ജമ്മു കാഷ്മീരില്‍ കേന്ദ്രഭരണം എന്ന് അവസാനിപ്പിക്കുമെന്ന് പറയാനാകില്ലെന്നും അവിടെ തെരഞ്ഞെടുപ്പിനു തയാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനമെടുക്കാം. വോട്ടര്‍പട്ടിക സജ്ജമാണ്. പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ക്കു പിറകേ, നിയമസഭാ തെരഞ്ഞെടുപ്പു നടത്താനാകും. കേന്ദ്രം അറിയിച്ചു.
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പെടുത്തി മാപ്പുണ്ടാക്കിയതിനെ ന്യായീകരിച്ച് ചൈന. ഇന്ത്യയുടെ പ്രതിഷേധം അതിവ്യാഖ്യാനമാണെന്നും ഭൂപടം പുതുക്കുന്നതു സാധാരണമാണെന്നും ചൈന പ്രതികരിച്ചു. ഭൂപടം വിവാദമായതോടെ അടുത്തമാസം എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ് വിട്ടുനിന്നേക്കും.
തിരുവനന്തപുരം മുതലപ്പൊഴി തുറമുഖം അപകടരഹിതമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടനേ ലഭിക്കുമെന്നും മല്‍സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരധീരനൊപ്പം മുതലപ്പൊഴി സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് എ.സി മൊയ്തീന്‍ എംഎല്‍എയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് നല്‍കി. 10 വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ഹാജരാകണമെന്ന നോട്ടീസില്‍ മൊയ്തീന്‍ സാവകാശം ആവശ്യപ്പെട്ടിരുന്നു.
സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെയായിട്ടും കര്‍ഷകര്‍ക്കു നല്‍കാത്തത് കൃഷിമന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവുമുള്ള വേദിയില്‍ ഉന്നയിച്ചത് കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാണെന്ന് നടന്‍ ജയസൂര്യ. തനിക്ക് ഒരു രാഷ്ട്രീയമില്ല. നാടിനെ ഊട്ടുന്ന കര്‍ഷകര്‍ തിരുവോണത്തിനു പട്ടിണി കിടക്കുന്നതിലെ അനൗചിത്യമാണു ചൂണ്ടിക്കാട്ടിയത്. ജയസൂര്യ പറഞ്ഞു.
ഓണക്കാലമായ ഈ മാസം 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ബിവറേജസ് കോര്‍പറേഷന്‍ 759 കോടി രൂപയുടെ മദ്യം വിറ്റു. സര്‍ക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വര്‍ഷം ഓണദിവസങ്ങളിലെ വില്‍പ്പന 700 കോടി രൂപയുടേതായിരുന്നു. എട്ടര ശതമാനം വര്‍ദ്ധിച്ചു. ഉത്രാട ദിനത്തില്‍ ആറു ലക്ഷം പേര്‍ 121 കോടി രൂപയുടെ മദ്യം വാങ്ങി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന കേസില്‍ യുവതി സമരത്തിനിറങ്ങുന്നു. ആറു മാസമായിട്ടും നീതി ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്താനാണ് തീരുമാനം. നീതി നടപ്പാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് പോലീസ് ഇലക്ട്രിക്ക് ഹോവര്‍ ബോര്‍ഡില്‍ പറക്കും. തിരക്കുള്ള സ്ഥലങ്ങളില്‍ വിദേശരാജ്യങ്ങളിലേതുപോലെ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക ഇലക്ട്രിക്ക് ഹോവര്‍ ബോര്‍ഡുകളിലായിരിക്കും.
സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചെലവു ചുരുക്കാന്‍ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിയെ കടലില്‍ വീണ് കാണാതായി. തമിഴ്‌നാട് ഇരയിമ്മന്‍ തുറയില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബു എന്ന 35 കാരനെയാണ് കടലില്‍ കാണാതായത്.
തൃശൂര്‍ മൂര്‍ക്കനിക്കരയില്‍ അഖില്‍ എന്ന യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലു പ്രതികള്‍ അറസ്റ്റിലായി. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്‌മജിത്തും ഒളിവിലാണ്.
കാസര്‍കോഡ് കുമ്പളയില്‍ ഫര്‍ഹാസ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ രജിത്തിന്റെ കുടുംബത്തിനു ഭീഷണി. കുമ്പളയിലെ ക്വാര്‍ട്ടേഴ്‌സിനു പുറത്തുനിന്ന് ഭീഷണിപ്പെടുത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രജിത്തിന്റെ പിതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു.
മണിപ്പൂര്‍ കലാപം സംബന്ധിച്ച 27 കേസുകള്‍ സിബിഐ ഏറ്റെടുത്തു. ഇവയില്‍ 19 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളെല്ലാമുണ്ട്.
സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്. ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നല്‍കി. വ്യാജ വെബ്‌സൈറ്റില്‍ കയറുന്നവരില്‍നിന്ന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതു തട്ടിപ്പിനാണെന്നും മുന്നറിയിപ്പ്.
മുംബൈയില്‍ ഇന്നാരംഭിച്ച ഇന്ത്യ പ്രതിപക്ഷ ഐക്യയോഗം പ്രധാനമന്ത്രിയാകാനുള്ള കസേരകളിയാണെന്നു പരിഹസിച്ച് ബിജെപി നേതാവ് സമ്പിത് പാത്ര. അഴിമതി കേസുകളില്‍നിന്നും രക്ഷപ്പെടാനാണ് നേതാക്കള്‍ കഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത സ്വത്തു സാമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ വെറുതെവിട്ട ഉത്തരവിനെതിരായ പുനഃപരിശോധന നടപടികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ആരംഭിച്ചു. തമിഴ്‌നാട് വിജിലന്‍സ ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നു. നിര്‍ഭാഗ്യവശാല്‍ പ്രത്യേക കോടതിയും ഒത്താശ ചെയുന്നു. നീതിന്യായവ്യവസ്ഥ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കണമെന്നു നിര്‍ബന്ധിക്കാനോ കൈയില്‍ ചരടു ധരിക്കുന്നതു വിലക്കാനോ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് അധികാരമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ച സ്‌കൂള്‍ അധികൃതര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇങ്ങനെ നിലപാടെടുത്തത്.
കോയമ്പത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെല്‍ഡിംഗ് തൊഴിലാളി മരിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിെയാണ് അപകടമുണ്ടായത്. രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. .
വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ നല്‍കുന്ന ദയാഹര്‍ജികളില്‍ രാഷ്ട്രപതിയുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുന്നതു വിലക്കുന്ന നിയമം വരുന്നു. ഭാരതീയ നാഗരിക് സുരക്ഷ സംഹിത എന്നാണു ബില്ലിന്റെ പേര്. രാഷ്ട്രപതി തീരുമാനമെടുക്കാന്‍ വൈകുന്നതും കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നാണു നിയമത്തിലെ വ്യവസ്ഥ.
തമിഴ്‌നാട് ഈറോഡിലെ കൃഷിയിടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്. 22 ഉം 16 ഉം വയസുള്ള സഹോദരങ്ങളെയാണ് ആക്രമിച്ചത്. വനത്തോടു ചേര്‍ന്നുള്ള ഇവരുടെ ചോളപാടത്തെ കുടിലില്‍ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം.
ഫ്‌ളോറിഡയില്‍ കനത്ത നാശം വിതച്ച ഇഡാലിയ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ചുഴലിക്കൊപ്പമുണ്ടായ മഴയും വെള്ളപ്പോക്കവും ജനജീവിതം ദുരിതപൂര്‍ണമാക്കി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.