yt cover 20

*1985ലെ മികച്ച ജനപ്രിയ സിനിമ ?*

*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ഗാസയിലെ ആശുപത്രിയില്‍ 500 പേര്‍ കൊല്ലപ്പെട്ടത് ഹമാസ് ഭീകരരുടെ റോക്കറ്റ് പതിച്ചാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും സാധാരണക്കാരെ ഹമാസ് മനുഷ്യകവചമാക്കുകയാണെന്നും ജോ ബൈഡന്‍ ആരോപിച്ചു. ഗാസക്കും വെസ്റ്റ് ബാങ്കിനും പത്തു കോടി ഡോളറിന്റെ സഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രായേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര ജീവനക്കാരും പെന്‍ഷന്‍കാരും ജൂലൈ മുതല്‍ ക്ഷാമബത്ത വര്‍ദ്ധനയ്ക്കായി കാത്തിരിക്കുകയാണ്.

അഴിമതി സര്‍ക്കാരിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിലാണ് ഇങ്ങനെ പ്രസംഗിച്ചത്. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടംപോലും ചൂണ്ടിക്കാണിക്കാന്‍ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഉപരോധസമരംമൂലം ജനം വലഞ്ഞു.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

പിണറായി സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെയാണ് കന്റോമെന്റ് പൊലീസ് കേസെടുത്തത്. വഴി തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, എംഎം ഹസന്‍, കൊടുക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, എന്‍. കെ.പ്രേമചന്ദ്രന്‍, രമ്യ ഹരിദാസ്, സി പി ജോണ്‍ തുടങ്ങിയവരും പ്രതികളാണ്.

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 12.48 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിക്കു കൈമാറും. 76 ഭൂവുടമകള്‍ക്കായി 72 കോടി 85 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. 43.5 കോടി രൂപ കൈമാറിക്കഴിഞ്ഞു. ശേഷിക്കുന്ന 27 കോടി രൂപ രണ്ടു ദിവസത്തിനകം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതാ നിര്‍മിച്ച കരാറു കമ്പനിയായ ജി.ഐ.പി.എലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു. പാലിയേക്കരയിയിലെ ഓഫീസില്‍ റെയ്ഡ് നടത്തിയതിനു പിറകേയാണ് അക്കൗണ്ടു മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കത്തു നല്‍കിയത്. 2006 മുതല്‍ 2016 വരെയുള്ള റോഡ് നിര്‍മാണത്തില്‍ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നീ അഞ്ചു പേര്‍ക്കുള്ള ശിക്ഷ ഡല്‍ഹി സാകേത് കോടതി പിന്നീട് വിധിക്കും. കൊലപാതകം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റു മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവര്‍ച്ചാസംഘം കൊലപ്പെടുത്തുകയായിരുന്നു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിന്റെ ആദ്യ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഈ മാസം സമര്‍പ്പിക്കും. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാര്‍ അടക്കമുളളവരുടെ ജാമ്യ നീക്കം തടയാനാണ് കുറ്റപത്രം വൈകാതെത്തന്നെ സമര്‍പ്പിക്കുന്നത്.

‘ഓപ്പറേഷന്‍ അജയ്’ പദ്ധതിയുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തിലെ 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്സ് മുഖേന നാട്ടില്‍ തിരിച്ചെത്തി.

വയനാട്ടില്‍ കെട്ടിട നിര്‍മാണത്തിന് ഇനി കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ രേണുരാജ് ഉത്തരവിറക്കി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തലശ്ശേരി ഗവണ്മെന്റ് കോളജിന്റെ പേര് കോടിയേരി സ്മാരക കോളജെന്ന് പുനര്‍നാമകരണം ചെയ്തു. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്റെ പേര് മാറ്റിയത്.

പൊന്‍കുന്നം കൊപ്രാക്കളം ജംഗ്ഷനില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഓട്ടോ യാത്രക്കാരായ യുവാക്കളാണ് മരിച്ചത്.

നെല്ലു സംഭരണം കാര്യക്ഷമമക്കാന്‍ മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണ വില നല്‍കും. ഇതിനായി കേരള ബാങ്കില്‍നിന്ന് വായ്പ ലഭ്യമാക്കും. കേരള ബാങ്കിന് പി.ആര്‍.എസ് വായ്പ ഇനത്തില്‍ നല്‍കാനുള്ള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. 10 മില്ലുകളാണ് നെല്ലുസംഭരിക്കുന്നത്. 25,023.61 മെട്രിക് ടണ്‍ നെല്ല് ശേഖരിക്കാന്‍ പാടശേഖരങ്ങള്‍ അലോട്ട് ചെയ്തു നല്‍കിയിട്ടുണ്ട്. ഇതിനോടകം 2,954.653 ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്.

മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ അധിക പാല്‍വിലയായി നല്‍കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ അധിക പാല്‍വില നല്‍കും.

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിനു പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മലപ്പുറം പൂക്കോട്ടും പാടത്ത് കാട്ടുപന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് പതിമ്മൂന്നുകാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന അറയില്‍ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയാണ് മരിച്ചത്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ നാലു താലൂക്ക് ആശുപത്രികളില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പരിശോധന നടത്തി. സിപിഎം നേതാവ് എം എം മണി എംഎല്‍എയുടെ മണ്ഡലത്തിലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി പുറത്തു നിന്ന് സന്ദര്‍ശിച്ച് മടങ്ങി. മണിയെ മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ എം എം മണിയും മറ്റ് എല്‍ഡിഎഫ് നേതാക്കളും എത്തിയിരുന്നില്ല.

ഗാസയിലെ ആശുപത്രിക്കുനേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സാധാരണക്കാരെ കൊന്നൊടുക്കുന്നതു സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാവില്ലെന്നും സിപിഎം.

മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ എന്‍എസ് ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോട് സ്വദേശി പി വി മനേഷിന് വീട് നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി പതിച്ച് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പുഴാതി വില്ലേജില്‍ അഞ്ചു സെന്റ് ഭൂമി നല്‍കാനാണു മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

മണ്ണു മാഫിയയുമായി ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി. ഏഴു പോലീസ് ഉദ്യോഗസ്ഥരെ എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍ സസ്പെന്‍ഡ് ചെയ്തു. 10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് കറന്തക്കാട് മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനില്‍കുമാറിന്റെ മകനും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുമായ എസ്. മന്‍വിത്ത്(15) ആണ് മരിച്ചത്.

അടിമാലിയില്‍ പ്രവാസി വ്യവസായിയെ വാഹനമിടിച്ച് കൊലപെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍. പ്രവാസി വ്യവസായി ഷമി മുസ്തഫയെ കൊല്ലാന്‍ ശ്രമിച്ചതിന് പാലക്കാട് സ്വദേശികളായ ഫാസില്‍, അമീര്‍ അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഷെമി മുസ്തഫയുടെ മുന്‍ ബിസിനസ് പങ്കാളി നല്‍കിയ ക്വട്ടേഷനെന്നാണ് പ്രതികള്‍ പൊലീസിനു മൊഴി നല്‍കിയത്.

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്നും 20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിന്‍ പിടികൂടി. വിവേക് എക്സ്പ്രസ്സ് ട്രെയിനിലെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് മാരകലഹരിമരുന്നായ ഹെറോയിന്‍ കണ്ടെത്തിയത്.

കൊച്ചി നഗരത്തിലെ ഓയോ റൂമുകളില്‍ പൊലീസ് പരിശോധന. 52 ഓയോ റൂമുകളിലാണ് പരിശോധന നടത്തിയത്. തൃക്കാക്കരയിലെ ഒരു ഓയോ റൂമില്‍നിന്നു കഞ്ചാവും തോക്കുമായി രണ്ടുപേര്‍ പിടിയിലായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് 60 വര്‍ഷം കഠിന തടവ്. ഐരൂര്‍ സ്വദേശിയായ 45 കാരനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറു കിലോ സ്വര്‍ണം പിടികൂടി. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശ്രീലങ്കന്‍ പൗരന്‍മാരായ 10 സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഒരു തമിഴ്നാട് സ്വദേശിയും പിടിയിലായത്.

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മുന്‍ധാരണയനുസരിച്ചു രാജിക്കു തയ്യാറാകാതിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരക്കു സമീപം കാരോട് പഞ്ചായത്ത് പ്രസിഡന്റ് എം രാജേന്ദ്രന്‍ നായരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. രണ്ടര വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാല്‍ രാജിവെക്കണമെന്നായിരുന്നു ധാരണ.

വിദ്യാഭ്യാസ രംഗത്ത് സഹകരിക്കുന്നതിനുള്ള ചര്‍ച്ചകളുമായി ഫിന്‍ലാന്‍ഡ് സംഘം കേരളത്തില്‍. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു.

സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം. നേമം ശാന്തിവിള താലൂക്ക് ആശുപത്രിക്ക് 22.24 കോടി, മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രിക്ക് 17.50 കോടി, ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് 10.80 കോടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവ്. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ മുന്‍ ബെഞ്ച് ക്ലര്‍ക്ക് മറ്റൂര്‍ സ്വദേശി മാര്‍ട്ടിനെയാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

പോക്സോ കേസ് പ്രതി കോടതി വളപ്പില്‍ കൈവിലങ്ങുകൊണ്ട് തലയ്ക്കിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനെതിരെ ആത്മഹത്യാശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കുശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

കായംകുളത്തു സിപിഎം പ്രവര്‍ത്തകന്റെ ഹോട്ടല്‍ അടിച്ചു തകര്‍ത്ത ഡിവൈഎഫ്ഐ നേതാവിന് സസ്പെന്‍ഷന്‍. കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയുമായ പ്രേംജിത്തിനെയാണു സസ്പെന്‍ഡ് ചെയ്തത്.

മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. നിലമ്പൂരില്‍നിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന പാസഞ്ചറിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റു ബോഗികള്‍ ഘടിപ്പിച്ചിരുന്നില്ല.

വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി വേണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചു. യൂട്യൂബ്, എക്‌സ്, മെറ്റ, ഷെയര്‍ ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. വീഡിയോകളുടെ മുകളിലായി ന്യൂസ് നോട്ട് വെരിഫൈഡ് എന്ന് രേഖപ്പെടുത്തണമെന്നു കേന്ദ്രം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് , ലോ കീ ക്യാമ്പയിന്‍ ചിട്ടികളുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് ദി റസിഡന്‍സി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉച്ചക്ക് രണ്ടിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് നിര്‍വ്വഹിക്കും. കെഎസ്എഫ്ഇയുടെ ഔദ്യോഗിക എഫ്ബി പേജില്‍ നറുക്കെടുപ്പിന്റെ ലൈവ് സംപ്രക്ഷേപണം ഉണ്ടായിരിക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്. കെ. സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രധാനമന്ത്രിക്കും അദാനിക്കുമെതിരേ ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എയില്‍പോലും അഴിമതിയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ . നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തിലാണ്. നാഷനല്‍ ഹെറാള്‍ഡിനെക്കുറിച്ചോ റോബര്‍ട്ട് വധേരയുടെ അഴിമതിയെക്കുറിച്ചോ രാഹുല്‍ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഘഗഡ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. ആകെ 90 മണ്ഡലങ്ങളാണ് ഛത്തീസ്ഗഡിലുള്ളത്.

ഐസിഐസിഐ ബാങ്കിന് ആര്‍ബിഐയുടെ 12.2കോടി രൂപയുടെ പിഴശിക്ഷ. വായ്പാ നിയമങ്ങള്‍ ലംഘിച്ചതിനും തട്ടിപ്പു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനുമാണ് പിഴ.

ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ ആപ്പ് ആയ ബോബ് വേള്‍ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. 11 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ അടക്കമുള്ളവരാണ് സസ്പെന്‍ഷനിലായത്. വഡോദര റീജണിലുള്ളവരാണ് നടപടിക്കു വിധേയരായത്.

മധ്യേഷ്യയിലെ സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി നരേന്ദ്ര മോദി. ഗാസയിലെ ആശുപത്രിയിലെ മരണം ഞെട്ടിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. ബ്രസീലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ യുഎന്‍ സുരക്ഷാ സമിതിയിലെ 12 അംഗങ്ങള്‍ അനുകൂലിച്ചു. റഷ്യയും ബ്രിട്ടണും വിട്ടുനിന്നു.

പശ്ചിമേഷ്യയില്‍ സമാധാനം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികള്‍ സമാധാനത്തിന്റെ പക്ഷത്താകണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ഈ മാസം 27 നു പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ഇതരമതവിശ്വാസികളെയും അദ്ദേഹം ക്ഷണിച്ചു.

ഇന്ധനം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി 50 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

സംസ്ഥാന സ്‌കൂള്‍ മീറ്റിലെ വേഗമേറിയ താരങ്ങളായി പാലക്കാടിന്റെ അഭിറാമും താരയും. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.അഭിറാമും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.താരയും ഒന്നാമതെത്തി.

2023 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപ സമ്മാനത്തുകയായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും സമ്മാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലാണ്ടിന് 149 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 139 റണ്‍സിന് എല്ലാവരും പുറത്തായി.

എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സി ലിമിറ്റഡും തമ്മിലുള്ള ലയനത്തിനുശേഷമുള്ള ആദ്യ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ബാങ്കിന്റെ അറ്റാദായം 15,976 കോടി രൂപയായി. 51ശതമാനം വര്‍ദ്ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 10,605 കോടി രൂപയായിരുന്നു അറ്റാദായം. ലയന ശേഷമുള്ള പ്രഖ്യാപനമായതിനാല്‍ കഴിഞ്ഞ വര്‍ഷത്തേതുമായി പല കണക്കുകളും താരതമ്യം ചെയ്യാന്‍ കഴിയില്ല. 14,000 മുതല്‍ 15,000 കോടി രൂപ അറ്റാദായം ഉണ്ടാകുമെന്ന നിരീക്ഷകരുടെ വിലയിരത്തല്‍ മറികടന്ന ലാഭമാണ് ഉണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റ പലിശ വരുമാനം 6.7 വര്‍ദ്ധിച്ച് 27,385 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തനലാഭം 31 ശതമാനം ഉയര്‍ന്ന് 22,694 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് അറ്റ വരുമാനം 114 ശതമാനം ഉയര്‍ന്ന് 66,317 കോടി രൂപയായെന്നും ബാങ്ക് മേധാവികള്‍ അറിയിച്ചു. ആകെ നിക്ഷേപം സെപ്തംബറില്‍ അവസാനിക്കുന്ന പാദത്തില്‍ 30 ശതമാനം ഉയര്‍ന്ന് 21,72,858 കോടി രൂപയിലെത്തി. വാര്‍ഷിക അടിസ്ഥാനത്തില്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിയില്‍ 1.34 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.24 ശതമാനമായിരുന്നു. അതേസമയം ഈ വര്‍ഷം ജൂണ്‍പാദത്തില്‍ ഇത് 1.17 ശതമാനത്തിലായിരുന്നു. മുന്‍ പാദത്തിലെ 0.30 ശതമാനത്തില്‍ നിന്ന് 0.35 ശതമാനമായി ബാങ്കിന്റെ അറ്റ ??നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നിട്ടുണ്ട്. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ രണ്ടാം പാദത്തില്‍ 3.4 ശതമാനമായി.

ബേസില്‍ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘ഫാലിമി’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കോമഡി- എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ബേസില്‍ ജോസെഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീന രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നിതീഷ് സഹദേവും, സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബബ്ലു അജു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്. ജാനേ മന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും, അമല്‍ പോള്‍സണും ചേര്‍ന്നാണ് ഫാലിമി നിര്‍മ്മിക്കുന്നത്.

പൊറിഞ്ചു മറിയം ജോസ് എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം ജോഷി- ജോജു ജോര്‍ജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ആന്റണി’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സാത്താന്‍ ആന്റണിയുടെ മാസ് പ്രകടനം സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് ടീസറില്‍ നിന്നും മനസിലാവുന്നത്. ജോജു ജോര്‍ജിനെ കൂടാതെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്ല്യാണി പ്രിയദര്‍ശന്‍, വിജയരാഘവന്‍, ആശ ശരത്ത്, അപ്പാനി ശരത്ത് തുടങ്ങീ താരങ്ങളും ആന്റണിയില്‍ അണിനിരക്കുന്നു. പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് ആന്റണി. മാസ്- ആക്ഷന്‍ ഴോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ഹീറോ മോട്ടോകോര്‍പ്പ് ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തുടനീളം ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിളിന്റെ വിതരണം ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാര്‍ലി-ഡേവിഡ്സണും തിരഞ്ഞെടുത്ത ഹീറോ മോട്ടോകോര്‍പ് ഔട്ട്ലെറ്റുകളും ഉള്‍പ്പെടെ 100 ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിളുകളുടെ മെഗാ ഡെലിവറി നടത്തി. രാജസ്ഥാനിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് പുതിയ ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440 നിര്‍മ്മിക്കുന്നത്. 2023 ജൂലൈയില്‍ അനാച്ഛാദനം ചെയ്തതിനുശേഷം, ഒരു മാസത്തിനുള്ളില്‍ 25,000-ത്തിലധികം ബുക്കിംഗുകള്‍ എക്‌സ്440 ന് ലഭിച്ചു. 100 ഡീലര്‍ഷിപ്പുകളിലായി രണ്ട് ദിവസത്തിനുള്ളില്‍ 1000 മോട്ടോര്‍സൈക്കിളുകള്‍ കമ്പനി വിതരണം ചെയ്തു. പുതിയ ഹാര്‍ലി മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 2.39 ലക്ഷം രൂപ, 2.59 ലക്ഷം രൂപ, 2. 79 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില.

അന്യായമായ ഒരു ഉടമ്പടി അടിച്ചേല്‍പ്പിച്ച് അമേരിന്ത്യക്കാരുടെ ഭൂമി പിടിച്ചെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധിയോടും സംഘത്തോടും അമേരിന്ത്യന്‍ മൂപ്പന്‍ സിയാറ്റില്‍ നടത്തിയ പ്രഭാഷണം നൂറ്റിയെണ്‍പതോളം വര്‍ഷങ്ങള്‍ക്കു ശേഷവും പ്രകൃതിയെയും മനുഷ്യനെയും നീതിയെയും സ്നേഹിക്കുന്നവര്‍ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്ന ചരിത്രരേഖയാണ്. വാഗ്മാധുര്യവും അര്‍ത്ഥഗാംഭീര്യവും ഒന്നുചേര്‍ന്ന്, കളകളാരവമുയര്‍ത്തിയൊഴുകുന്ന കാട്ടാര്‍പോലെ മൂപ്പന്റെ അനശ്വരമായ പ്രഭാഷണം പ്രവഹിക്കുന്നു. പ്രഭാഷണത്തിന്റെയും പിന്നീടുണ്ടായ ചലച്ചിത്രഭാഷ്യത്തിന്റെയും പരിഭാഷയും ഇംഗ്ലീഷ് മൂലവും ഈ പുസ്തകത്തില്‍ ലഭിക്കുന്നു; കൂടാതെ അമേരിന്ത്യന്‍ ജീവിതങ്ങളെപ്പറ്റി ബ്രാഡ്ലി സര്‍വ്വകലാശാലയിലെ പ്രൊഫ. തോമസ് പാലക്കീല്‍ തയ്യാറാക്കിയ പ്രൗഢമായ പഠനവും. ‘സിയാറ്റില്‍ മൂപ്പന്റെ പ്രഭാഷണം’. പരിഭാഷ – സക്കറിയ. ചിത്രീകരണം – ദേവപ്രകാശ്. മാതൃഭൂമി. വില 153 രൂപ.

മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിച്ച് കളയും. ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം.ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ സാക്കറിന്‍, സുക്രലോസ്, അസ്പാര്‍ടൈം തുടങ്ങിയ പ്രധാന കൃത്രിമ മധുരകാരികള്‍ ചെറുകുടലിലെ ഇ. കോളി, ഇ. ഫെക്കാലിസ് എന്നീ ബാക്റ്റീരിയകളിലുണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. കൃത്രിമ മധുരം ചെറുകുടലിലെ ബാക്റ്റീരിയകളെ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് മുന്‍പും പഠനങ്ങള്‍ നടന്നിട്ടുണ്ട്. ചെറുകുടലിലെ ബാക്ടീരിയകളെ രോഗകാരികളാക്കി മാറ്റാനുള്ള ശേഷി ഇത്തരം കൃത്രിമ മധുരത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം വിശദീകരിക്കുന്നത്. രോഗകാരികളായി മാറുന്ന ഈ ബാക്റ്റീരിയകള്‍ക്ക് കുടലിന്റെ ഭിത്തിയിലെ എപ്പിത്തീലിയല്‍ കോശങ്ങളായ കാക്കോ-2 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നു. കുടല്‍ഭിത്തി ഭേദിച്ച് പുറത്തുകടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചുകൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ പൂന്തോട്ടത്തിലെ റോസാച്ചെടിയുടെ സൗന്ദര്യത്തെ മറ്റെല്ലാ ചെടികളും വാഴ്ത്തിപ്പാടി. ഇത് അവളെ അഹങ്കാരിയാക്കിമാറ്റി. മറ്റെല്ലാ ചെടികളിലും അവള്‍ കുറ്റം കണ്ടെത്താന്‍ തുടങ്ങി. ഒരിക്കല്‍ അവള്‍ കളളിമുള്‍ച്ചെടിയോട് പറഞ്ഞു: എന്തൊരു വൃത്തികെട്ട രൂപമാണ് നിന്റേത്. കള്ളിച്ചെടി ഒന്നുംപറയാതെ തലകുനിച്ചു നിന്നു. വേനല്‍ക്കാലമായി. കുരുവികള്‍ കൂട്ടമായി വന്ന് കളളിച്ചെടിയെ കൊത്തി വെളളമെടുക്കാന്‍ തുടങ്ങി. ഇത് കണ്ട് റോസാച്ചെടിക്ക് കൗതുകമായി. അവള്‍ ചോദിച്ചു: കൊത്തുമ്പോള്‍ ചെടിക്ക് വേദനിക്കില്ലേ? ഇത് കേട്ട് വന്‍മരം പറഞ്ഞു: തീര്‍ച്ചയായും. പക്ഷേ, കുരുവികള്‍ ദാഹിച്ചുവലയാന്‍ കളളിമുള്‍ച്ചെടി ആഗ്രഹിക്കുന്നില്ല. കള്ളിച്ചെടിയെ കളിയാക്കിയതില്‍ അവള്‍ക്ക് മനഃസ്താപം തോന്നി. ഓരോ ജീവിതത്തിനും ഒരോ നിയോഗമുണ്ട്. ചിലത് പുഷ്പിക്കും, ചിലത്കായ്ക്കും, മറ്റുചിലത് തണലേകും. നമുക്ക് ചുറ്റിലും പുല്ലും കുറ്റിച്ചെടിയും വന്‍മരവുമെല്ലാമുണ്ട്. ആരാണ് മെച്ചം, ആരാണ് മോശം എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. പുല്ല് ചെയ്യുന്നത് ചെടികള്‍ക്ക് ചെയ്യാനാകില്ല. വള്ളിപ്പടര്‍പ്പിനാകുന്നത് വന്‍വൃക്ഷങ്ങള്‍ക്കും സാധിക്കില്ല. എല്ലാവരും മുന്നോട്ടായുന്നത് തങ്ങളുടേതായ ദൗത്യങ്ങളിലൂടെയാണ്. വരളുന്ന സമയവും വളരുന്ന സമയവും എല്ലാവര്‍ക്കുമുണ്ട്. ഇലപൊഴിയും കാലവും പൂക്കാലവുമുണ്ട്. താന്‍ ആരാണ് എന്നതിനേക്കാള്‍ പ്രാധാന്യമുണ്ട് താന്‍ എന്തിനൊക്കെ ഉപകരിക്കുന്നു എന്ന വിചിന്തനത്തിന്. വിരിഞ്ഞുനില്‍ക്കുന്ന എല്ലാപൂക്കളും അലങ്കാരത്തിനുപയോഗിക്കുന്നില്ല,. കായ്ചുനില്‍ക്കുന്ന എല്ലാകനികളും ഭക്ഷ്യയോഗ്യവുമല്ല.. എന്നാലും ഏതെങ്കിലുമൊക്കെ ജൈവദൗത്യം അവയും നിര്‍വ്വഹിക്കുന്നുണ്ട്. വിടവാങ്ങുന്നതിന് മുമ്പ് ഓരോരുത്തരും പൂര്‍ത്തിയാക്കേണ്ട കര്‍മ്മപദ്ധതികളുണ്ട്. അതവര്‍ക്കുമാത്രമേ പൂര്‍ണ്ണമാക്കാനാകൂ.. എല്ലാവര്‍ക്കും എല്ലാറ്റിനും വിലയുണ്ട് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *