◾https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. മദ്യനയ കേസില്‍ അറസ്റ്റിലായി മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ കെജ്രിവാളിന്റെ വാദങ്ങള്‍ വിചാരണ കോടതി ശരിവെച്ചു. ജാമ്യത്തുക 1 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി.
◾https://dailynewslive.in/ നീറ്റില്‍ തുടങ്ങി നെറ്റിലും ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പരീക്ഷാ വിവാദം. ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട് തേടി. അതേസമയം കൗണ്‍സിലിംഗിന് സ്റ്റേ ഇല്ലെന്ന് കോടതി ഇന്നലെയും വ്യക്തമാക്കി. വിവിധ ഹര്‍ജികളില്‍ അടുത്തമാസം എട്ടിന് കോടതി വിശദവാദം കേള്‍ക്കും. പരീക്ഷ ക്രമക്കേടില്‍ കര്‍ശന നടപടിയിലേക്ക് കേന്ദ്രം നീങ്ങുന്നുവെന്നാണ് സൂചന.
◾https://dailynewslive.in/ നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. നീറ്റ് – നെറ്റ് വിവാദത്തിനിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന. എന്‍ടിഎയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും ബീഹാര്‍ സര്‍ക്കാര്‍ ചില വിവരങ്ങള്‍ നല്‍കിയെന്നും ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ യു.ജി.സി- നെറ്റ് ചോദ്യപ്പേപ്പര്‍ ഡാര്‍ക്നെറ്റില്‍ ചോര്‍ന്നതിനാലാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്. ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യപ്പേപ്പറിന് യഥാര്‍ഥ ചോദ്യപ്പേപ്പറുമായി സാമ്യമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
◾https://dailynewslive.in/ രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് നടന്ന നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ലെന്നും സംഘടനകളുമായുള്ള ബന്ധം നോക്കിയാണെന്നും അതുകൊണ്ടാണിത്തരം ക്രമക്കേടുകള്‍ തടയാന്‍ സാധിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ചോദ്യപേപ്പര്‍ ചോര്‍ച്ച തടയണമെന്ന് ആഗ്രഹമില്ലെന്നും ഭാരത് ജോഡോ യാത്രകളില്‍ എല്ലായിടത്തും വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
◾https://dailynewslive.in/ പാര്‍ട്ടി ഇടപെടും,സര്‍ക്കാര്‍ തിരുത്തും. തിരഞ്ഞെടുപ്പ് പരാജയത്തിന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കാരണമാണെന്ന സി.പി.എം സംസ്ഥാനസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടിക്ക് തീരുമാനം. എങ്ങനെ തിരുത്തണമെന്ന് സി.പി.എം. നിശ്ചയിക്കും. ഇതിനായി സംസ്ഥാനസെക്രട്ടേറിയറ്റ് കര്‍മരേഖ തയ്യാറാക്കി സര്‍ക്കാരിന് നല്‍കും. സാധാരണജനങ്ങളുടെ ആവശ്യത്തിനും പ്രശ്നങ്ങള്‍ക്കും ഊന്നല്‍ നല്കി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് മുന്‍ഗണന നിശ്ചയിക്കാനാണ് പാര്‍ട്ടി തീരുമാനം.
◾https://dailynewslive.in/ ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ സിപിഎമ്മും ഇടതുപക്ഷവും പരാജയപ്പെട്ടെന്ന് സമ്മതിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിനുള്ള പരിമിതി തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിയെന്നും ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തിലുള്ള ആര്‍എസ്എസ് ഇടപെടല്‍ ഒരുവിഭാഗം വോട്ടുകള്‍ നഷ്ടമാക്കിയെന്നും ഗോവിന്ദന് പറഞ്ഞു.
◾https://dailynewslive.in/ മാസപ്പടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മാത്യു കുഴല്നാടന് എം എല്‍ എ നിയമസഭയില്‍ പറഞ്ഞു. നിങ്ങള്‍ ഈ വിഷയം സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ചാനലിനും സോഷ്യല്‍ മീഡിയക്കും വേണ്ടി നിയമസഭയില്‍ പ്രസംഗിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മാത്യു കുഴല്നാടന് പിന്മാറാന് തയ്യാറായില്ല. പി.വി എന്നത് പിണറായി വിജയന് അല്ലെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാമെന്ന് കുഴല്‍ നാടന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾
◾https://dailynewslive.in/ മലപ്പുറം തുവ്വൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ സുനില്‍രാജ് പിടിയിലായി. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. വില്ലേജ് ഓഫീസര്‍ പട്ടയം ലഭിക്കാന്‍ നല്‍കേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്. നീലാഞ്ചേരി സ്വദേശി തെച്ചിയോടന്‍ ജമീലയില്‍ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20,000 രൂപ വാങ്ങിയത്.
◾https://dailynewslive.in/ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിന്‍വലിച്ച്, പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി ഉടന്‍ തന്നെ പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജന്‍സിയെ കൊണ്ട് നടത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്കാന് സഹായിക്കാനൊരുങ്ങി സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആര്‍ടിസി ഉണ്ടാക്കുമെന്നും ഇതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് ജില്ലയില്‍ ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ്. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു നടത്തിയ മാര്‍ച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
◾https://dailynewslive.in/ എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2024 ലെ എസ്. എസ്.എല്‍.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. ഇതിനോടൊപ്പം ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷ എഴുതിയ 4 വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്.എസ്.എല്‍.സി സേ പരീക്ഷയില്‍ 98.97% ഉം , ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷയില്‍ 100% ഉം ആണ് വിജയം. റിസള്‍ട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://sslcexam.kerala.gov.in) ലഭ്യമാണ്.
◾https://dailynewslive.in/ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാന്‍ ക്ഷണിച്ചിരുന്നില്ല. ഇതില്‍ കുപിതനായാണ് അദ്ദേഹം വിഡി സതീശന് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവന്‍ അറിയപ്പെടുന്ന പോര്‍ട്ട് ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം പോര്‍ട്ട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
◾https://dailynewslive.in/ ജോലി ചെയ്യുന്ന കമ്പനിയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ച ജീവനക്കാരനെതിരെ എടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചതിന് അച്ചടക്ക നടപടി സ്വീകരിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഫാക്ടറിയിലെ അമോണിയ ഉപയോഗവുമായി ബന്ധപ്പെട്ട് വാട്സാപ്പ് സന്ദേശം അയച്ചതിന് കമ്പനി നടപടി സ്വീകരിച്ചത് ചോദ്യം ചെയ്ത് ജീവനക്കാരനായ ടിവി സുജിത് ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
◾https://dailynewslive.in/ അനാവശ്യ നിര്‍ദ്ദേശങ്ങള്‍ നല്കി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ഭാരം കൂട്ടരുതെന്ന് എഡിജിപി എം ആര് അജിത് കുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. നിസ്സാര കാര്യങ്ങള്‍ പോലും കോളം വരച്ച ഷീറ്റുകളില്‍ സ്റ്റേഷനുകളില്‍ നിന്ന് രേഖപ്പെടുത്തി നല്കാന്, മേലധികാരികള്‍ നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത കൂടുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സുപ്രധാന നിര്‍ദ്ദേശo. പോലീസുകാര്‍ക്ക് അമിത ജോലിഭാരം തടയുന്നതിനും കൂടിയാണ് ഈ നിര്‍ദ്ദേശം.
◾https://dailynewslive.in/ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവന സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്പ്പെടുന്ന ഒരു മനസ്സ് രൂപപ്പെട്ട് വരുന്നുവെന്ന് കാണിക്കുന്നുവെന്ന് ഗോവിന്ദന് പറഞ്ഞു.
◾https://dailynewslive.in/ ഓട്ടമാറ്റിക് ഗേറ്റില്‍ കുടുങ്ങി 9 വയസ്സുകാരന് തിരൂരില്‍ മരിച്ചു. തിരൂര്‍ വൈലത്തൂര്‍ ചിലവില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന് മുഹമ്മദ് സിനാന് ആണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ അടുത്തുള്ള വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പുറത്തേക്കു പോകുന്നതിനിടെ ഗേറ്റിനിടയില്‍ കുടുങ്ങുകയായിരുന്നു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. കര്‍ണാടക തീരം മുതല്‍ കേരളാ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്.കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ഈ ദിവസങ്ങളില്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
◾https://dailynewslive.in/ ഒഡിഷയിലെ കട്ടക്കില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ 18-ാം ലോക്സഭയിലെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. എട്ടാംതവണ എംപിയായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് പ്രോ ടേം സ്പീക്കറാവുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കൊടിക്കുന്നിലിനെ തഴഞ്ഞ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്ററി മാനദണ്ഡങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതികരിച്ചു.
◾https://dailynewslive.in/ രേണുകാസ്വാമി കൊലക്കേസില്‍ പ്രതിയായ ദര്ശന് തൂഗുദീപയ്ക്ക് ജാമ്യമില്ല. ബെംഗളുരു അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ദര്‍ശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദര്‍ശന്റെ പങ്കാളി പവിത്ര ഗൗഡ അടക്കം മറ്റ് 13 പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
◾https://dailynewslive.in/ കൂര്‍ഗില്‍ പഴക്കം ചെന്ന കെട്ടിടം ഇടിഞ്ഞ് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്. വിരാജ്പേട്ട – മൈസുരു – ബെംഗളുരു ദേശീയപാതയ്ക്ക് അരികിലുള്ള അമ്പൂര്‍ ബിരിയാണി ഹൗസ് എന്ന ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കകത്ത് കുടുങ്ങിയ രണ്ട് പേരെ ഏതാണ്ട് ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ അഞ്ച് പേരെയും തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ജസ്റ്റിസ് എസ് മണികുമാര്‍ തമിഴ്നാട്ടില്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കേരളത്തില്‍ ഇദ്ദേഹത്തെ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. പത്ത് മാസത്തോളം സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നീട് ഉത്തരവിട്ടെങ്കിലും തമിഴ്നാട്ടില്‍ നിയമനം ഉറപ്പിച്ച ജസ്റ്റിസ് എസ് മണികുമാര്‍ ഇത് നിരസിച്ചിരുന്നു.
◾https://dailynewslive.in/ വന്ദേ ഭാരത് എക്സ്പ്രസില്‍ നല്കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ഖേദം രേഖപ്പെടുത്തി. ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്. അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രത്തിന്റെ ബേണ്‍ഡ് മെമ്മറിയും വിവിപാറ്റും തമ്മില്‍ ഒത്തുനോക്കാന്‍ ഇതുവരെ എട്ടു അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്. മൂന്നുവീതം ബി.ജെ.പി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഓരോ ഡി.എം.ഡി.കെ, വൈ.എസ്.ആര്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ് കമ്മിഷനെ സമീപിച്ചത്.
◾https://dailynewslive.in/ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേട് ആരോപണത്തില്‍ ആര്.ജെ.ഡി. നേതാവ് തേജസ്വി യാദവിനെ സംശയമുനയില്‍ നിര്‍ത്തി ബി.ജെ.പി. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിപ്പിക്കാന്‍ തേജസ്വി യാദവിന്റെ പി.എ. ഇടപെട്ടുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തേജസ്വി യാദവിന്റെ പി.എ. പ്രീതം കുമാര്‍ ഇടപെട്ട്, നിലവില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ഥി അനുരാഗ് യാദവിനും രക്ഷിതാക്കള്‍ക്കും താമസിക്കാന്‍ ഇടം നല്‍കിയതായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വിജയ് കുമാര്‍ സിന്‍ഹ ആരോപിച്ചു.
◾https://dailynewslive.in/ ജമ്മുകശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തിരഞ്ഞെടുപ്പ് വിദൂരത്തല്ലെന്നും ഉടന്‍ തന്നെ സ്വന്തം സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിലെത്തിയ അദ്ദേഹം യുവാക്കള്‍ക്കായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ചെരുപ്പെറിഞ്ഞ സംഭവത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറയാന്‍ മറന്നുവെന്ന പരാമര്‍ശത്തോടെയാണ് സമൂഹ മാധ്യമമായ എക്സിലെ പ്രതികരണം. ഏത് തരം പ്രതിഷേധമായാലും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാകണമെന്ന് പറഞ്ഞ അദ്ദേഹം അക്രമത്തിനും വെറുപ്പിനും സ്ഥാനമില്ലെന്നും ഓര്‍മ്മിപ്പിച്ചു. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 28 പന്തില്‍ 53 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന് 134 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. ഏഴ് റണ്‍സ് മാത്രംവിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് അഫ്ഗാനിസ്ഥാനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
◾https://dailynewslive.in/ യൂറോ കപ്പില്‍ സെര്‍ബിയ- സ്ലൊവേനിയ മത്സരം സമനിലയിലായി. 69-ാം മിനിറ്റില്‍ മുന്നിലെത്തിയ സ്ലൊവേനിയയെ 95-ാം മിനിറ്റില്‍ തിരിച്ചടിച്ചാണ് സെര്‍ബിയ സമനില പിടിച്ചെടുത്തത്. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ താരനിരയെ സമനിലയില്‍ പിടിച്ച് ഡെന്മാര്ക്ക്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ഡെന്മാര്ക്ക് കളിക്കളം വിട്ടത്. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് സ്പെയ്ന്‍ ഗ്രൂപ്പ് ജേതാക്കളായി യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
◾https://dailynewslive.in/ പ്രാഥമിക ഓഹരിവില്‍പ്പനയിലൂടെ (ഐപിഎം) ഫണ്ട് സമാഹരണം നടത്താന്‍ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന് സെബിയുടെ അനുമതി. ഐപിഒയിലൂടെയും ഓഫര്‍ ഫോര്‍ സെയിലിലൂടെയും 7250 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഐപിഒയിലൂടെ 5500 കോടി രൂപ സമാഹരിക്കുമെന്ന് സെബിയില്‍ കമ്പനിയുടെ ഫയലിംഗില്‍ പറയുന്നു. ഓഫര്‍ ഫോര്‍ സെയിലിലൂടെ 1750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറിലാണ് ഐപിഒയിലൂടെയുള്ള ഫണ്ട് സമാഹരണത്തിന് കമ്പനി സെബിയെ സമീപിച്ചത്. 9.52 കോടി ഓഹരികള്‍ വിപണിയില്‍ ഇറക്കി പണം സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ സതീഷ് മേത്തയ്ക്ക് കമ്പനിയില്‍ 41.92 ശതമാനം ഓഹരിയും ബിസി ഇന്‍വെസ്റ്റ്മെന്റിന് 13.09 ശതമാനം ഓഹരിയുമുണ്ട്. ഒല ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ‘എസ് 1 പ്രോ’ 2021 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. നിലവില്‍ പോര്‍ട്ട്ഫോളിയോയില്‍ 5 സ്കൂട്ടര്‍ മോഡലുകളാണ് ഉള്ളത്.
◾https://dailynewslive.in/ ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വൈറലായ മലയാളി മോഡല്‍ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) യുടെ ഗ്ലാമര്‍ വിഡിയോയുമായി സംവിധായകന് രാം ഗോപാല്‍ വര്‍മ. ‘വാട്ടറിങ് ദ് ഡാന്‍സ്’ എന്ന അടിക്കുറിപ്പോടെ രാം ഗോപാല്‍ വര്‍മ്മ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് താരം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധ്യയെ നായികയാക്കി ആര്‍ജിവി ഒരുക്കുന്ന ‘സാരി’ എന്ന സിനിമയില്‍ നിന്നുള്ള വിഡിയോയാണിത്. ആഗോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ലോക സാരി ദിനത്തോടനുബന്ധിച്ചാണ് സാരിയെന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന് പുറത്തുവിട്ടത്. ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. സാരിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീലക്ഷ്മിയുടെ പേര് ആരാധ്യ ദേവി എന്ന് മാറ്റിയ വിവരം ആര്‍ജിവി തന്നെയാണ് പുറത്തുവിട്ടത്. പരസ്യ ചിത്രങ്ങളിലും മോഡലിങ് രംഗത്തും വളരെ സജീവമാണിപ്പോള്‍ ആരാധ്യ.
◾https://dailynewslive.in/ ആദീഷ് പ്രവീണ്‍, ജി.കെ.എന്‍ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എന്‍.പിള്ള പീവീ സിനിമാസിന്റെ ബാനറില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. എസ്.സുര്‍ജിത് നിര്‍മ്മിച്ച ചിത്രം 21ന് റിലീസാകും. കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണ സന്ദേശമുയര്‍ത്തുന്ന ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനാണ്. ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. സ്നേഹവുംത്തെയും ദൈവത്തെയും സമന്വയിപ്പിക്കുന്ന ആളാണ് ഗുരു എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ്.സുര്‍ജിത്, റെജി ജോസ്, ദിലീപ് നീലീശ്വരം, പ്രണവ് ഉണ്ണി, വിമല്‍, പ്രീത, വസുന്ധര, റെയ്ച്ചല്‍ മാത്യു, ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ, ദേവക് ബിനു, ആല്‍ഫ്രഡ് റോബിന്, പാര്‍ത്ഥിവ് സന്തോഷ്, അക്ഷയ് സുഭാഷ്, ആദര്‍ശ് ജോഷി, കാശിനാഥ് ശ്രീപതി, വരുണ്‍ മനോജ്, പല്ലവി സജിത്, ആന്‍ഡ്രിയ എല്‍ദോസ്, വൈഗ മനോജ്, ഗൗരി നന്ദ, അഷ്റഫ് മല്ലശ്ശേരി, കല്ലമ്പലം വിജയന്, ആഗ്നേയ് പ്രകാശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
◾https://dailynewslive.in/ കഴിഞ്ഞ മാസമാണ് സിട്രോണ്‍ ഇന്ത്യ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ തിരഞ്ഞെടുത്തത്. ധോണി ആരാധകര്‍ക്ക് ആഘോഷമാക്കാനായി ഒരു പ്രഖ്യാപനവും അന്ന് കമ്പനി നടത്തിയിരുന്നു. ധോണിയുടെ പേരില്‍ വാഹനം പുറത്തിറക്കുമെന്നായിരുന്നുവത്. ‘ധോണി എഡിഷന്’ സി 3 എയര്‍ക്രോസ് എന്ന പേരില്‍ കമ്പനി ലിമിറ്റഡ് എഡിഷന് വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു. ഈ പ്രത്യേക എഡിഷന് മോഡല്‍ 100 എണ്ണം മാത്രമേ വിപണിയിലെത്തുകയുള്ളൂ. 11.82 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് സി 3 എയര്‍ക്രോസിന് എക്സ് ഷോറൂം വില 8.99 ലക്ഷം രൂപ മുതലാണ്. വാഹനത്തിന് അടിസ്ഥാന പരമായി വലിയ മാറ്റങ്ങളൊന്നുമില്ല. ധോണി എഡിഷനിലില് പ്രത്യേക ആക്സസറീസും ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. എല്ലാ ധോണി എഡിഷന് സി 3 എയര്‍ക്രോസിലും ധോണി തീമിലുള്ള ഗ്ലൗ ബോക്സ് ഉണ്ടാകും. എന്നാല്‍ ഇതൊന്നുമല്ലാതെ, ഈ 100 വാഹനങ്ങളിലൊന്നില്‍ ധോണിയുടെ കയ്യൊപ്പുള്ള വിശേഷപ്പെട്ട ഒരു ഗ്ലൗ കൂടി കാണും. സ്റ്റാന്‍ഡേര്‍ഡ് മോഡലിനു സമാനമായ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് തന്നെയാണ് ധോണി എഡിഷന് സി 3 എയര്‍ക്രോസിലും. 110 എച്ച് പി കരുത്തും 190 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്ജിന്. കൂടാതെ, 6 സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ ബോക്സുകള്‍ തിരഞ്ഞെടുക്കാം.
◾https://dailynewslive.in/ ഒരു ദിവസം, എഴുത്തുകാരന് എന്ന നിലയില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവര്‍ക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ രഹസ്യകാമുകന് അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാന്‍ ധൈര്യമില്ലാത്ത രഹസ്യങ്ങള്‍ കത്തിലൂടെ അവളോട് കുമ്പസരിക്കേണ്ടതുണ്ടായിരുന്നു. ആ രഹസ്യങ്ങള്‍, വായനക്കാര്‍ക്ക് വിരസതയുണ്ടാക്കുന്നതെല്ലാം ഒഴിവാക്കി മുഹമ്മദ് അബ്ബാസ് നോവലായി അവതരിപ്പിക്കുന്നു. ‘അനസ് അഹമ്മദിന്റെ കുമ്പസാരം’. മുഹമ്മദ് അബ്ബാസ്. ഡിസി ബുക്സ്. വില 175 രൂപ.
◾https://dailynewslive.in/ ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാന്‍സര്‍ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ പല അവയവങ്ങളിലെയും ബാധിക്കാം. അതില്‍ പ്രധാനമായും പലരിലും ഇപ്പോള്‍ കണ്ടുവരുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. വന്‍കുടലിലോ മലാശയത്തിലോ പോളിപ്പുകള്‍ (ചെറിയ മുഴകള്‍) പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കോളോനോസ്കോപ്പി എന്ന പരിശോധന നടത്തിയാല്‍ അര്‍ബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാന്‍ സാധിക്കും. ജീവിതശൈലി, ഭക്ഷണം ഇവ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ക്യാന്‍സര്‍ അഥവാ അര്‍ബുദം വരാതെ തടയാം. കുടലിലെ ക്യാന്‍സര്‍ ബാധിച്ചവരില്‍ ശാസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാല്‍ അര്‍ബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേല്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബദാം, വാള്‍നട്ട്, ഹേസല്‍ നട്ട്, പെക്കണ്‍, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. കുടലിലെ അര്‍ബുദം ബാധിച്ച 862 പേരില്‍ അരവര്‍ഷക്കാലം നീണ്ട പഠനം നടത്തി. ആഴ്ചയില്‍ ഒന്നോ രണ്ടോ ഔണ്‍സ് നട്സ് കഴിച്ചവരില്‍ 42 ശതമാനം പേര്‍ക്ക് രോഗം കുറഞ്ഞതായും 57 ശതമാനം പേര്‍ക്ക് രോഗം മാറിയതായും കണ്ടു.
*ശുഭദിനം*
*കവിത കണ്ണന്*
അയാള്‍ ഒരു ചീപ്പ് നിര്‍മ്മാണകമ്പനിയുടെ ഉടമയായിരുന്നു. തന്റെ കാലശേഷം ഏറ്റവും മിടുക്കനായ മകനെ ബിസിനസ്സ് ഏല്‍പ്പിക്കണം എന്നതായിരുന്നു അയാളുടെ ആഗ്രഹം. അതിനായി അയാള്‍ തന്റെ മൂന്ന് മക്കളേയും വിളിച്ചു 100 ചീപ്പ് കൊടുത്തിട്ടു പറഞ്ഞു: ഞാന്‍ പറഞ്ഞ ആശ്രമത്തില്‍ പോയി ഈ ചീപ്പ് വില്‍ക്കണം. തങ്ങളോട് നിര്‍ദ്ദേശിച്ച ആശ്രമത്തിലെത്തിയ അവര്‍ മൂന്ന് പേരും ഞെട്ടി. കാരണം അവിടുത്തെ അന്തേവാസികളെല്ലാവരും തല മുണ്ഡനം ചെയ്തവരായിരുന്നു. ആദ്യം വീട്ടിലേക്ക് തിരിച്ചെത്തി മൂത്ത മകന് പറഞ്ഞു: ഞാന്‍ പത്ത് ചീപ്പ് വിററു. എങ്ങിനെ വിററുവെന്ന ചോദ്യത്തിന് അയാള്‍ പറഞ്ഞു: ഞാന്‍ നമ്മുടെ മത്സരത്തെ കുറിച്ച് പറഞ്ഞു എന്നിട്ട് എന്നെ ജയിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. രണ്ടാമന് പറഞ്ഞു: ഞാന്‍ ഇരുപത് ചീപ്പ് വിറ്റു. പുറം ചൊറിയാന്‍ ഇവ സഹായിക്കുമെന്ന് പറഞ്ഞാണ് ഞാനിത് വിററത്. മൂന്നാമന് അച്ഛന് കൊടുത്ത നൂറ് ചീപ്പും വിറ്റിരുന്നു. എങ്ങനെയെന്ന ചോദ്യത്തിന് അവന് പറഞ്ഞു: ആശ്രമാധിപന്റെ മഹദ് വചനങ്ങള്‍ ഈ ചീപ്പില്‍ കൊത്തി സന്ദര്‍ശകര്‍ക്ക് കൊടുത്താല്‍ എല്ലാ ദിവസവും തലചീകാന്‍ എടുക്കുമ്പോള്‍ അവര്‍ അത് വായിക്കും എന്ന് പറഞ്ഞു. പരിദേവനങ്ങള്‍ പട്ടിണി മാത്രമേ മാററൂ..പക്ഷേ, അവര്‍ക്കെന്നും പരാജിതരുടെ വേഷമാകും ഉണ്ടാവുക. സഹതാപത്തിന് മിനിമം ഗാരന്റി മാത്രമേ ഉണ്ടാകൂ.. അത് ഒരാളെയും അയാളുടെ പാരമ്യതയിലേക്കെത്തിക്കില്ല. ഒരു ശേഷിയും ഇല്ലാതെ ജന്മമെടുക്കുന്നവരാരും ഉണ്ടാകില്ല. ന്യൂനതകളിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ നമ്മുടെ കഴിവുകളെ കണ്ടെത്താനും നമുക്ക് സാധിക്കട്ടെ – ശുഭദിനം.