P1 yt cover

ഒരാഴ്ചക്കിടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍. ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണ് ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍ കക്ഷികളാക്കി കേരളസര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി.

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. എന്നാല്‍ ഒബ്സര്‍വറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് പറഞ്ഞ കോടതി, മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി നാളെ വിധി പറയാനായി മാറ്റി.

നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികള്‍ ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍. സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ട പരാതിയാണെങ്കില്‍ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകര്‍ക്ക് നല്‍കേണ്ട ഇടക്കാല റിപ്പോര്‍ട്ടിലടക്കം വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറക്കി.

*പുളിമൂട്ടില്‍ സില്‍ക്സിലെ ഇഷ്ടം പോലെ ഓഫര്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം*

തൃശൂര്‍ തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാല്‍ 10,15, 20 ശതമാനം വരെ എക്സ്ട്രാ ഓഫര്‍ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്സ് വെയറിന് 60 ശതമാനവും വരെ കിഴിവുകള്‍ നേരത്തെ തന്നെ നല്‍കുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫര്‍ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

കേരളീയത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പട്ടിണിയിലായ കേരളത്തില്‍ ധൂര്‍ത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരന്‍ ചോദിച്ചു. വെള്ളക്കരവും വൈദ്യതി തിരക്കും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. പത്രത്തിലൂടെയാണ് വാര്‍ത്തകള്‍ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണമെന്നും അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോര്‍ട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കണ്ടല സര്‍വ്വീസ് ബാങ്കിലും ഇഡി പരിശോധന. ബാങ്കിലെ മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രന്‍, മോഹന ചന്ദ്രന്‍ എന്നിവരുടെ വീട്ടിലും കളക്ഷന്‍ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്.

കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ കെഎസ്യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു. ഒരു കലാലയത്തിലെയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. മാനവീയത്തില്‍ വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും, രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ തീരുമാനം.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തിയ പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കി പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകള്‍ക്കായി പെരിയയിലെ ഉള്‍ക്കാടുകളില്‍ തിരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.

തൃക്കാക്കര നഗരസഭാ പരിധിയിലെ രാത്രികാല നിയന്ത്രണ തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്നോട്ടെന്ന് സൂചന. വിഷയം കൗണ്‍സിലിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ചില കൗണ്‍സിലര്‍മാര്‍ വിഷയം ഉന്നയിച്ചെങ്കിലും വിഷയം ചര്‍ച്ച ചെയ്തില്ല. പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് അധ്യക്ഷ വ്യക്തമാക്കി.

സപ്ലൈകോയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് മന്ത്രി പറഞ്ഞതിനെ പിന്നാലെ ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന നിലപാടില് ധനവകുപ്പ്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കുടിശിക തീര്‍ത്ത് നല്‍കാതെ വിപണി ഇടപെടല്‍ പോലും സാധ്യമല്ലെന്ന നിലപാടിലാണ് സപ്ലൈകോയും.

വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ മുന്‍ഭാര്യയുടെ പരാതിയില്‍ ധര്‍മടം പൊലീസ് പോക്സോ കേസ് എടുത്തു. പരാതിയില്‍ ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതേ സമയം സൗദി യുവതിയുടെ പീഡന പരാതിയില്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കിയിരുന്നു.

റാഗിംഗിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ പിഎസ്ജി കോളേജിലെ 7 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. ജൂനിയര്‍ വിദ്യാര്‍ഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി.

പോക്സോ കേസില്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം പി ക്കെതിരെ നടപടി എടുക്കുന്നതിനെതിരെ എത്തിക്സ് കമ്മിറ്റിയില്‍ പ്രതിപക്ഷം വിയോജന കുറിപ്പ് നല്‍കും. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്, ബി എസ് പി അംഗങ്ങള്‍ വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി എത്തുന്ന പലര്‍ക്കും നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധം ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് എന്‍ഐഎ രാജ്യവ്യാപകമായി പരിശോധന നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. പരിശോധനയെ തുടര്‍ന്ന് ചെന്നൈയില്‍ 3 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റു ചെയ്തു. ത്രിപുരയിലെ മേല്‍വിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തു .

ദില്ലിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്. സൂചികയില്‍ ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 418 ആണ്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുകയാണ്.

ജനസംഖ്യ നിയന്ത്രണത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിമര്‍ശനം കടുത്തതോടെ പരാമര്‍ശം പിന്‍വലിച്ചു. വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം.

നാഗ്പൂരിലെ ഖാത് ഗ്രാമത്തില്‍ രോഗികള്‍ക്ക് അനസ്തീഷ്യ നല്‍കിയ ശേഷം ഡോക്ടര്‍ ചായ കുടിക്കാന്‍ പോയതിനെ തുടര്‍ന്ന് നാല് രോഗികള്‍ മണിക്കൂറുകളോളം ഓപ്പറേഷന്‍ തീയറ്ററില്‍ കിടന്നുവെന്ന് ആരോപണം. പ്രമേഹ രോഗിയായ ഡോക്ട്ടറുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ക്ഷീണം അനുഭവപ്പെട്ടുവെന്നും അതേതുടര്‍ന്നാണ് ചായ കുടിക്കാന്‍ പോയതെന്നും ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – നെതര്‍ലണ്ട്സ് മത്സരം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് നടപ്പു വര്‍ഷം (2023-24) ജൂലൈ-സെപ്റ്റംബറിലെ സംയോജിത ലാഭത്തില്‍ 60 ശതമാനത്തിലെറെ വളര്‍ച്ച. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 112.79 കോടി രൂപയില്‍ നിന്ന് 60.95 ശതമാനം ഉയര്‍ന്ന് 181.53 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണിലെ 98.65 കോടി രൂപയില്‍ നിന്ന് ലാഭം 84 ശതമാനം ഉയര്‍ത്താനും കപ്പല്‍ശാലയ്ക്ക് സാധിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ 10 രൂപ മുഖവിലയുള്ള ഓഹരിയെ അഞ്ച് രൂപ വിലയുള്ള രണ്ട് ഓഹരികളാക്കി മാറ്റുമെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരി വിഭജനത്തിനുള്ള തീയതി പിന്നീട് തീരുമാനിക്കും. ഓഹരികള്‍ വിഭജിക്കുന്നതോടെ നിലവിലെ ഓഹരികളുടെ വിപണിവിലയും ആനുപാതികമായി പാതിയാകും. 2023-24ലെ ഇടക്കാല ലാഭവിഹിതവും കപ്പല്‍ശാല പ്രഖ്യാപിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് എട്ട് രൂപ വീതമാണ് ലാഭവിഹിതം. കമ്പനിയുടെ സംയോജിത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 744.88 കോടി രൂപയില്‍ നിന്ന് 1100.40 കോടി രൂപയിലുമെത്തി. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഇത് 559.95 കോടി രൂപയായിരുന്നു. 47.73 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മൊത്ത വരുമാനത്തില്‍ 759 കോടി രൂപ കപ്പല്‍ നിര്‍മാണത്തില്‍ നിന്നും 251 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണിയില്‍ നിന്നുമാണ്. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം അഥവാ പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 280 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തിലിത് 197 കോടിയും തൊട്ട് മുന്‍പാദത്തില്‍ 163 കോടി രൂപയുമായിരുന്നു. എബിറ്റ്ഡ മാര്‍ജിന്‍ 28.83 ശതമാനത്തില്‍ നിന്ന് 27.67 ശതമാനമായി കുറഞ്ഞു. തൊട്ടു മുന്‍പാദത്തിലിത് 34.21 ശതമാനമായിരുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് പണം സമ്പാദിക്കാന്‍ സാധിക്കുന്ന സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഇന്‍സ്റ്റഗ്രാം ക്രിയേറ്റേഴ്‌സിനുള്ള ‘ഇന്‍വൈറ്റ് ഓണ്‍ലി ഹോളിഡേ ബോണസാണ്’ ഇതില്‍ ആദ്യത്തേത്. ക്രിയേറ്റേഴ്സിന് അവര്‍ പങ്കുവെക്കുന്ന ക്രിയേറ്റീവായിട്ടുള്ള ഫോട്ടോകള്‍ക്കും റീലുകള്‍ക്കും പ്രതിഫലം നല്‍കുന്ന സംവിധാനമാണിത്. പ്രാരംഭഘട്ടത്തില്‍ യു.എസ്, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ക്രിയേറ്റേഴ്സിനാണ് ഫീച്ചര്‍ ലഭ്യമാവുക. ഈ വര്‍ഷം അവസാനം വരെ തിരഞ്ഞെടുത്ത ക്രിയേറ്റേഴ്‌സിന് ഈ ഫീച്ചര്‍ പരീക്ഷണാര്‍ഥം ലഭ്യമാക്കിയേക്കും. അതേസമയം പണം ലഭിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. ബോണസിന്റെ കാലാവധിയില്‍ റീലുകള്‍ എത്രതവണ പ്ലേ ചെയ്തുവെന്നതും ഫോട്ടോസിന്റെ വ്യൂസും അടിസ്ഥാനമാക്കിയാകും ക്രിയേറ്റേഴ്‌സിന് വരുമാനം ലഭിക്കുക. കൂടാതെ, ഈ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കം നിര്‍ബന്ധമായും മോണിറ്റൈസേഷന്‍ പോളിസി പാലിച്ചിരിക്കണം. മെറ്റ അടുത്തിടെ അവതരിപ്പിച്ച ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍. ഈ സേവനം ആരംഭിച്ചതിന് ശേഷം ക്രിയേറ്റേഴ്‌സില്‍ പലര്‍ക്കും ഒരു മില്ല്യണിലധികം ആക്ടീവ് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്ന് മെറ്റ അറിയിച്ചു. ക്രിയേറ്റേഴ്‌സിന് അവരുടെ സബ്‌സ്‌ക്രൈബേഴ്‌സ് കമ്മ്യൂണിറ്റി വികസിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ചില ഫീച്ചറുകളും മെറ്റ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്രിയേറ്റേഴ്‌സിന് സബ്‌സ്‌ക്രിപ്ഷന്‍ തുക ഇഷ്ടാനുസരണം തീരുമാനിക്കാനുള്ള സൗകര്യവും മെറ്റ നല്‍കുന്നുണ്ട്.

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സാം ബഹദുര്‍’. വലിയ മേയ്ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. സാം ബഹദുറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിന്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്ഖ് വേഷമിടുന്നത്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവന്‍, ലോയ്, ഇഷാന്‍ എന്നിവരാണ്. ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു.

നവംബര്‍ 10 ന് തിയേറ്ററുകളിലേക്കെത്തുന്ന ‘വേല’യുടെ പ്രീറിലീസ് ടീസര്‍ റിലീസായി. ഷെയിന്‍ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥ എം.സജാസ് ഒരുക്കുന്നു. ഹിറ്റ് സംഗീത സംവിധായകന്‍ സാം സി എസ്സാണ് വേലയുടെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും പിന്നില്‍. പാലക്കാടും പരിസര പ്രദേശത്തും ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. വേലയുടെ ട്രെയ്ലറും ഗാനങ്ങളും യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഓവര്‍സീസ് വിതരണവും നിര്‍വഹിക്കുന്നു.

ലംബോര്‍ഗിനി ഉറുസും ബിഎംഡബ്ല്യു 7 സീരിസുമെല്ലാമുള്ള പൃഥ്വിരാജിന്റെ ഏറ്റവും പുതിയ വാഹനം പോര്‍ഷെയുടെ സ്പോര്‍ട്സ് കാര്‍. പോര്‍ഷെ 911 ജിടി 3 ടൂറിങ് മാനുവല്‍ ഗിയര്‍ബോക്സാണ് താരം സ്വന്തമാക്കിയത്. മാനുവല്‍ ഗിയര്‍ബോക്സ് കാറുകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ മാത്രമേ പോര്‍ഷെ 911 മാനുവല്‍ മോഡല്‍ വാങ്ങാറുള്ളൂ. ബുക്ക് ചെയ്താല്‍ ഏറെ നാള്‍ കാത്തിരുന്നാല്‍ മാത്രമേ പോര്‍ഷെ 911 ജിടി 3 ടൂറിങ് മാനുവല്‍ ലഭിക്കൂ. ഇന്ത്യയില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഇതിന്റെ മാനുവല്‍ മോഡല്‍ സ്വന്തമായുള്ളത്. നേരത്തെ 911 കാബ്രിയോലെ കണ്‍വേട്ടബില്‍ മാനുവല്‍ ഗിയര്‍ബോക്സ് പൃഥ്വിരാജിനുണ്ടായിരുന്നു. വെള്ളനിറത്തിലുള്ള കാറിന് ചുവപ്പ് റൂഫായിരുന്നു. ഏകദേശം അഗാപ്പേ ഗ്രേ നിറത്തിലുള്ള കാറിന്റെ അടിസ്ഥാന എക്സ്ഷോറൂം വില 3.20 കോടി രൂപയാണ്. ഉടമകളുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷന്‍ കൂടി ആകുമ്പോള്‍ വില വര്‍ധിക്കും. എന്തൊക്കെ കസ്റ്റമൈസേഷനാണ് പൃഥ്വിരാജ് വാഹനത്തില്‍ നടത്തിയത് എന്ന് വ്യക്തമല്ല. നാലു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 510 പിഎസ് പവറും 470 എന്‍എം ടോര്‍ക്കുമുണ്ട്. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതി.

അ. മുത്തുലിംഗം, ലിയനഗേ അമരകീര്‍ത്തി, ഷോഭാശക്തി, ചക്രവര്‍ത്തി, തക്ഷില സ്വര്‍ണമാലി, സുമുദു നിരാഗി സെനെവിരത്നെ, ഹസീന്‍ ആദം, മുഹമ്മദ് റഷ്മി അഹമദ്, തമിഴ്നദി, പ്രമീള പ്രദീപന്‍, ഇസുരു ചാമര സോമവീര, സുസാന്ത മൂനമല്‍പേ. ശ്രീലങ്കന്‍ സംസ്‌കാരവൈവിധ്യങ്ങളെയും അധിനിവേശചരിത്രത്തെയും അടിച്ചമര്‍ത്തലുകളെയും ഐക്യപ്പെടലുകളെയും അതിജീവനത്തെയും പ്രണയത്തെയും വിദ്വേഷത്തെയും അടയാളപ്പെടുത്തുന്ന രചനകളുടെ പരിഭാഷ. സിംഹള-തമിഴ് എഴുത്തുകളുടെ വശ്യതയും വൈവിദ്ധ്യവും വിളിച്ചോതുന്ന പന്ത്രണ്ട് എഴുത്തുകാരുടെ കഥകളുടെ സമാഹാരം. ‘ശ്രീലങ്കന്‍ കഥകള്‍’. പരിഭാഷ – എ.കെ. റിയാസ് മുഹമ്മദ്. മാതൃഭൂമി. വില 246 രൂപ.

പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഏതു പ്രായത്തിലും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യത്തോടെയിരിക്കാന്‍ സംരക്ഷിക്കും. എണ്‍പതുകളില്‍ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത പലരെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍, നിങ്ങളെ വാര്‍ദ്ധക്യം എളുപ്പത്തില്‍ പിടികൂടില്ല. പപ്പായയുടെ പപ്പെയ്ന്‍ എന്ന എന്‍സൈം പ്രായമാകല്‍ വിരുദ്ധ ഗുണങ്ങള്‍ക്കായി സഹായിക്കുന്നു. ഇതില്‍ ലൈക്കോപീന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്, ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കും. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുകയും ചെറിയ മുഴകള്‍ രൂപപ്പെടുകയും ചെയ്യുന്ന കേടായ കെരാറ്റിന്‍ നീക്കം ചെയ്യാനും പപ്പൈന് കഴിയും. മാതളനാരങ്ങയില്‍ പ്യൂണികലാജിന്‍സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈം ചര്‍മ്മത്തിലെ കൊളാജന്‍ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാന്‍ ഇത് വളരെ നല്ലതാണ്, കാരണം കൊളാജന്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുന്ന പ്രോബയോട്ടിക്‌സ് തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരിലെ ലാക്റ്റിക് ആസിഡ് സുഷിരങ്ങള്‍ ചുരുങ്ങുകയും മുറുക്കുകയും ചെയ്ത് നേര്‍ത്ത വരകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. റൈബോഫ്ലേവിന്‍ അല്ലെങ്കില്‍ വിറ്റാമിന്‍ ബി 12 എന്നിവയാല്‍ സമ്പന്നമായ തൈര് കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിക്കുമ്പോള്‍ ചര്‍മ്മത്തെ തിളങ്ങുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. തക്കാളിയില്‍ ഉയര്‍ന്ന അളവിലുള്ള ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സൂര്യാഘാതത്തിനെതിരെ പോരാടാന്‍ സഹായിക്കുന്നു. കൂടാതെ, അവ കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട നിരവധി വിറ്റാമിനുകളും ധാതുക്കളും ബ്രൊക്കോളിയില്‍ നിറഞ്ഞിരിക്കുന്നു. ബീറ്റാ കരോട്ടിന്‍ പോലെ പ്രവര്‍ത്തിക്കുന്ന കരോട്ടിനോയിഡ് ല്യൂട്ടിന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മം വരണ്ടതും ചുളിവുകളുള്ളതുമാകാന്‍ ഇടയാക്കും. ചര്‍മ്മകോശങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, സി, ബി6, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ് മുന്തിരി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.26, പൗണ്ട് – 102.19, യൂറോ – 88.91, സ്വിസ് ഫ്രാങ്ക് – 92.33, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.62, ബഹറിന്‍ ദിനാര്‍ – 220.86, കുവൈത്ത് ദിനാര്‍ -269.69, ഒമാനി റിയാല്‍ – 216.31, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.44.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *