കെ.എസ്.എഫ്.ഇയുമായുള്ള സാമ്പത്തിക ഇടപാടുകളും മറ്റ് ദൈനംദിന ആവശ്യങ്ങളും ഇനി ഞൊടിയിടയില്‍ നടത്താം. ‘കെ.എസ്.എഫ്.ഇ പവര്‍’ എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയതോടെയാണിത്. ചിട്ടി ഉടമകള്‍ക്ക് യൂസര്‍നെയിമും പാസ് വേഡും നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാം. ചിട്ടി മാസത്തവണകള്‍ അടയ്ക്കാനും ചിട്ടി വിളിക്കാന്‍ ശാഖാ മാനേജരെ ചുമതലപ്പെടുത്തുന്ന അനുമതിപത്രം നല്‍കാനും സ്വന്തം അക്കൗണ്ട് വിവരം പരിശോധിക്കാനും ആപ്പ് വഴി എളുപ്പം സാധിക്കും. ചിട്ടി വിളിച്ചെടുക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനും പുതിയ ചിട്ടിയില്‍ ചേരാനുമുള്ള സൗകര്യങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. മാസത്തവണ കണക്കുകൂട്ടാന്‍ കാല്‍ക്കുലേറ്ററും ഉണ്ട്. കൂടാതെ ഇതുവരെ നടത്തിയ ഇടപാട് വിവരങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചിട്ടി സ്ഥാപനങ്ങളില്‍ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാനാവുന്നത് കെ.എസ്.എഫ്.ഇയിലാണെന്ന് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. നിലവില്‍ കെ.എസ്.എഫ്.ഇയ്ക്ക് 76,000 കോടി രൂപയുടെ ബിസിനസുണ്ട്. ഇത് ഒരുലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. കെ.എസ്.എഫ്.ഇയുടെ മൂലധനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡയമണ്ട് ചിട്ടിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. സര്‍ക്കാരിന് ഗ്യാരണ്ടി കമ്മിഷനായി കെ.എസ്.എഫ്.ഇ നല്‍കുന്ന 56.74 കോടി രൂപയുടെ ചെക്കും മന്ത്രി ഏറ്റുവാങ്ങി. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, ഡയറക്ടര്‍ ഡോ. കെ. ശശികുമാര്‍, സി ഹരികുമാര്‍, എസ്. മുരളീകൃഷ്ണപിള്ള, എസ്. അരുണ്‍ബോസ്, എന്‍.എ. മന്‍സൂര്‍, എസ്. വിനോദ്, ഡോ. എസ്.കെ. സനില്‍ എന്നിവര്‍ സംസാരിച്ചു.