mid day hd 9

 

നയതന്ത്ര തര്‍ക്കത്തെത്തുടര്‍ന്ന് കാനഡ ഇന്ത്യയിലെ ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നീ കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് നിര്‍ത്തി. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തു. പിന്‍വലിക്കണമെന്ന് ഇന്ത്യ കാനഡയോടു രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നു. വിസ സര്‍വീസ് നിര്‍ത്തിയതോടെ ഇന്ത്യക്കാര്‍ക്കു കാനഡയില്‍ ഉപരിപഠനത്തിനു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയാകും. കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ നേരത്തെ വിസ നിഷേധിച്ചിരുന്നു. ഇതോടെ കനേഡിയന്‍ പൗരത്വം നേടിയ അനേകം ഇന്ത്യക്കാര്‍ക്കു നാട്ടിലേക്കു വരാനാകാത്ത സ്ഥിതിയുമായി.

കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപി മുന്നണിയായ എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതമുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. കേരളത്തില്‍ ഇപ്പോഴും തന്റെ പാര്‍ട്ടി ഇടത് സര്‍ക്കാരില്‍ തുടരും. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടെന്നും ദേവഗൗഡ പറഞ്ഞു.

ജെഡിഎസ് – എന്‍ഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം നല്‍കിയെന്ന ദേവഗൗഡയുടെ വാദം ശരിയല്ലെന്ന് സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ബിജെപി ബന്ധത്തോടു ജെഡിഎസ് കേരള ഘടകത്തിന് കടുത്ത വിയോജിപ്പാണെന്നും കൃഷ്ണന്‍കുട്ടി.

കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍തന്നെ അവരെ എല്‍ഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

ജെഡിഎസ്- ബിജെപി സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെയെന്ന ദേവഗൗഡയുടെ അവകാശവാദത്തില്‍ വിശ്വസിക്കുന്നില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി.

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ഭിന്നതയില്ലെന്നും മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കുമെന്നും റെവന്യൂ മന്ത്രി കെ. രാജന്‍. ഇടതുമുന്നണിയുടെ നയമാണു നടപ്പാക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ പകലും സര്‍വീസ് നടത്തും.

വന്ദേ ഭാരത് ട്രെയിനിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിനെതിരെ ആലപ്പുഴ -എറണാകുളം പാസഞ്ചറിലെ യാത്രക്കാര്‍ ദുരിതമീ യാത്ര എന്നെഴുതിയ കറുത്ത ബാഡ്ജ് ധരിച്ചു യാത്ര ചെയ്തു പ്രതിഷേധിച്ചു.

രാജ്യാന്തര വിദ്യാര്‍ഥികളുടെ ഇഷ്ട പഠനകേന്ദ്രമായി കേരളം മാറിയെന്ന് കേരളീയം ആഘോഷവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പഠന വകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശ വിദ്യാര്‍ഥികളുടെ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്.

ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ടു യുവാക്കള്‍ മരിച്ചു. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആന്റണിയാണ് മരിച്ച ഒരാള്‍. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.

ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. റിയാസും ഭാര്യയും രണ്ടു മാസമായി പിണക്കത്തിലായിരുന്നു.

അയോധ്യയില്‍ സന്യാസിയെ കൊലപ്പെടുത്തി. 44 കാരനായ റാം സഹാരെ ദാസാണ് കൊല്ലപ്പെട്ടത്. സ്വാമിയുടെ ശിഷ്യന്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് പിടികൂടി. അയോധ്യക്കടുത്ത് ഹനുമാന്‍ഗഡിയിലെ ആശ്രമത്തിലാണ് സംഭവം. മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു.

രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിനിന് സ്വന്തം പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമോ ഭാരത്’ എന്നാണു പേര്. ഉദ്ഘാടനത്തിനു തൊട്ടു മുമ്പാണ് നാമകരണം നടത്തിയത്. ഡല്‍ഹി- ഗാസിയാബാദ്- മീററ്റ് ആര്‍ആര്‍ടിഎസ് ട്രെയിന്‍ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്.

രാജ്യത്തെ ആര്‍ആര്‍ടിഎസ് അതിവേഗ ട്രെയിനുകള്‍ക്ക് ‘നമോ ഭാരത്’ എന്ന് പേരിട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ജയാറാം രമേശ്. മോദിയുടെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്നാണ് എക്സിലെ പോസ്റ്റില്‍ പ്രതികരിച്ചത്. ‘നമോ സ്റ്റേഡിയത്തിന് ശേഷം നമോ ഇപ്പോള്‍ വീണ്ടും. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല’ ജയറാം രമേശ് കുറിച്ചു.

സിനിമാനടിയും മുന്‍ എംപിയുമായ ജയപ്രദയുടെ ആറു മാസം തടവുശിക്ഷ റദ്ദാക്കില്ലെന്നു മദ്രാസ് ഹൈക്കോടതി. ചെന്നൈ എഗ്‌മോര്‍ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ജയപ്രദയ്ക്ക് തടവു വിധിച്ചത്. തീയേറ്റര്‍ നടത്തിപ്പിനിടെ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാണ് ശിക്ഷ.

നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുഎപിഎ ട്രൈബ്യൂണലിന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് ഹര്‍ജി.

മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയില്‍ കൂടത്തായി മോഡല്‍ കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ചു പേരെ വിഷം നല്‍കി കൊലപ്പെടുത്തിയതിനു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ അറസ്റ്റിലായി. ഒരു മാസത്തിനിടെയാണ് എല്ലാവരും കൊല്ലപ്പെട്ടത്. സംഘമിത്ര കുംഭാരെ, റോസ രാംടെകെ എന്നിവരാണ് പ്രതികള്‍.

ഇസ്രയേല്‍ ഗാസയിലെ ക്രൈസ്തവ ദേവലായത്തിനു നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെയും നടത്തിയ ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്കു നേരെയാണ് ആക്രമണം നടത്തിയത്. ക്രൈസ്തവര്‍ക്കു പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിയില്‍ ഉണ്ടായിരുന്നു.

ഹമാസ് ആക്രമണം നടത്തിയതിലുള്ള ക്രോധത്തില്‍ അന്ധരാകരായി ആക്രമണം നടത്തരുതെന്ന് ഇസ്രായേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശം. തങ്ങള്‍ക്കു പറ്റിയ പിഴ ആവര്‍ത്തിക്കരുതെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇസ്രയേലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടും. ഇസ്രയേലിന് അമേരിക്ക വീണ്ടും ആയുധങ്ങള്‍ നല്‍കി.

ഒരു ഛന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ ഇന്നു കടന്നു പോകും. ചന്ദ്രനേക്കാള്‍ വളരെ അടുത്തായാണു കടന്നുപോകുകയെന്ന് നാസ വെളിപെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *