◾സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ 64 നവീന എന്‍ജിനിയറിംഗ് കോഴ്സുകള്‍ ആരംഭിക്കാന്‍ സാങ്കേതിക സര്‍വകലാശാല അംഗീകാരം നല്‍കി. രണ്ടു പുതിയ കോളജുകള്‍ക്കുള്ള നിരാക്ഷേപ പത്രം നല്‍കും. 47 കോളജുകളില്‍ സീറ്റു വര്‍ധിപ്പിക്കാനും തീരുമാനം.
◾ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ഇന്ന് ഉച്ചകഴിഞ്ഞ് 2.35 ന്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലാന്‍ഡര്‍ ഓഗസ്റ്റ് 23 നോ 24 നോ ആണ് ചന്ദ്രനില്‍ ഇറങ്ങുക. (ചന്ദ്രനിലേക്ക് … https://youtu.be/l3wq7GQ7e8o )
◾ഡല്‍ഹിയിലും ഹിമാചല്‍ പ്രദേശിലും പ്രളയം. യമുനാനദി കവിഞ്ഞൊഴുകി. ഡല്‍ഹിയിലെ ചെങ്കോട്ട അടച്ചു. റോഡുകളും മെട്രോയും വെള്ളത്തില്‍ മുങ്ങി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 25,000 പേരെ ഒഴിപ്പിച്ചു. ഹിമാചല്‍പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ മരണം 91 ആയി. വെളളപ്പൊക്കത്തെക്കുറിച്ചുള്ള സ്ഥിതികള്‍ ഫ്രാന്‍സിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ചു വിലയിരുത്തി.
◾മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം വേണമെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ ആറു പ്രതികളില്‍ മൂന്നു പേര്‍ക്കു ജീവപര്യന്തം തടവുശിക്ഷ. മുഖ്യപ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്കാണു ജീവപര്യന്തം തടവ്. മറ്റു പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ മൂന്നു വര്‍ഷം വീതം തടവുശിക്ഷ അനുഭവിക്കണം. ഇവര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം. അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ നടപ്പാക്കാനാണു ശ്രമിച്ചതെന്ന് എന്‍ഐഎ കോടതി നിരീക്ഷിച്ചു.
◾ശിക്ഷ കുറഞ്ഞെന്നോ കൂടിയെന്നോ പറയാന്‍ താനില്ലെന്നും നിയമപണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും കൈവെട്ടുകേസിലെ ഇരയായ പ്രൊഫ ടി.ജെ ജോസഫ്. വിധിയെ വികാരപരമായി കാണുന്നില്ല. നഷ്ടപരിഹാരം നേരത്തെ സര്‍ക്കാര്‍ തരേണ്ടതാണെന്നും ജോസഫ് പറഞ്ഞു.
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസം 20 നകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ധനസഹായമായ 30 കോടി ലഭിച്ചാല്‍ ശമ്പളം വിതരണം ചെയ്യുമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു. മാസം 220 കോടി രൂപ വരുമാനമുണ്ടായിട്ടം ശമ്പളം നല്‍കാനാകാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
◾
◾ഏക സിവില്‍ കോഡിനെതിരേ പാര്‍ലമെന്റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ 20 ന് പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ച യോഗത്തിലാണ് ഈ നിര്‍ദേശം. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയത്തെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
◾കോടതിയലക്ഷ്യ കേസില്‍ ‘വി ഫോര്‍ കൊച്ചി’ നേതാവ് നിപുന്‍ ചെറിയാന് നാലുമാസം തടവും 2000 പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ അപ്പീലുമായി സുപ്രീം കോടതിയില്‍ പൊക്കോളുവെന്ന് കോടതി നിര്‍ദ്ദേശിച്ചു.
◾സംസ്ഥാനത്തെ എ ഐ ക്യാമറ ഉപയോഗിച്ച് റോഡുകളിലെ കുഴി കണ്ടെത്തിക്കൂടേയെന്ന് ഹൈക്കോടതി. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 26 ന് നിലപാട് അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
◾മൂന്നു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഞായറാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും.
◾കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പെന്ന് അവകാശപ്പെടുന്ന കോക്കോണിക്സ് നാല് പുതിയ മോഡലുകളുമായി ഈ മാസം റീലോഞ്ച് ചെയ്യുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രതിവര്‍ഷം രണ്ടു ലക്ഷം ലാപ്ടോപ്പുകള്‍ പുറത്തിറക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
◾
◾ബോണസ് തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നു തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിലാണു നിര്‍ദേശം. തര്‍ക്കമുള്ളിടത്തു ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും നിര്‍ദേശിച്ചു.
◾ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സിഎംഡിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ഇന്നു മാര്‍ച്ച് നടത്തും.
◾തിരുവനന്തപുരം മാറനല്ലൂരില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത അപ്രോച്ച് റോഡ് തകര്‍ന്നെങ്കിലും നിര്‍മ്മാണത്തില്‍ അപാകതയില്ലെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട്. ബണ്ട് റോഡിനടിയിലെ മണ്ണ് ഒലിച്ചു പോയിട്ടുണ്ട്. പാലത്തിനോ അപ്രോച്ച് റോഡിനോ തകരാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
◾രേഖകളില്ലാതെ കൊണ്ടുവന്ന 30 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്രാ സ്വദേശിയെ അറസ്റ്റു ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്ന 30 ലക്ഷമാണ് വാളയാറില്‍ എക്സൈസ് പിടികൂടിയത്.
◾മൂന്നര വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 34 കാരി കൂടെ ജോലി ചെയ്യുന്ന 18 കാരനൊപ്പം ഒളിച്ചോടി. മലപ്പുറം താഴെ ചേളാരിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി റഹീമാണ് ഭാര്യ നജ്മ ബംഗാള്‍ സ്വദേശി രാജുവിനൊപ്പം പോയെന്ന് പോലീസില്‍ പരാതിപ്പെട്ടത്. റഹീം മാര്‍ബിള്‍ പണിക്കാരനാണ്. ഭാര്യ നജ്മയും രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരാണ്.
◾ബിഹാറില്‍ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ജഹനാബാദ് ജില്ലാ സെക്രട്ടറി വിജയ്കുമാര്‍ സിംഗാണു മരിച്ചത്. അധ്യാപക നിയമനചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേയാണ് ബിജെപി മാര്‍ച്ചു നടത്തിയത്.
◾ഏക സിവില്‍ കോഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമ കമ്മീഷനു കത്തയച്ചു. ഏക സിവില്‍ കോഡ് ബഹുസ്വരതയ്ക്കും സാമുദായിക സാഹോദര്യത്തിനും ഭീഷണിയാകും. ഏക നിയമം അടിച്ചേല്പിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണ്. സ്റ്റാലിന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഒരു സംസ്ഥാനം നിയമ കമ്മീഷന് കത്ത് അയക്കുന്നത് ആദ്യമാണ്.
◾മണിപ്പൂരിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ എത്തിയതിനു പിറകേയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കിയത്.
◾ഡല്‍ഹി രോഹിണിയിലെ ഇരുപതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പൊലീസ് ചമഞ്ഞെത്തി ബലാത്സംഗം ചെയ്ത യുവാവിനെ അറസ്റ്റു ചെയ്തു. പ്രതി രവി സോളങ്കിയെ ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
◾റഷ്യയിലെ വാഗ്‌നര്‍ കൂലിപ്പട്ടാളത്തിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തെന്ന് അമേരിക്കന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച പ്രിഗോഷിന്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്നു വാര്‍ത്തയുണ്ടായിരുന്നു. കൂടിക്കാഴ്ച വാര്‍ത്ത റഷ്യന്‍ ഭരണകൂടം സൃഷ്ടിച്ച നുണവാര്‍ത്തയാണെന്നാണ് യുഎസ് മുന്‍ സൈനിക ജനറല്‍ റോബര്‍ട്ട് ഏബ്രഹാം പറയുന്നത്.
◾ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുല്ല അബൂബക്കറിന് സ്വര്‍ണം. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലാണ് അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണം നേടിയത്. രണ്ടാം ദിനമായ ഇന്നലെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയും പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടി.
◾ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരേ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ബംഗ്ലാദേശ് വനിതകള്‍. ഇന്ത്യ ഉയര്‍ത്തിയ 103 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. ആദ്യ രണ്ട് മത്സരം ജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. മലയാളി താരം മിന്നു മണി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
◾വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയും സെഞ്ച്വറി നേടിയ മത്സരത്തില്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ 143 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളും 36 റണ്‍സെടുത്ത വിരാട് കോലിയുമാണ് ക്രീസിലുള്ളത്. ഇതോടെ ഇന്ത്യക്ക് 162 റണ്‍സിന്റെ ലീഡായി.
◾ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറും ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്വേറ്റ വാന്‍ദ്രോഷോവയും വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിനായി ഫൈനലില്‍ ഏറ്റുമുട്ടും. സെമിയില്‍ യുക്രൈനിന്റെ എലിന സ്വിറ്റൊലിനയെ തകര്‍ത്താണ് മാര്‍ക്വേറ്റ വാന്‍ദ്രോഷോവ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്. ബെലാറസ് താരം ആര്യന സബലങ്കയെ പരാജയപ്പെടുത്തിയാണ് ഒന്‍സ് ജാബിയൂര്‍ ഫൈനലിനായെത്തിയത്.
◾ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 42 ശതമാനം വര്‍ദ്ധനയോടെ 854 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 600.66 കോടി രൂപയായിരുന്നു. പ്രവര്‍ത്തനലാഭം 973.37 കോടി രൂപയില്‍ നിന്ന് 1,302.35 കോടി രൂപയിലെത്തി; വര്‍ദ്ധന 33.80 ശതമാനം. അറ്റ പലിശ വരുമാനം 1,605 കോടി രൂപയില്‍ നിന്നുയര്‍ന്ന് 1,919 കോടി രൂപയായി. ആകെ ബിസിനസ് നാല് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്ന കേരളം ആസ്ഥാനമായ ആദ്യ ബാങ്കെന്ന നേട്ടം കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. 21.17 ശതമാനം വളര്‍ന്ന് 4.05 ലക്ഷം കോടി രൂപയാണ് മൊത്തം ബിസിനസ്. 2022-23ലെ സമാനപാദത്തിലെ 1.83 ലക്ഷം കോടി രൂപയില്‍ നിന്ന് മൊത്തം നിക്ഷേപം 21 ശതമാനം വര്‍ദ്ധിച്ച് 2.22 ലക്ഷം കോടി രൂപയിലും മൊത്തം വായ്പകള്‍ 1.51 ലക്ഷം കോടി രൂപയില്‍ നിന്ന് 21 ശതമാനം ഉയര്‍ന്ന് 1.83 ലക്ഷം കോടി രൂപയിലും എത്തി. റീട്ടെയില്‍ വായ്പകള്‍ 17 ശതമാനവും സ്വര്‍ണ വായ്പകള്‍ 13 ശതമാനവും ഉയര്‍ന്നു. എം.എസ്.എം.ഇ വായ്പാ വളര്‍ച്ച 19 ശതമാനമാണ്. കാര്‍ഷിക വായ്പകളില്‍ 19.69 ശതമാനം, വാണിജ്യ വായ്പയില്‍ 22.11 ശതമാനം, കോര്‍പ്പറേറ്റ് വായ്പയില്‍ 21.50 ശതമാനവും വളര്‍ച്ചയുണ്ട്. കാസ നിക്ഷേപവും ശതമാനവും എന്‍.ആര്‍ നിക്ഷേപവും 5 ശതമാനം വീതം മെച്ചപ്പെട്ടു. കിട്ടാക്കടം കുറഞ്ഞത് കഴിഞ്ഞപാദത്തില്‍ നേട്ടമായി. മൊത്തം നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 2.69 ശതമാനത്തില്‍ നിന്ന് 2.38 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.94 ശതമാനത്തില്‍ നിന്ന് 0.69 ശതമാനത്തിലേക്കും കുറഞ്ഞു.
◾ഷാരൂഖ് ചിത്രം ‘ജവാന്‍’ എത്തിയതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന സംഗീത സംവിധായകന്‍ ആയി അനിരുദ്ധ് രവിചന്ദര്‍. എ.ആര്‍ റഹ്‌മാന്റെ റെക്കോഡ് ഇനി പഴങ്കഥ. 8 കോടിയാണ് ഒരു ചിത്രത്തിനു വേണ്ടി റഹ്‌മാന്‍ വാങ്ങുന്ന പ്രതിഫലമെന്ന് അടുത്തിടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാട്ട് പാടുന്നതിന് 3 കോടി വരെയാണ് റഹ്‌മാന്‍ വാങ്ങുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എ.ആര്‍ റഹ്‌മാന്‍ രണ്ടാം സ്ഥാനത്താണ്. 10 കോടി രൂപ പ്രതിഫലം വാങ്ങുന്ന അനിരുദ്ധ് രവിചന്ദര്‍ ഇപ്പോള്‍ മുന്നില്‍. ജവാന്റെ പ്രിവ്യൂ വീഡിയോ എത്തിയതോടെയാണ് അനിരുദ്ധിന്റെ പ്രതിഫലം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ചിത്രത്തിന് വേണ്ടി അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനിരുദ്ധ് ‘ജയിലര്‍’ ചിത്രത്തിന് വേണ്ടി ാെരുക്കിയ ‘കാവാല’ ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. മലയാളത്തില്‍ ‘മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിലൂടെ അനിരുദ്ധ് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ‘ടട്ടടട്ടര ടട്ടട്ട’ എന്ന ഗാനമാണ് ചിത്രത്തില്‍ അനിരുദ്ധ് ആലപിച്ചിട്ടുള്ളത്.
◾മോഹന്‍ലാലിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’യില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും. മോഹന്‍ലാലിനൊപ്പം സിമ്രാനും തെലുങ്ക് താരം റോഷന്‍ മെകയും എത്തും. ഗായിക സഹ്‌റ എസ് ഖാന്‍ ആണ് നായികയാകുന്നത്. റോഷന്‍ മെക മോഹന്‍ലാലിന്റെ മകനായാണ് ചിത്രത്തില്‍ എത്തുക. മകനും അച്ഛനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ പ്രമേയമാകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭയുടെ ചിത്രീകരണം ജൂലൈ അവസാനം ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ് മാതുര്‍ എന്നിവരാണ് നിര്‍മാണം. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. വൃഷഭ തലമുറകളിലൂടെ സഞ്ചരിക്കുന്ന ഒരു എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും.
◾രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ സംയുക്തമായി ജൂണില്‍ രേഖപ്പെടുത്തിയ മൊത്ത പാസഞ്ചര്‍ വാഹന വളര്‍ച്ച രണ്ട് ശതമാനം മാത്രമെന്ന് സിയാം റിപ്പോര്‍ട്ട്. 2022 ജൂണിലെ 3.20 ലക്ഷത്തില്‍ നിന്ന് 3.27 ലക്ഷം വാഹനങ്ങളായാണ് കഴിഞ്ഞ മാസത്തെ വില്‍പന കൂടിയത്. ചെറു കാറുകളുടെ ഡിമാന്‍ഡ് കുറഞ്ഞു. ഇരുചക്ര വാഹന വില്‍പന വളര്‍ച്ച ജൂണില്‍ 1.7 ശതമാനം മാത്രം വര്‍ദ്ധനയോടെ 13.30 ലക്ഷത്തിലെത്തി. 2022 ല്‍ ഇത് 13.08 ലക്ഷമായിരുന്നു. ഓട്ടോറിക്ഷകളുടെ കഴിഞ്ഞ മാസം വില്‍പന 26,701 യൂണിറ്റുകളില്‍ നിന്ന് 53,019 എണ്ണമായി ഉയര്‍ന്നു. വാണിജ്യ വാഹന വില്‍പന 2.24 ലക്ഷത്തില്‍ നിന്ന് 2.17 ലക്ഷമായി കുറഞ്ഞു. 2023-24 ലെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ മൊത്ത പാസഞ്ചര്‍ വാഹന വില്‍പന വളര്‍ച്ച 9 ശതമാനത്തോടെ 9.95 ലക്ഷമായി. 2022-23 ല്‍ 9.10 ലക്ഷമായിരുന്നു. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 4.64 ലക്ഷത്തില്‍ നിന്ന് 18 ശതമാനം കുതിച്ച് 5.46 ലക്ഷത്തിലെത്തി. ചെറുകാറുകളുടെ വില്‍പന വളര്‍ച്ച 4.11 ലക്ഷത്തില്‍ നിന്ന് 4.13 ലക്ഷത്തിലേക്കും വാനുകളുടെ വില്‍പന 34,432 ല്‍ നിന്ന് 35,648 ലേക്കും ഉയര്‍ന്നു. കഴിഞ്ഞപാദത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ എസ്.യു.വി ടാറ്റാ നെക്‌സോണാണ് (43,252 എണ്ണം). ഹ്യുണ്ടായ് ക്രെറ്റ (43,082), മാരുതി ബ്രെസ (35,812), ടാറ്റാ പഞ്ച് (33,048), ഹ്യുണ്ടായ് വെന്യൂ (32,161) എന്നിവയാണ് ആദ്യ അഞ്ചിലുള്ളത്. പാസഞ്ചര്‍ വാഹന വില്‍പനയില്‍ കഴിഞ്ഞ പാദത്തില്‍ മാരുതി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, ടൊയോട്ട, എം.ജി മോട്ടോര്‍ എന്നിവ വര്‍ദ്ധന രേഖപ്പെടുത്തിയപ്പോള്‍ കിയ, ഹോണ്ട, റെനോ, സ്‌കോഡ, ഫോക്‌സ്വാഗന്‍, ഇസുസു എന്നിവ കുറിച്ചത് നഷ്ടമാണ്.
◾ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള പലതരം ‘കലാകാരിത്ത’ങ്ങളിലേയ്ക്ക് കവിത ബാലകൃഷ്ണന്‍ നടത്തുന്ന സ്വതന്ത്രമായ അന്വേഷണമാണ് ഈ പുസ്തകം. ജീവിച്ചിരിക്കുന്നവരും കടന്നുപോയവരുമായ ചിത്രകാരികളുമായി അവരുടെ വ്യതിരിക്തതകളിലും സമാനതകളിലും കലാചരിത്രം എന്ന ആശയം കൊണ്ട് ഇടപെട്ട് പങ്കുവയ്ക്കാവുന്ന ഒരു മൈത്രിയാണ് കവിതയുടെ പ്രചോദനം. ഇതില്‍ പറയുന്ന കലാകാരി, കലാകാരന്‍ എന്ന് പദത്തിന്റെ സ്ത്രീലിംഗമല്ല. ‘കലാകാരി – ദൃശ്യകലയിലെ ജെന്‍ഡര്‍ രാഷ്ട്രീയം’. കവിത ബാലകൃഷ്ണന്‍. പുസ്തക പ്രസാധക സംഘം. വില 430 രൂപ.
◾വയറ് ആരോഗ്യത്തോടെയിരുന്നാല്‍ തന്നെ ആകെ ആരോഗ്യം മെച്ചപ്പെടുമെന്നാണ്. എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് വയറിലും കുടലിലുമാണ്. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. നിരന്തരമായി വയറില്‍ ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്റെ കൃത്യമായ സൂചനയാണ്. ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ആണ് കുടലിന്റെ ആരോഗ്യം അവതാളത്തിലായതിന്റെ ആദ്യത്തെ സൂചന. പതിവായുള്ള ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ കുടല്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ സൂചനയാകാം. തെറ്റായ ഭക്ഷണക്രമം മൂലമുണ്ടായ ഈ അനാരോഗ്യകരമായ കുടല്‍ ടൈപ്പ് 1 പ്രമേഹം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (ആര്‍എ), സോറിയാസിസ് തുടങ്ങിയ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സാധ്യതയെ വര്‍ധിപ്പിക്കാം. നിങ്ങള്‍ക്ക് വലിയ രീതിയില്‍ പഞ്ചസാരയോട് ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതും ചിലപ്പോള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മോശമായതിന്റെ സൂചനയാകാം. കുടലിന്റെ ആരോഗ്യം നല്ലതല്ലെങ്കില്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. നമ്മുടെ രോഗപ്രതിരോധ കോശങ്ങളുടെ 70 ശതമാനവും കുടലിലാണ് വസിക്കുന്നത്. അതിനാല്‍ രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും വയറിന്റെ അനാരോഗ്യകരമായ അവസ്ഥയുമായി ബന്ധപ്പെട്ടരിക്കുന്നു. കുടലും തലച്ചോറും തമ്മില്‍ ബന്ധമുണ്ട്. കുടലിന്റെ ആരോഗ്യം മോശമായാല്‍ അത് ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ദൂരെ താമസിക്കുന്ന തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും വലുതാകുമ്പോള്‍ തനിയെ പോയി കാണണം അതായിരുന്നു കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവന്റെ ആഗ്രഹം. ഹൈസ്‌ക്കൂളിലെത്തിയപ്പോള്‍ അവന്‍ തന്റെ ആഗ്രഹം വീണ്ടും പറഞ്ഞു. അവസാനം അച്ഛന്‍ തനിച്ചുപോകാന്‍ സമ്മതിച്ചു. അച്ഛന്‍ അവനെ മുത്തച്ഛനടുത്തേക്ക് പോകുന്ന ട്രെയിനില്‍ കയറ്റിയിരുത്തി. കൂടെ ഒരു കത്തും. അച്ഛന്‍ പറഞ്ഞു: എപ്പോഴെങ്കിലും നിനക്ക് പേടിതോന്നുകയാണെങ്കില്‍ ഈ കത്ത് തുറന്ന് നോക്കുക. ട്രെയിന്‍ യാത്ര പുറപ്പെട്ടു. കുറെ ദൂരം പിന്നിട്ടപ്പോള്‍ ബോഗിയിലെ ആളുകള്‍ കുറഞ്ഞു. അപ്പോഴാണ് കണ്ടാല്‍ പേടി തോന്നുന്ന ഒരാള്‍ ആ ബോഗിയില്‍ കയറിയത്. അയാളെ കണ്ട് അവനും പേടിയായി. അപ്പോഴാണ് അച്ഛന്‍ നല്‍കിയ കത്തിന്റെ കാര്യം ഓര്‍മ്മവന്നത്. അവന്‍ ആ കത്ത് തുറന്ന് നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. നീ പേടിക്കേണ്ട, ഞാന്‍ തൊട്ടടുത്ത ബോഗിയില്‍ ഉണ്ട് എന്നും കൂടെയാരാള്‍ ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ ജീവിക്കാന്‍ മറ്റുകാരണങ്ങള്‍ ഒന്നുംവേണ്ട.. എന്നും കൂടെയുണ്ടാകുക അത്രയെളുപ്പമല്ല.. സ്വന്തം മുന്‍ഗണനകള്‍ മാറ്റിവെക്കുന്നവര്‍ക്ക് മാത്രമേ മറ്റൊരാളുടെ ഒപ്പം നില്‍ക്കാന്‍ സാധിക്കൂ.. തനിക്കുകൂടി പ്രയോജനപ്പെടുമെന്ന് ഉറപ്പുള്ള ആളുകളോടൊപ്പം നില്‍ക്കാനാണ് ഭൂരിഭാഗംപേര്‍ക്കും ഇഷ്ടം. ബാധ്യതകൊണ്ടും ഒഴിവാക്കാനാവാത്തതുകൊണ്ടും ബന്ധം തുടര്‍ന്നുകൊണ്ടുപോകുന്നവരുമുണ്ട്.. ഒരു പ്രതിബദ്ധതയും ഇല്ലാതിരുന്നിട്ടും കൂടെ നില്‍ക്കാന്‍ തയ്യാറാകുന്നവര്‍ ജീവിതത്തിന് ഒരു ധൈര്യമാണ്. ഒരിക്കലും ഉപേക്ഷിക്കാത്തൊരാള്‍ കൂടെയുണ്ടെന്നതിനേക്കാള്‍ ആത്മവിശ്വാസം തരുന്ന എന്താണുള്ളത്.. ഒറ്റെപ്പെടുത്താത്ത ഒരാള്‍, ഒരുമിച്ചില്ലെങ്കിലും ഒപ്പമുള്ള ഒരാള്‍, ഒന്നിനെക്കുറിച്ചും പരാതിയില്ലാത്ത ഒരു സഹയാത്രികന്‍, കൊടുക്കുന്നതും വാങ്ങുന്നതും അളവുപാത്രത്തില്‍ പരിശോധിക്കാത്തൊരാള്‍… അങ്ങനെയൊരാള്‍ കൂടെയുണ്ടാകുന്നത് ഊര്‍ജ്ജമാണ്… അങ്ങനെയൊരാളായി മാറുന്നതും… – ശുഭദിനം.