പേശികള്‍ക്കും വിശപ്പിനെ നിയന്ത്രിക്കാനും ഊര്‍ജ്ജനില മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രധാനമാണ്. എന്നാല്‍ പരിധികഴിഞ്ഞാല്‍ പ്രോട്ടീനും പണി തരും, പ്രത്യേകിച്ച് വൃക്കകള്‍ക്ക്. അമിതമായി പ്രോട്ടീന്‍ കഴിക്കുമ്പോള്‍, അത് വൃക്ക തകരാറിന് കാരണമാകും, പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം അല്ലെങ്കില്‍ രോഗനിര്‍ണയം ചെയ്യാത്ത വൃക്കരോഗം പോലുള്ള അപകട ഘടകങ്ങള്‍ ഉള്ളവരില്‍. ചുവന്ന മാംസവും സംസ്കരിച്ച മാംസവും വലിയ അളവില്‍ കഴിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കും. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം വൃക്കയുടെ ഫില്‍ട്ടറിങ് യൂണിറ്റുകള്‍ക്കുള്ളിലെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. മിക്ക പ്രോട്ടീന്‍ പൗഡറുകളും എഫ്ഡിഎ നിയന്ത്രണമില്ലാത്തവയാണ്, കൂടാതെ ഇവയില്‍ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ടാവും ഇത് വൃക്കകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ചില പ്രോട്ടീന്‍ പൗഡറുകളില്‍ കൂടിയ അളവില്‍ ലെഡ്, കാഡ്മിയം, ആര്‍സെനിക് പോലുള്ളവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കാഡ്മിയവും ലെഡും ദീര്‍ഘകാലം ശരീരത്തില്‍ എത്തുന്നത് വൃക്ക തകരാറിന് കാരണമാകാം. സസ്യ പ്രോട്ടീന്‍ കഴിക്കുന്ന ആളുകള്‍ക്ക് വിട്ടുമാറാത്ത വൃക്ക രോഗങ്ങള്‍ വരാനുള്ള സാധ്യത 70 ശതമാനം വരെ കുറവാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായത്തിനനുസരിച്ച് വൃക്കകളുടെ പ്രവര്‍ത്തനം സ്വാഭാവികമായും കുറയുന്നു. പ്രായമായവര്‍, പ്രമേഹ രോഗികള്‍, അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ വൃക്കരോഗം ഉള്ളവര്‍, പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണക്രമം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.