലെന്നും വിസി എന്ന നിലയിൽ എല്ലാത്തിനെയും ചേർത്തുപിടിക്കുക എന്നതാണ് സ്വന്തം രീതി എന്നും കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ പറഞ്ഞു.
കേരള സർവകലാശാലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കും. രാഷ്ട്രീയ പോരിന് കാരണമായ ഭാരതാംബ വിവാദത്തിൽ അടക്കം വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്നു രാത്രി ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തും.
കേരള സർവകലാശാലയിൽ റജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട തൻ്റെ നിലപാടിൽ വിസി മോഹനൻ കുന്നുമ്മൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സിൻഡിക്കേറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിർദേശം അദ്ദേഹം തള്ളി. എന്നാൽ സിൻഡിക്കേറ്റും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് ഉള്ളത്.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിനെ പൈതൃക ടൂറിസം ക്യാമ്പസാക്കി മാറ്റുന്നതിനുളള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാർ. സർവ്വകലാശാലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ സമരത്തോടനുബന്ധിച്ച് വിദ്യാർത്ഥി പ്രാതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് കാലടി മുഖ്യ ക്യാമ്പസിലുളള സിൻഡിക്കേറ്റ് ഹാളിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘
കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നൽകി നാട്. പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. അതോടൊപ്പം മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ്. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിക്കാനിടയാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് സര്‍ക്കാര്‍ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ട്. അതേസമയം, മിഥുന്‍റെ മരണത്തന് ഇടയ്ക്കിയ വൈദ്യുതി ലൈൻ കെഎസ്ഇബി ഇന്ന് മാറ്റും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാൻ്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്.
കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്കൂള്‍ മാനേജര്‍. വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകുമെന്നും ഏതു നടപടിയും നേരിടാൻ ഒരുക്കമാണെന്നും സ്കൂള്‍ മാനേജര്‍ മുരളീധരൻ പിള്ള പറഞ്ഞു.
കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിൽ മുസ്ലിം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി. കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരി ചികിത്സയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
നൃത്താധ്യാപിക സത്യഭാമ നർത്തകരായ ആർഎൽവി രാമകൃഷ്ണൻ, പത്തനംതിട്ട സ്വദേശി യു ഉല്ലാസ് എന്നിവർക്കെതിരെ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ പരാതിയിൽ തിരുവനന്തപുരംജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എടുത്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹർജി അനുവദിച്ചാണ് നടപടി. തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇടുക്കിയിൽ ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ ഏലമലക്കാട്ടിൽ നിന്നും നിയമം ലംഘിച്ച് വിവിധ ഇനത്തിൽ പെട്ട 150 ലധികം മരങ്ങൾ മുറിച്ചുകടത്തി. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവർക്ക് എതിരെ കേസെടുത്തു. ഒന്നര വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായതിൻറെ സമീപത്താണ് സംഭവം. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ പോലും വനംവകുപ്പിൻറെ അനുമതി വേണം. സംഭവം വിവാദമായതോടെ വനം വകുപ്പ് കേസ് എടുത്തു.
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നു. യെമനുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ചര്‍ച്ച നടത്തി നിമിഷ പ്രിയയുടെ മോചനത്തിൽ അനുകൂലമായ തീരുമാനത്തിന് ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും റെഡ് അലർട്ട് ആയിരിക്കും. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
പന്തളം കെഎസ്ആർടിസിയിൽ നിലവാരമില്ലാത്ത ബ്രത്ത് അനലൈസർ ജീവനക്കാരെ കുടുക്കിയെന്നു പരാതി. മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത് ജീവനക്കാരിൽ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. എന്നാൽ തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാർ വാദിച്ചു. നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഡിപ്പോയിൽ താൽക്കാലികമായി ചക്കപ്പഴത്തിന് വിലക്കേർപ്പെടുത്തി.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സഹോദരൻ എം.കെ.മുത്തു (77) അന്തരിച്ചു. എം.കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20ാം വയസിൽ പദ്മാവതി മരിച്ചത്. അതിനു ശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ.
റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ, അതിശക്തമായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒരു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ട്. അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ടിംഗിനിടെ ഒലിച്ച് പോയത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട് സാഹസീക മാധ്യമ പ്രവര്‍ത്തനത്തിനിടെയാണ് അപകടമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ആത്മഹത്യ ചെയ്തു. ബാങ്കിന്റെ പരിസരത്താണ് അദ്ദേഹം ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ശിവശങ്കർ മിത്ര (52) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ജോലി ഭാരം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയില്‍ മരണ സംഖ്യ ഉയരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 1,220 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായതയാണ് സർക്കാർ കണക്കുകൾ. 250 ത്തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
മരണപ്പെടുന്ന ആളുകളുടെ ആധാര്‍ റദ്ദാക്കുന്നതില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ രാജ്യത്ത് 1.15 കോടി ആധാര്‍ നമ്പറുകള്‍ മാത്രമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയതെന്ന് കണക്കുകള്‍. എന്നാല്‍, ഇതേ കാലയളവില്‍ കോടിക്കണക്കിന് ആളുകള്‍ മരിച്ചുവെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്‍റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കേ ഇന്ത്യ സഖ്യം പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും യോഗം ബഹിഷക്കരിക്കും. കേരള പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി ആര്‍എസ്എസ് ബാന്ധവം ആരോപിച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും സിപിഎം പങ്കെടുക്കും. പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണ വിവാദം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കാനാണ് തീരുമാനം.
ഉത്തരാഖണ്ഡിൽ സർക്കാർ ഉദ്യോഗസ്ഥർ 5000 രൂപയിൽ അധികം ചെലവാക്കണമെങ്കിൽ മേലുദ്യോഗസ്ഥരുടെ അനുമതി വേണമെന്ന് ഉത്തരവ്. ജൂലൈ 14നാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു സർക്കാർ ജീവനക്കാരൻ ഒരു മാസത്തെ ശമ്പളത്തിലോ 5,000 രൂപയിലോ കൂടുതലുള്ള ഏതെങ്കിലും ജംഗമ വസ്തു വാങ്ങുകയോ വിൽക്കുകയോ മറ്റേതെങ്കിലും വിധത്തിൽ ഇടപാടു നടത്തുന്നതിനോ മേലുദ്യോഗസ്ഥനെ അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.
അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ ക്ഷേമത്തിനായി ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും ചേർന്ന് 500 കോടി രൂപയുടെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. ടാറ്റയിലെ മുൻ ഉദ്യോഗസ്ഥനായ എസ്. പത്മനാഭനെയും ടാറ്റ സൺസിന്റെ ജനറൽ കൗൺസിലായ സിദ്ധാർത്ഥ് ശർമ്മയെയും ട്രസ്റ്റി ബോർഡിലേക്ക് നിയമിച്ചു. അഞ്ച് അംഗ ബോർഡിലേക്ക് മൂന്ന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കും. മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും പരിക്കേറ്റവർക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.
അഹമ്മദാബാദ് വിമാനാപകടത്തിന് മുമ്പായി ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് എന്തിനെന്ന് ക്യാപ്റ്റനോട് വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ പല വട്ടം ചോദിച്ചെന്ന് റിപ്പോര്‍ട്ട്. വിദേശ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തുനിൽക്കണമെന്ന് നിര്‍ദേശം നൽകിയിരുന്നു. എന്നാൽ, അതിനുശേഷവും വിദേശമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്.
ശിവരാത്രി ദിവസം കാന്റീനിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി. ബംഗ്ലാദേശ് സ്വദേശിയായ വിദ്യാർത്ഥിയേയാണ് സർവകലാശാല പുറത്താക്കിയത്. സംഭവത്തിൽ മെസ് സെക്രട്ടറിക്ക് അയ്യായിരം രൂപ പിഴയുമാണ് സർവകലാശാല വിധിച്ചത്. ശിവരാത്രി ദിവസം സസ്യേതര ഭക്ഷണം കാൻറീനിൽ വിളമ്പിയതിനേ ചൊല്ലി വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷമുണ്ടായതാണ് നടപടിക്ക് കാരണമായി വിശദമാക്കുന്നത്.
സഹാറൻപൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) മോശമായി പെരുമാറിയെന്നാരോപിച്ച് ഉത്തർപ്രദേശ് എംപി ഇഖ്‌റ ഹസൻ രംഗത്ത്. ജൂലൈ ഒന്നിന് ചുത്മാൽപൂർ നഗർ പഞ്ചായത്ത് ചെയർപേഴ്‌സൺ ഷാമ പർവീനുമായി അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെ സഹാറൻപൂർ എഡിഎം സന്തോഷ് ബഹാദൂർ സിംഗ് തന്നോട് മോശമായി പെരുമാറിയെന്ന് കൈരാനയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപിയായ ഇഖ്റ ഹസൻ ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ എഡിഎം നിഷേധിച്ചു.
ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്ന് തുർക്കിക്ക് വൻ സാമ്പത്തിക നഷ്ടം. 2025-ൽ ഇതുവരെ തുർക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 85,000-ത്തിലധികം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തുർക്കിയിലെ ടൂറിസ്റ്റ് സീസൺ ജൂൺ ഒന്നിനാണ് ആരംഭിക്കുക. തുർക്കി പത്രമായ അലന്യ പോസ്റ്റാസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മൗനത്തിലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനം കച്ചവടത്തിനായി അടിയറവ് വച്ചെന്നും എഐസിസി എക്സിൽ കുറിച്ചു.പാർലമെന്റ് സമ്മേളനം ചേരാനിരിക്കെ ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിൽ അഞ്ച് വിമാനങ്ങൾ തകർന്നെന്നും സംഘർഷം താനാണ് നിർത്തിയതെന്നും റിപ്പബ്ലിക്കൻ എംപിമാരുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എഐസിസിയുടെ വിമര്‍ശനം.