Screenshot 20250705 135848 2

24 മണിക്കൂ‍ർ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജന ജീവിതം സാധാരണ നിലയിലാണെങ്കിലും ചിലയിടങ്ങളിൽ ട്രെയിനടക്കം തട‌യുന്ന സാഹചര്യമുണ്ട്. ബംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിലാണ്. എന്നാൽ ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആ‍‍ർജെഡി കോൺഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു. പശ്ചിമ ബംഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. ഹൈദരാബാദിലും വിജയവാഡയിലും ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ തുടരുകയാണ്. ദില്ലിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സംഗമമുൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജന്ദർ മന്ദറിൽ പ്രതിഷേധിക്കും.

 

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. ചിലയിടങ്ങളിൽ സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം സമരാനുകൂലികൾ തടഞ്ഞു. എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു.

 

ദേശീയ പണിമുടക്കിനെ തുടർന്ന് ഇന്ന് സെക്രട്ടറിയേറ്റിൽ ആകെ ജോലിക്കെത്തിയത് 423 പേർ മാത്രം. ആകെ 4686 പേരിൽ 423 പേർ മാത്രമാണ് ഇന്ന് പ‌ഞ്ച് ചെയ്തിട്ടുള്ളത്. 90% ജീവനക്കാരും പണിമുടക്കി. പൊതു ഭരണം വകുപ്പിൽ 320 പേരാണ് എത്തിയത്. ഫിനാൻസിൽ 99 പേരും നിയയമ വകുപ്പിലെ 4 പേരുമാണ് ഇന്ന് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്.

 

ദേശീയ പണിമുടക്കിനെ ന്യായീകരിച്ച് ഇടതു മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ .പണിമുടക്കിനെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകും.അതാണ് ചെറിയ തോതിൽ കാണുന്നത്.നടക്കുന്നത് സ്വാഭാവിക പ്രതികരണം മാത്രമാണ്.. ഇന്ന് പണി എടുക്കാൻ പാടില്ല.5 മാസം പ്രചാരണം നടത്തിയാണ് പണിമുടക്ക് നടക്കുന്നത് കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് മന്ത്രിക്കല്ല സി എം ഡി ക്കാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

 

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോസ് ഹൗസ് മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് വരെ നടന്നെത്തി വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറു മാസം മുമ്പേ പ്രഖ്യാപിച്ച സമരം ആണെന്നും അത് കൊണ്ട് സമരക്കാർ യാത്രക്കാരെ തടയുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.പണിമുടക്ക് സംബന്ധിച്ച് ഗണേഷ് കുമാർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. പണിമുടക്കിനെതിരായ ഗണേഷ് കുമാറിൻ്റെ പ്രസ്താവന ഇടതുസമീപനമല്ലെന്നും സമരം ചെയ്യുന്നവരെ വില കുറച്ചുകാണാനാണ് പ്രസ്താവനയിലുടെ സാഹചര്യമൊരുക്കിയതെന്നും ബാലൻ വിശദീകരിച്ചു. സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ല ഡയസ്നോൺ പ്രഖ്യാപിക്കുന്നത് സർക്കാരാണ് സമരം ചെയ്ത ദിവസത്തെ ശമ്പളം വേണമെന്ന് തൊഴിലാളികൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.

 

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ഇന്ന് മുഴുവൻ ബസുകളും സർവ്വീസ് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കെ എസ് ആർ ടി സിയിൽ ഡയസ്നോൺ പ്രഖ്യാപനവും നടത്തിയിരുന്നു.

 

ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ബസ് ഹെൽമെറ്റ്‌ ധരിച്ച് ഓടിച്ച ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്.സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്. എന്നാൽ ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞു.

 

സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ പഠിപ്പുമുടക്കും. സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത്.

 

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമ പ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുനഃസൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം. വിവരം നല്‍കുന്നതില്‍ ഓഫീസര്‍ വീഴ്ചവരുത്തിയാല്‍ വകുപ്പിന്റെ ആസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടിവരും. വിവരം നല്‍കുന്നതിന് നിരന്തരം തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സി ബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. നടപടിയിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി. 15 ദിവസത്തിനുള്ളിൽ ജീപ്പ് സഫാരിയും ഓഫ് റോഡ് ട്രെക്കിംഗും പുനരാരംഭിക്കാനാകുമെന്ന് കളക്ടർ അറിയിച്ചു. ഓഫ് റോഡ് സഫാരിയുടെ റൂട്ടുകൾ കൃത്യമായി നൽകുകയും ഡ്രൈവർമാർക്ക് പരിശീലനം നൽകിയ ശേഷം കൊളുക്കുമല മോ‍ഡലിൽ ജീപ്പ് സഫാരികൾ നടത്തുകയുമാണ് ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു.

 

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി. നേരത്തെ 96 ഭാഗങ്ങൾ കട്ട് ചെയ്യണം എന്നായിരുന്നു സെൻസർ ബോർഡ് നിലപാട് എടുത്തിരുന്നത്.

 

ജ്യോതി മൽഹോത്ര താൻ ക്ഷണിച്ചിട്ടല്ല വന്ദേ ഭാരതിൽ യാത്ര ചെയ്തതെന്നും തന്റെ കൂടെ പ്രതിപക്ഷ പാർട്ടികളുടെ ആളുകളും ഉണ്ടായിരുന്നു അവരുടെയും പ്രതികരണം എടുത്തിട്ടുണ്ടെന്ന് വി മുരളീധരൻ. ടൂറിസം വകുപ്പ് ക്ഷണിച്ചു കൊണ്ടു വന്നതാണ് അവരെ നടപടിക്രമങ്ങൾ പാലിച്ചാണോ അവരെ കൊണ്ടു വന്നതെന്നും അദ്ദേഹം ചോദിച്ചു. ജ്യോതിയെ ക്ഷണിച്ചുകൊണ്ടുവന്ന ഏജൻസിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ബാങ്കിൽ നിന്ന് 15 ദിവസം കൂടി അവധി ചോദിച്ചിരുന്നുവെന്നും അവർ തന്നില്ലെന്നും ആത്മഹത്യ ചെയ്ത മധുമോഹനന്റെ കുടുംബം. കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഇന്നലെയാണ് എറണാകുളം കുറുമശ്ശേരി സ്വദേശി മധു മോഹനൻ ജീവനൊടുക്കിയത്. 30ാം തീയതിക്കുള്ളിൽ‌ എല്ലാം ക്ലോസ് ചെയ്യാമെന്ന് പറഞ്ഞതാണെന്നും കുറച്ച് തുക അടച്ചിരുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. ജപ്തി ഭീഷണിയെ തുടർന്നാണ് മധു മോഹൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.

 

എറണാകുളം അയ്യമ്പുഴയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി ജെനീറ്റ ഷിജുവിന്റെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം നെഗറ്റീവാണെന്ന് മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി. പനി ബാധിച്ച് ചികില്‍സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചാണ് ജെനീറ്റ ഷിജു എന്ന 12 വയസ്സുകാരി മരിച്ചത്. മരണകാരണം വ്യക്തമാക്കാൻ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരണം.

 

വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് മൊഴി. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നൽകിയത്.

 

ഗുജറാത്തിലെ വഡോദരയില്‍ ഇന്നു രാവിലെ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഒൻപതായി. നിരവധി പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെകുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.

 

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലേക്ക് പാഞ്ഞു കയറിയ തെരുവ് നായയെ കണ്ട് ഓടിയ 12 വയസുകാരന് ദാരുണാന്ത്യം. നായയെ കണ്ട് പെടിച്ചോടവേ ആറാം നിലയിൽ നിന്നും താഴേക്ക് വീണ ജയേഷ് ബോഖ്രെ എന്ന കുട്ടിയാണ് മരിച്ചത്.

 

കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരേന്ത്യയിലുണ്ടായ മഴക്കെടുതിയിൽ ഒരു മാസത്തിനിടെ മരണം 130 കടന്നെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 80 ആയി. കാണാതായ 35 പേർക്കായി തെരച്ചിൽ ഊർജിതമാക്കി. ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുകെ സന്ദർശിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഇരുപക്ഷവും ഔദ്യോഗികമായി ഒപ്പുവെയ്ക്കുന്നതിവ് പുറമെ പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ.

 

ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മതപരിവർത്തന ശക്തികളുടെ ആയുധമാണ് വിജയ് എന്ന് ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഢി പറ‌ഞ്ഞു. സാമൂഹിക നീതിയുടെ മുഖംമൂടിക്ക് പിന്നിൽ ഒളിക്കുകയാണ് വിജയും ടിവികെയും. ഹിന്ദു ധർമത്തിനെതിരായ യുദ്ധപ്രഖ്യാപനം ആണ്‌ വിജയുടേതെന്നും റെഡ്ഢി പ്രതികരിച്ചു. വിജയ് പള്ളിയിൽ നിൽക്കുന്ന പഴയചിത്രം പങ്കുവച്ചാണ് അമർ പ്രസാദ് റെഡ്ഢിയുടെ ആരോപണം.

 

ഞായറാഴ്ചകളിൽ ക്രിസ്ത്യൻ ദേവാലയത്തിലെ പ്രാ‍ർത്ഥനകളിൽ പതിവായി പങ്കെടുത്തു എന്ന കാരണത്താൽ തിരുപ്പതി ക്ഷേത്രത്തിലെ ജോലിയിൽ നിന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസറെ പുറത്താക്കി. എ രാജശേഖര ബാബു എന്ന ജീവനക്കാരനെയാണ് തിരുപ്പതി ദേവസ്വം പുറത്താക്കിയത്. തിരുപ്പതിയിൽ ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

 

പാറ്റ്ന വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. പാറ്റ്ന- ദില്ലി ഇൻഡിഗോ വിമാനമാണ് നിലത്തിറക്കിയത്. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്. പാറ്റ്ന വിമാനത്താവളത്തിൽ തിരികെ ഇറങ്ങുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ 169 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

 

ഗാർഹിക തൊഴിലാളികൾക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് സഹേൽ ആപ്ലിക്കേഷൻ വഴി എക്സിറ്റ് പെർമിറ്റ് നേടണം എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ മാൻപവർ അതോറിറ്റി (PAM) ഔദ്യോഗികമായി നിഷേധിച്ചു. അങ്ങനെയൊരു നിബന്ധന നിലവിലില്ലെന്നും, പ്രചാരണം തികച്ചും വ്യാജമാണെന്നും അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

 

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. പ്രമേയം സാധാരണ കാര്യമാണെന്നനും ആഗോള സമൂഹം അഫ്ഗാൻ ജനതയ്ക്കായി വിഭാവനം ചെയ്യുന്ന ഫലമുണ്ടാക്കാൻ പ്രമേയത്തിന് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിട്ടുനിന്നത്.

 

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിൽ ജിഹാദിന് തയ്യാറായി 10,000 ഫിദായീനുകൾ (ജീവൻ വരെ നഷ്ടപ്പെടുത്തി ആക്രമണത്തിന് തയ്യാറായവർ) ഉണ്ടെന്ന് തലവൻ മസൂദ് അസർ. ജെയ്‌ഷെ മുഹമ്മദിന് 30,000 പോരാളികളുണ്ടെന്നും ഒരു ശക്തിക്കും മിസൈലിനും അവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും മസൂദ് പറയുന്നു. മസൂദിന്റേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യമുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *