ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തുരങ്കത്തില്‍ ആംബുലന്‍സ് കയറ്റി. മണിക്കൂറുകള്‍ക്കകം എല്ലാവരേയും പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റും.
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവര്‍ത്തിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം തൈക്കാട് വച്ച് പ്രതികളായ ഫെനി, ബിനില്‍ ബിനു എന്നീ പ്രതികളെ പിടികൂടിയത് രാഹുലിന്റെ കാറില്‍നിന്നാണെന്നാണു വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരെഞ്ഞെടുപ്പിനു തമിഴ് നടന്‍ അജിത്തിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചും തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നു പൊലീസ്. പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാര്‍ഡ് കണ്ടെത്തിയത്.
റോബിന്‍ ബസ് രാത്രി ഒരു മണിയോടെ തടഞ്ഞ് എംവിഡി 7500 രൂപ പിഴ അടപ്പിച്ചു. കോയമ്പത്തൂരില്‍നിന്നുള്ള മടക്ക യാത്രയില്‍ പത്തനംതിട്ട മൈലപ്രയിലാണ് റോബിന്‍ ബസ് തടഞ്ഞത്. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി.
സംസ്ഥാനത്ത് മഴ ശക്തമായി. പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. നാല് അണക്കെട്ടുകള്‍ തുറന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിനു കൂടി സാധ്യത. ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. നാളെത്തോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിനിടെ ഇന്നലെ രാത്രി പത്തോടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. വിജയാഹ്ലാദത്തിനിടെ സദസിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.
നവകേരള സദസിനെ സ്വാഗതം ചെയ്യാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കണമെന്ന് കോഴിക്കോട്ടെ ചില തദ്ദേശ സ്ഥാപനങ്ങള്‍. എല്ലാ സ്ഥാപനങ്ങളും വൈകീട്ട് ദീപാലംകൃതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി നോട്ടീസയച്ചു. എല്ലാ വീടുകളിലും വൈകീട്ട് ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണസമിതിയുടെ ആഹ്വാനം.
നവകേരള സദസിന്റെ പോസ്റ്റര്‍ ഒട്ടിക്കണമെന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശം. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ സെക്രട്ടറിയുടെ നടപടിക്കെതിരേ തൊഴിലാളികള്‍ പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്നും സുരേന്ദ്രന്‍.
തിരുവനന്തപുരം കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍ ബെനാമി അക്കൗണ്ട് വഴി 51 കോടി രൂപ തട്ടിയെന്ന് എന്‌ഫോഴ്‌സ്‌മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്താണു തട്ടിപ്പെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര ചലച്ചിത്ര അവാര്‍ഡു നേടിയ ഇന്ദ്രന്‍സ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നു. ഇതിനായി തുല്യത ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്.
അറുപത്തൊന്നുകാരിയായ അമ്മയെ മര്‍ദ്ദിച്ച് അവശനിലയിലാക്കിയ 42 കാരനായ മകന്‍ അറസ്റ്റില്‍. എറണാകുളം പെരുമണ്ണൂര്‍ ലക്ഷം വീട് കോളനിയില്‍ കിഴക്കേപ്പുറം വീട്ടില്‍ സാബു (42) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.
നടി തൃഷക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനു പോലീസ് കേസെടുത്തതോടെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ ചെന്നൈ പ്രിന്‍സിപ്പല്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.
അമ്പതു രൂപയ്ക്കായി 18 കാരനെ കുത്തിക്കൊന്ന പതിനാറുകാരന്‍ മൃതദേഹത്തിനരികെ നൃത്തം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് സംഭവം. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
വ്യാജമായി വിരലടയാളങ്ങള്‍ നിര്‍മിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തി പണം കവര്‍ന്ന സംഭവങ്ങളില്‍ ആറു പേര്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. 2500 ഓളം വ്യാജ ബാങ്ക് ഇടപാടുകള്‍ ഇവര്‍ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിലും അതിശക്തമായ മഴ. 35 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. എട്ടു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
യുദ്ധം ചെയ്യുന്ന റഷ്യന്‍ സൈനീകര്‍ക്ക് ഉല്ലാസമേകാന്‍ പാട്ടുപാടിക്കൊണ്ടിരിക്കവെ റഷ്യന്‍ ഗായികയും നടിയുമായ പോളിന മെന്‍ഷിഖ് യുക്രൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഷ്യയുടെ അധീനതയിലായിരുന്ന യുക്രൈന്റെ കിഴക്കന്‍ പ്രദേശമായ ഡൊനെറ്റ്സ്‌ക് മേഖലയിലെ കുമാചോവ് ഗ്രാമത്തിലാണ് സംഭവം.
ഇറ്റാലിയിലെ സലേര്‍നോ നഗരത്തില്‍ അമാല്‍ഫി തീരത്ത് പടുകൂറ്റന്‍ ജലസ്തംഭം. കടലില്‍ രൂപപ്പെട്ട ജലസ്തംഭം വളരെ പെട്ടെന്ന് കരയിലേക്ക് നീങ്ങിയെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.